എ.ആർ.റഹ്മാൻ ഈണങ്ങളുമായി വൈദികന്റെ സംഗീത ഉപഹാരം
'മദ്രാസ് മോസാർട്ടിന്റെ ഹൃദയരാഗങ്ങൾ' എന്ന പേരിൽ മനോഹരമായ ഒരു സംഗീത ഉപഹാരം...

സ്വന്തം ലേഖകൻ
എറണാകുളം: എ.ആർ.റഹ്മാന്റെ ഗൃഹാതുരത്വമുണർത്തുന്ന മെലഡികൾ ചേർത്ത് ‘മദ്രാസ് മോസാർട്ടിന്റെ ഹൃദയരാഗങ്ങൾ’ എന്ന പേരിൽ മനോഹരമായ ഒരു സംഗീത ഉപഹാരം സമർപ്പിച്ചിരിക്കുകയാണ് വിയന്നയിൽ സംഗീത വിദ്യാർത്ഥിയായിരിക്കുന്ന ഫാ.ജാക്സൺ സേവ്യർ. എ.ആർ.റഹ്മാന്റെ പ്രസിദ്ധമായ 5 ഈണങ്ങളുടെ സമാഹാരം പിയാനോയിൽ വായിച്ച് വയലിന്റെയും, ഫ്‌ളൂട്ടിന്റെയും അകമ്പടിയോടെ കമ്പോസ് ചെയ്തിരിക്കുന്ന വീഡിയോ, ജാക്സൺ സേവ്യർ എന്ന യൂട്യൂബ് ചാനലിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
ക്രിസ്തീയ ഭക്തിഗാന മേഖലവിട്ട് മറ്റു സംഗീത സരണിയിൽ പ്രവേശിക്കുവാൻ വൈദികർ വലിയ താൽപര്യം പ്രകടിപ്പിക്കാത്ത കാലത്താണ് ഫാ.ജാക്സൺ സേവ്യർ ‘മദ്രാസ് മോസർട്ടിന്റെ ഹൃദയരാഗങ്ങൾ’ എന്നപേരിൽ ഈ വീഡിയോ ഇറക്കിയിരിക്കുന്നത്. കുറച്ചു നാളുകൾക്കു മുൻപ് ഇദ്ദേഹം ജെറിൻ ജോസ് പാലത്തിങ്കൽ എന്ന വൈദികനുമായി ചേർന്ന് “I can’t breathe” എന്നപേരിൽ ഒരു ഗാനം ചെയ്തിരുന്നു. അമേരിക്കയിൽ പോലീസുകാരനാൽ കൊല്ലപ്പെട്ട ജോർജ് ഫ്ലോയ്ഡിനെ അനുസ്മരിക്കുന്ന ഒന്നാണിത്. അത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. മ്യൂസിക്കൽ കൺസേർട്ടുകൽ, സ്ട്രീറ്റ് പെർഫോമൻസുകൾ, പിയാനോ ട്യൂട്ടോറിയലുകൾ, മ്യൂസിക് മോട്ടിവേഷൻ ടോക്കുകൾ, ക്രിസ്തീയ ഭക്തിഗാനങ്ങൾ, ഗാനങ്ങളുടെ പിയാനോ കവർ… ഒക്കെ ഇദ്ദേഹം ചെയ്യുന്നുണ്ട്.
എ.ആർ.റഹ്മാന്റെ ആദ്യകാല ഈണങ്ങളാണ് അച്ചനെ പിയാനോ പഠനത്തിലേക്ക് ആകർഷിച്ചത്. അതിന്റെ ഓർമ്മയ്ക്കാണ് ഈ വീഡിയോ. മൂന്നാർ, ഇടുക്കി, കട്ടപ്പന, കുഴുപ്പിള്ളി ബീച്ച് എന്നിവിടങ്ങളിൽ പൂർത്തിയാക്കിയ ഈ വീഡിയോ ഒരു മെലഡി പോലെ തന്നെ ഹൃദ്യവും വീണ്ടും വീണ്ടും കാണുവാൻ പ്രേരിപ്പിക്കുന്നതുമാണ്.
സംഗീതം ദൈവീകമാണെന്നും അതിന്റെ ശക്തി ആത്യന്തികമായി മനുഷ്യനെ നവീകരിക്കുന്നതാണെന്നും വിശ്വസിക്കുന്ന ഈ വൈദികൻ, തന്റെ സംഗീതത്തിൽ പുതിയ പരീക്ഷണങ്ങൾ ഉണ്ടാവുമെന്ന് പറയുകയാണ്. ഓസ്ട്രിയയിലെ വിയന്നയിൽ കോറൽ കണ്ടക്ടിങ് പഠിക്കുന്ന ഫാ.ജാക്സൺ സേവ്യർ എറണാകുളം ചമ്പക്കര സ്വദേശിയാണ്.