Sunday Homilies

എന്റെ ജീവിതത്തിന് എന്തു പേര് നൽകണം?

എന്റെ ജീവിതത്തിന് എന്തു പേര് നൽകണം?

സ്നാപകയോഹന്നാന്റെ ജനനം 

ഒന്നാം വായന : ഏശയ്യ 49: 1-6
രണ്ടാം വായന : അപ്പൊ. പ്രവ.  13:22-26
സുവിശേഷം : വി. ലുക്കാ 1: 57-66, 80

ദിവ്യബലിക്ക് ആമുഖം

ഇന്ന് നാം വിശുദ്ധ സ്നാപക യോഹന്നാന്റെ ജനന തിരുനാൾ ആഘോഷിക്കുകയാണ്. തിരുസഭയിൽ പ്രധാനമായും മൂന്ന് തിരുനാളുകളാണ് ആഘോഷിക്കപ്പെടുന്നത്. ഒന്നാമതായി; നമ്മുടെ കർത്താവിന്റെ ജനനതിരുനാൾ – ക്രിസ്തുമസ്. രണ്ടാമതായി; പരിശുദ്ധ അമ്മയുടെ ജനനതിരുനാൾ – സെപ്റ്റംബർ 8. മൂന്നാമതായി; വിശുദ്ധ സ്നാപകയോഹന്നാന്റെ തിരുനാൾ.  മറ്റുള്ള വിശുദ്ധരുടെ തിരുനാളുകൾ അവരുടെ ചരമ ദിനവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഈ ജനന തിരുനാൾ ആഘോഷിക്കുന്നതിൽ നിന്ന് തന്നെ വി. സ്നാപക യോഹന്നാന് രക്ഷാകര ചരിത്രത്തിൽ എന്ത്മാത്രം പ്രാധാന്യമുണ്ടെന്ന് നമുക്ക് മനസിലാകും. “ഇതാ ലോകത്തിന്റെ പാപങ്ങൾ നിക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” എന്ന് പറഞ്ഞുകൊണ്ട് യേശുവിനെ ഈ ലോകത്തിന് വെളിപ്പെടുത്തിയത് സ്നാപക യോഹന്നാനാണ്. ഈ ദിവ്യ കുഞ്ഞാടിന്റെ വിരുന്നിന് പങ്കെടുക്കുവാനായി നമുക്കൊരുങ്ങാം.

ദൈവവചന പ്രഘോഷണ കർമ്മം

യേശുവിൽ സ്നേഹം നിറഞ്ഞ സഹോദരി സഹോദരന്മാരെ,

വി. സ്നാപകയോഹന്നാന്റെ നാമകരണം ഇന്നത്തെ സുവിശേഷത്തിലെ മുഖ്യ വിഷയമാണ്.
അക്കാലത്ത്, രണ്ടു രീതികളിലാണ് കുഞ്ഞുങ്ങൾക്ക് പേര് നൽകിയിരുന്നത്. ഒന്നുകിൽ, കുടുംബത്തിലും ബന്ധുക്കളിലും സുപരിചിതമായ പാരമ്പര്യം നിലനിറുത്തുന്ന ഏതെങ്കിലും ബന്ധുവിന്റെ പേര് നൽകുന്നു. അല്ലെങ്കിൽ, ഒരുവന്റെ വ്യക്തിപരമായ ദൈവാനുഭവത്തിന്റെ വെളിച്ചത്തിൽ അയാൾ കുഞ്ഞിന് പുതിയ പേര് നൽകുന്നു. സഖറിയാസ് തനിക്കും ഭാര്യ എലിസബത്തിനും സംഭവിച്ച ദൈവികാനുഭവത്തിന്റെയും അനുഗ്രഹത്തിന്റെയും വെളിച്ചത്തിൽ ദൈവദൂതൻ പറഞ്ഞത് പോലെ കുഞ്ഞിന് “യോഹന്നാൻ” അഥവാ “ദൈവം കരുണയുള്ളവൻ,  ദൈവം കൃപാലുവയവൻ” എന്ന പേര് നൽകുന്നു. ഈ നാമകരണം നമ്മെ ചിന്തിപ്പിക്കുന്നത്, നമ്മുടെ ജീവിതത്തിന് നാം എന്ത് പേര് നൽകുമെന്നാണ്. ഒന്നുകിൽ നമുക്ക് മറ്റുള്ളവർ ചെയ്തതുപോലെ പഴയ കാര്യങ്ങൾ അവർത്തിച്ചുകൊണ്ട് ഒരു മാറ്റവുമില്ലാതെ ജീവിക്കാം അല്ലെങ്കിൽ,  സഖറിയാസിനെ പോലെ ദൈവവുമായുള്ള വ്യക്തിപരമായ അനുഭവത്തിന്റെ വെളിച്ചത്തിൽ ജീവിതത്തിന് ഒരു പുതിയ പേര് നൽകാം. തിരുസഭയിൽ നാം ആദരിക്കുന്ന ഓരോ വിശുദ്ധരും അവരുടെ കാലഘട്ടങ്ങളിൽ തങ്ങളുടെ വ്യക്തിപരമായ ദൈവാനുഭവം ഈ ലോകത്തിന് കാഴ്ചവെച്ച് സ്വന്തം ജീവിതത്തിന് വിശുദ്ധമായ പുതിയൊരു പേര് നൽകിയവരാണ്.

ഇന്നത്തെ രണ്ടാം വായനയിൽ അന്ത്യോക്യയിലെ യഹൂദരോടുള്ള വിശുദ്ധ പൗലോസ് അപ്പോസ്തലന്റെ പ്രസംഗമാണ് നാം ശ്രവിച്ചത്. യേശു ദൈവപുത്രനാണെന്ന് സമർത്ഥിക്കുന്നതിന് വേണ്ടി, ഇസ്രായേൽ ജനത്തിന്റെ ചരിത്രം ചുരുക്കി പറഞ്ഞുകൊണ്ട്,   ദാവീദ് രാജാവിനെക്കുറിച്ചും ആ വംശത്തിലാണ് യേശു പിറന്നതെന്നും പ്രഖ്യാപിക്കുന്നു. ഈ വളരെ ചുരുങ്ങിയ ചരിത്ര വിവരണത്തിലും അപ്പോസ്തലൻ സ്നാപകയോഹന്നാന്റെ പേര് പരാമർശിക്കുന്നു. കാരണം, സ്നാപക യോഹന്നാൻ പഴയ നിയമത്തെ യേശുവുമായി ബന്ധിപ്പിക്കുന്ന മുഖ്യകണ്ണിയാണ്. അതായത്, പഴയനിയമത്തിലെ അവസാന പ്രവാചകൻ യേശുവിനു സാക്ഷ്യം നൽകി തന്റെ ദൗത്യം അവസാനിപ്പിക്കുന്നു. യേശുവിലൂടെ പുതിയ ചരിത്രം ആരംഭിക്കുന്നു. സ്നാപകന്റെ ഈ ബന്ധിപ്പിക്കുന്ന ദൗത്യം നമുക്കും മാതൃകയാണ്.
യേശുവിനെയും യേശുവിന്റെ പഠനങ്ങളെയും യേശുവിലുള്ള വിശ്വാസത്തെയും ഈ കാലകഘട്ടത്തിലെ മറ്റു മേഖലകളുമായി ബന്ധിപ്പിക്കുക. ഈ മേഖലകൾ നമ്മുടെ സ്വകാര്യ ജീവിതത്തിലെ തൊഴിൽ,  ബന്ധങ്ങൾ തുടങ്ങിയവയാകാം. അതോടൊപ്പം, ഒരു ഇടവകയെന്ന നിലയിൽ നമ്മുടെ സമൂഹത്തിലെ വ്യത്യസ്ത പൊതുമേഖലകളാകാം.

വിശുദ്ധ ഗ്രന്ഥത്തിൽ ദൈവത്തിന്റെ ശക്തിയും
അനുഗ്രഹവും കൃപയും ഒരുവനോടൊപ്പമുണ്ടന്ന് കാണിക്കുവാൻ ഉപയോഗിക്കുന്ന വാക്യമാണ് “കർത്താവിന്റെ കരം അവനോടു കൂടെ ഉണ്ടായിരുന്നു”. കർത്താവിന്റെ കരം വി. സ്നാപകയോഹന്നാനോടൊപ്പം ഉണ്ടായിരുന്നത്  നാമിന്ന് സുവിശേഷത്തിൽ ശ്രവിച്ചു. അതോടൊപ്പം, വിശുദ്ധ സ്നാപകയോഹന്നാനെ ചില ചിത്രങ്ങളിൽ കാണിക്കുന്നത് തന്റെ കരമുയർത്തി യേശുവിനെ ചുണ്ടിക്കാണിച്ചുകൊണ്ട് “ഇതാ ദൈവത്തിന്റെ കുഞ്ഞാട്” എന്ന് പറയുന്നതാണ്. യേശുവിനെ മറ്റുള്ളവർക്ക് മുന്നിൽ കാണിച്ചുകൊടുക്കുന്ന ചൂണ്ടുവിരൽ – അതാണു വിശുദ്ധ സ്നാപകയോഹന്നാൻ . ഈ രണ്ട് യാഥാർഥ്യങ്ങളും നമുക്ക് ഒരു ജീവിത സന്ദേശം നൽകുന്നുണ്ട്. ദൈവത്തിന്റെ കരം നമ്മുടെമേലും ഉണ്ടാകണമെങ്കിൽ നാമും കരമുയർത്തി യേശുവിനെ ഈ ലോകത്തിന് കാണിച്ചുകൊടുക്കുക. അതോടൊപ്പം, നാമെപ്പോഴാണോ യേശുവിനെ ലോകത്തിന് കാണിച്ചുകൊടുക്കുന്ന ചൂണ്ടുവിരലാകുന്നത് അപ്പോഴെല്ലാം ദൈവത്തിന്റെ കരം നമ്മുടെമേലുണ്ട്.

ആമേൻ.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker