ഇന്നത്തെ സുവിശേഷം യോഹന്നാൻ 8:31-42 ആണ്. ഇവിടെയും നാം ശ്രവിക്കുന്നത് യേശുവും പിതാവുമായുള്ള ബന്ധത്തെകുറിച്ചാണ്. പിതാവ് അയച്ചവനായ യേശുവിന്റെ വചനങ്ങൾ സ്വീകരിക്കാനും അതനുസരിച്ചു ജീവിക്കാനും ഇന്നത്തെ സുവിശേഷഭാഗത്തിലൂടെ തിരുസ്സഭ നമ്മെ ക്ഷണിക്കുന്നു. യേശു ആരോടാണ് ഈ വചനങ്ങൾ അരുൾചെയ്യുന്നത് എന്നത് ശ്രദ്ധേയമാണ്. “ഇത് പറഞ്ഞപ്പോൾ വളരെപ്പേർ അവനിൽ വിശ്വസിച്ചു” എന്ന് യോഹ 8:30-ൽ നാം കാണുന്നുണ്ട്. 31-ആം വാക്യത്തിൽ, “തന്നിൽ വിശ്വസിച്ച യഹൂദരോട്” ആണ് യേശു സംസാരിക്കുന്നത് എന്ന് സുവിശേഷകൻ രേഖപ്പെടുത്തുന്നു. എന്നാൽ തുടർന്ന് വരുന്ന വാക്യങ്ങളിൽ “നിങ്ങൾ എന്നെ കൊല്ലാൻ ആലോചിക്കുന്നു” എന്ന് യേശു അവരെക്കുറിച്ച് പറയുന്നതാണ് നാം കാണുന്നത്. അതായത്, കേവലം ഉപരിപ്ലവമായ വിശ്വാസമുള്ളവരോടാണ് യേശു സംസാരിക്കുന്നത്. അതുകൊണ്ടാണ് മുപ്പത്തൊന്നാം വാക്യത്തിൽ, ഉപരിപ്ലവമായ വിശ്വാസമുള്ളവരെ തന്റെ ശിഷ്യത്വത്തിലേക്കു ആഴപ്പെടാൻ വിളിക്കുന്നത്. യേശു പറയുന്നു: “എന്റെ വചനത്തിൽ നിലനിൽക്കുമെങ്കിൽ നിങ്ങൾ യഥാർത്ഥത്തിൽ എന്റെ ശിഷ്യരാണ്”. യഥാർത്ഥമായ വിശ്വാസത്തിന്റെ ലക്ഷണം യേശുവിന്റെ വചനത്തിൽ നിലനിൽക്കുക എന്നതാണ്.
വചനത്തിൽ നിലനിൽക്കുന്നവർക്കുള്ള വാഗ്ദാനങ്ങൾ മൂന്നാണ്: നമുക്ക് യഥാർത്ഥത്തിലുള്ള ശിഷ്യരാകാൻ സാധിക്കുന്നു, സത്യം അറിയാൻ സാധിക്കുന്നു, സത്യം നമ്മെ സ്വതന്ത്രരാക്കുന്നു.
ഒരു ശിഷ്യൻ ഗുരുവിൽ നിന്നും പഠിക്കുന്നവനാണ്. ഈ പഠനം വെറും ബുദ്ധിയുടെ തലത്തിൽ മാത്രം ഒതുങ്ങുന്നതല്ല, അനുഭവത്തിലൂടെയുള്ള പഠനമാണത്. നമുക്കുണ്ടായിരുന്ന ഗുരുകുല സമ്പ്രദായം പോലെയുള്ള ഒന്നായിരുന്നു യേശുവിന്റെ കാലത്തെ ഗുരു-ശിഷ്യ ബന്ധവും. ഗുരുവിന്റെ പഠനങ്ങൾ മാത്രമല്ല ശിഷ്യൻ സ്വായത്തമാക്കിയിരുന്നത്, ഗുരുവിന്റെ ചിന്താരീതികളും ജീവിതരീതികളും
തന്നെയായിരുന്നു.
ഗുരു എങ്ങനെയോ അങ്ങനെ തന്നെ ശിഷ്യനും. ഗുരുവിനെപ്പോലെ ആയിത്തീരുക എന്നതാണ് ശിഷ്യന്റെ ലക്‌ഷ്യം. ഇത് തന്നെയാണ് യേശുവും ആവശ്യപ്പെടുന്നത്. യേശുവിന്റെ ശിഷ്യരും യേശുവിൽ നിന്നും പഠിക്കുകയും യേശുവിനെപ്പോലെ ആയിത്തീരുകയും ചെയ്യണം. അതിനു സാധിക്കണമെങ്കിൽ യേശുവിന്റെ വചനത്തിൽ നിലനിൽക്കണം.