Daily Reflection

ഏപ്രിൽ 11: ദൈവവുമായുള്ള ബന്ധം

നമ്മുടെ പ്രാർത്ഥനകളും ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ ആഴമുള്ളതാക്കാനുള്ള അവസരങ്ങളാണ്

ഇന്നത്തെ ദിവ്യബലിയിൽ യോഹന്നാൻ 8:51-59 ആണ് നാം വായിച്ചുകേൾക്കുന്നത്. യേശുവും പിതാവും തമ്മിലുള്ള ബന്ധത്തെച്ചുറ്റിപ്പറ്റിയുള്ള സംവാദമാണ് ഈ ഭാഗത്തുമുള്ളത്. എട്ടാം അധ്യായം 31-ആം വാക്യത്തിൽ നാം കണ്ടത്, “തന്നിൽ വിശ്വസിച്ച യഹൂദരോട്” യേശു സംഭാഷണം നടത്തുന്നതാണ്. എന്നാൽ 59-ആം വാക്യമാകുമ്പോഴേക്കും “അവർ അവനെ എറിയാൻ കല്ലുകളെടുത്തു” എന്ന് നാം വായിക്കുന്നു. ഇവിടെ യേശുവിന്റെ കേൾവിക്കാരിൽ ഒരു രൂപാന്തരം സംഭവിക്കുന്നു: യേശുവിലുള്ള വിശ്വാസത്തിൽ നിന്നും യേശുവിനോടുള്ള വിദ്വേഷത്തിലേക്കും, വെറുപ്പിലേക്കുമുള്ള രൂപാന്തരം. മറ്റു പല സുവിശേഷഭാഗങ്ങളിലും, യേശു തന്റെ ശ്രോതാക്കളെ ക്രമാനുഗതമായി വിശ്വാസത്തിന്റെ ആഴത്തിലേക്ക് നയിക്കുന്നത് നാം കണ്ടിട്ടുള്ളതാണ്. എന്നാൽ, ഇവിടെ നടക്കുന്നത് മറ്റൊന്നാണ്. ഇവിടെയുള്ള സംഭാഷണങ്ങളുടെയെല്ലാം സത്ത എന്ന് പറയുന്നത് ‘യേശുവിന് പിതാവുമായുള്ള ബന്ധമാണ്’. തന്റെ ശ്രോതാക്കൾ തനിക്കെതിരെ തിരിയുന്നു എന്ന് മനസ്സിലാക്കി തന്ത്രപരമായി തന്റെ പ്രഭാഷണം മയപ്പെടുത്താൻ യേശു ശ്രമിക്കുന്നില്ല.

സത്യമെന്തോ അത് യേശു ജനങ്ങളെ പഠിപ്പിക്കുന്നു. കാരണം, യേശു താൻ പറയുന്ന കാര്യങ്ങളുടെ സത്യത്തെക്കുറിച്ച് ബോദ്ധ്യവാനാണ്. തന്നെ പിതാവ് അയച്ചതാണെന്നും, താൻ പിതാവിന്റെ പ്രവൃത്തികളാണ് ചെയ്യുന്നതെന്നുമുള്ള ബോധ്യം ഊട്ടിയുറപ്പിക്കുന്ന നിമിഷങ്ങളാണ് യേശുവിന്റെ മലമുകളിലുള്ള പ്രാർത്ഥനകളെന്ന് സമാന്തര സുവിശേഷങ്ങളിൽ വളരെ പ്രത്യേകിച്ച് വിശുദ്ധ ലൂക്കയുടെ സുവിശേഷത്തിൽ നിന്നും നമുക്ക് മനസ്സിലാക്കാവുന്നതാണ്.

നമ്മുടെ പ്രാർത്ഥനകളും ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ ആഴമുള്ളതാക്കാനുള്ള അവസരങ്ങളാണ്. പ്രാർത്ഥനയിൽ നിന്നും ലഭിക്കുന്ന, ദൈവവുമായുള്ള ബന്ധത്തിന്റെ ബോധ്യങ്ങളാണ് നമ്മുടെ അനുദിനജീവിതത്തിലെ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും ധൈര്യപൂർവം നേരിടാൻ നമ്മെ പ്രാപ്തരാക്കുന്നത്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker