Daily Reflection

ഏതാണ് പ്രധാനം: വിലകെട്ട അപ്പമോ? കരുതലിന്റെ അപ്പമോ?

ദൈവം ശിക്ഷിക്കുന്നതല്ല, ദൈവത്തിനെതിരെ, അവിടുത്തെ രക്ഷയ്ക്കെതിരെ തിരിയുമ്പോൾ അവിടുത്തെ രക്ഷിക്കുന്ന കരം പിൻ‌വലിക്കുന്നു...

“ഞാൻ പോകുന്നിടത്തേക്കു നിങ്ങൾക്കു വരാൻ കഴിയുകയില്ല” (യോഹ. 8:22). യേശു അവനിൽ വിശ്വസിക്കാത്തവരോടാണ് ഇങ്ങനെ പറയുന്നത്. അപ്പോൾ ആർക്കാണ് അവനെ അനുഗമിക്കാൻ കഴിയുന്നത്? ദൈവത്തെയും അവിടുന്ന് അയച്ചവനെയും വിശ്വസിക്കുന്നവർക്ക്. വിശ്വസിക്കാത്തവന് അനുഗമിക്കാൻ സാധിക്കില്ലല്ലോ. അങ്ങിനെ അനുഗമിക്കാത്തവർ പാപത്തിൽ മരിക്കുമെന്നുകൂടി യേശു കൂട്ടിച്ചേർക്കുന്നു.

എങ്ങിനെയാണ് പാപം മരണത്തിലേക്ക് നയിക്കുന്നതെന്ന് സംഖ്യ 21:4-9-ൽ വ്യക്തമായി പഠിപ്പിക്കുന്നു. ഈജിപ്തിന്റെ അടിമത്വത്തിൽ നിന്നും പുറത്തുവന്ന ജനം ദൈവത്തിനും മോശയ്ക്കുമെതിരായി സംസാരിക്കുന്നു. വചനം പറയുന്നത്, “യാത്രാമദ്ധ്യേ ജനം അക്ഷമരായി” (സംഖ്യ 21:4 b) എന്നാണ്. ‘അക്ഷമരായി’ എന്ന വാക്കിന് ഉപയോഗിച്ചിരിക്കുന്ന മൂലപദം പുറപ്പാട് 6:9-ൽ ജനങ്ങളുടെ മനസിന്റെ അവസ്ഥ വിവരിക്കാൻ ഉപയോഗിച്ചിരുന്ന അതെ പദം തന്നെയാണ്. അവിടെ ദൈവത്തിന്റെ സന്ദേശവുമായി ഈജിപ്തിലേക്കുപോയ മോശയുടെ വാക്കുകൾ കേട്ടിട്ട് ജനം ചെവികൊണ്ടില്ല. അവിടെ വചനം പറയുന്നതിങ്ങനെയാണ്, “മനോവ്യഥയും ക്രൂരമായ അടിമത്ത്വവും നിമിത്തം അവർ അവന്റെ വാക്കുകൾ ശ്രദ്ധിച്ചില്ല” (പുറ. 6:9). കാരണം അവർ ദൈവത്തിന്റെ വാഗ്ദാനത്തിനു ചെവികൊടുത്തില്ല, അവരുടെ അദ്ധ്വാനവും കഷ്ടപ്പാടുകളും മാത്രം കാണാൻ അവർക്കു സാധിച്ചുള്ളൂ. വേറെ അർത്ഥത്തിൽ പറഞ്ഞാൽ യാത്രയ്ക്കുശേഷമുള്ള വാഗ്ദാനത്തിന്റെ മാധുര്യം അനുഭവിക്കാൻ അവർക്കു കഴിഞ്ഞില്ല.
സംഖ്യ 21:4-9-ലും ജനം ആവലാതിപ്പെടുന്നു, വെള്ളവും ആഹാരവും ഇല്ലായെന്നാണ് അവരുടെ പരാതി. പക്ഷെ അവർക്കു പാറയിൽ നിന്നും ജലവും ആകാശത്തിൽനിന്നും മന്നായും ലഭിച്ച തൊട്ടുപിന്നാലെയായിരുന്നു അവരുടെ പരാതി. അപ്പോൾ ജനങ്ങളുടെ ആവലാതി വെറും അതിശയോക്തിയാണ്.

അവരുടെ ആവലാതിയ്ക്കു പിന്നിലുള്ള കാരണം അവർ ആഗ്രഹിച്ച ജലവും അപ്പവും ലഭിച്ചില്ലായെന്നാണ് അനുമാനിക്കേണ്ടത്. അടിമത്വത്തിൽ ആയിരുന്നപ്പോൾ കിട്ടിയിരുന്ന ഇറച്ചിപാത്രത്തെ സ്വപ്നം കാണുന്ന ജനം. മോശ അവരെ ഈജിപ്തിന്റെ അടിമത്വത്തിൽ നിന്നും കൊണ്ട് വന്നു, പക്ഷെ ഈജിപ്തിൽ അനുഭവിച്ചിരുന്ന സുഖങ്ങളുടെ രസത്തിൽ നിന്നും അവർ മോചിതരായിരുന്നില്ല. മോശയ്ക്കു അവരെ ഈജിപ്തിൽ നിന്നും കൊണ്ടുവരാൻ സാധിച്ചു, പക്ഷെ അവരുടെ മനസ്സിൽ നിന്നും ഈജിപ്തിനെ പുറത്തുകൊണ്ടുവരാൻ സാധിച്ചില്ല. ആ സുഖങ്ങളുടെ ഓർമ്മകളിൽ ജീവിച്ച ജനം, ദൈവത്തിന്റെ കരുതലിന്റെ മന്നയെ പുച്ഛിക്കുന്നു. ദൈവത്തിന്റെ മന്നയെ വിലകെട്ട അപ്പം എന്നാണ് അവർ വിളിക്കുന്നത്. ‘വിലകെട്ട അപ്പം’ അപ്പം എന്ന വാക്കിനു ഉപയോഗിച്ച പദം ‘ശപിക്കപ്പെട്ട അപ്പം’ എന്നാണ്. രക്ഷയുടെയും കരുതലിന്റെയും അപ്പം നശ്വരമായ സുഖത്തിന്റെ ഓർമ്മകൾക്കുമുന്നിൽ ശപിക്കപ്പെട്ട അപ്പമായി മാറി. ദൈവത്തിന്റെ അനുഗ്രഹത്തിനുമുന്നിൽ മറുതലിച്ചപ്പോൾ അവിടുത്തെ രക്ഷയുടെ കാര്യങ്ങൾ അവരിൽ നിന്നും പിൻവലിച്ചു. ശിക്ഷ വരുന്നത് അങ്ങിനെയാണ്. ദൈവം ശിക്ഷിക്കുന്നതല്ല, ദൈവത്തിനെതിരെ, അവിടുത്തെ രക്ഷയ്ക്കെതിരെ തിരിയുമ്പോൾ അവിടുത്തെ രക്ഷിക്കുന്ന കരം പിൻ‌വലിക്കുന്നു, അത് ശിക്ഷകന്റെ പ്രവർത്തനത്തിനുള്ള സമയമായി മാറുന്നു. അതുകൊണ്ടുതന്നെയാണ് ഇവിടെ ആഗ്നേയ സർപ്പത്തിന്റെ രൂപത്തിൽ ശിക്ഷ കടന്നുവരുന്നത്. സർപ്പം പാപത്തിന്റെ അടയാളമാണ്. അഗ്നി പുറപ്പെടുന്ന നാവുകൾ ഉള്ള സർപ്പങ്ങൾ എന്നർത്ഥത്തിൽ അല്ല ഇവിടെ ആഗ്നേയ സർപ്പത്തെ കാണിക്കുന്നത്, പാപത്തിന്റെ ഫലം അനുഭവിച്ചവർക്കു അത് ഒരു അഗ്നിയിൽ കിടക്കുന്ന അനുഭവമായി മാറിയെന്ന അർത്ഥമാണ് അതിനുള്ളത്.

എന്നാൽ ജനം ഇവിടെയും അനുതപിക്കുന്നുണ്ട്, മോശ ദൈവത്തോട് മാദ്ധ്യസ്ഥം തേടുന്നുണ്ട്, പക്ഷെ ഇവിടെ മറ്റു സന്ദർഭങ്ങളിപോലെ ദൈവം ഉടനെ ഒരു അത്ഭുതം സൃഷ്ടിക്കുന്നില്ല. മറിച്ച്, അവരോരോരുത്തരോടും വ്യക്തിപരമായി ഒരു കാര്യം ചെയ്യാൻ ആവശ്യപ്പെടുന്നു. വിശ്വാസത്തോടെ മോശ ഉണ്ടാക്കിയ ആഗ്നേയ സർപ്പത്തിലേക്കു നോക്കുന്നവർ രക്ഷപ്പെടും. അത് ഓരോരുത്തർക്കുമുള്ള കർത്തവ്യമാണ്. രണ്ടു സാദ്ധ്യതകൾ ഉണ്ട് ഇനി അവരുടെ മുന്നിൽ. പഴയ ഓർമ്മകളിലെ സുഖങ്ങലേക്ക് നോക്കാം, അല്ലായെങ്കിൽ ആ ഓർമ്മകൾക്ക് മനസ്സിൽ മരണം കൊടുത്ത് രക്ഷയിലേക്ക് നോക്കാം. പിത്തള സർപ്പം ഇവിടെ മരിച്ച സർപ്പത്തിന്റെ ഓർമ്മയാണ്. എന്ന് പറഞ്ഞാൽ അതിലേക്കു നോക്കുന്നവന്റെ മനസ്സിലും രക്ഷയുടെ തടസ്സമായി നിൽക്കുന്ന ഓർമ്മകളും മരിയ്ക്കപ്പെടണം.

യോഹ. 8:28-ൽ യേശുവിൽ വിശ്വസിക്കാത്ത, അവനെ അയച്ച പിതാവിൽ വിശ്വസിക്കാത്ത ജനത്തോടും യേശു പറയുന്നത് കുരിശിൽ ഉയർത്തപ്പെട്ട മനുഷ്യപുത്രനെ നോക്കുവാനാണ്. കാരണം, കുരിശ് ശാപത്തിന്റെ അടയാളമാണ്, ആയതിനാൽ കുരിശിൽ മരിച്ചവനെ നോക്കുമ്പോൾ നമ്മൾ ഉപേക്ഷിച്ച തിന്മകൾ മാത്രമല്ല തിന്മകളുടെ ഓർമ്മകൾപോലും നമ്മുടെ ഉള്ളിലിന്റെ ഉള്ളിൽ മരിക്കപ്പെടണം. അവനിൽ നാം പുതു ജീവൻ പ്രാപിക്കണം. തിന്മയുടെ ഓർമ്മകളെ താലോലിക്കാൻ തുടങ്ങുമ്പോൾ രക്ഷയുടെ ഓർമ്മകൾ വിലകെട്ട മന്നപോലെയാകുമെന്ന ദുരന്തം ഓർക്കണമെന്ന് ക്രിസ്തു പഠിപ്പിക്കുന്നു. ക്രിസ്തുവിലൂടെ, അവന്റെ മരണത്തിലൂടെ തിന്മയുടെ ഓർമ്മകൾ അവസാനിച്ചുവെന്ന് ആഴമായി വിശ്വസിക്കുകയും ആശ്വസിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. അല്ലായെങ്കിൽ നമ്മോടും അവിടുന്ന് പറയും, ‘ഞാൻ പോകുന്നിടത്തേക്കു നിങ്ങൾക്കു വരാൻ കഴിയുകയില്ല’. അവൻ പോകുന്നിടം ഉയിർപ്പിന്റെ രക്ഷയിലേക്കാണ്, അവന്റെ വഴി കുരിശിന്റെ വഴിയാണ്, പാപത്തെ മരിച്ച് ഉയിർപ്പിന്റെ രക്ഷനൽകിയ കുരിശിന്റെ വഴി. നോമ്പിന്റെ അവസാന ദിവസങ്ങളിൽ ആയിരിക്കുന്ന നമുക്ക്, രക്ഷയുടെ അപ്പങ്ങൾക്കായി ആഗ്രഹിക്കാം, വിലകെട്ട അപ്പങ്ങളുടെ ഓർമ്മകളോട് വിടപറയാം.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker