ഈസ്റ്റർ തീയതി നിശ്ചയിക്കുന്നത് എങ്ങനെയാണ്?
എ.ഡി. 325-ൽ നടന്ന നിഖ്യാ സൂനഹദോസിൽ വച്ചാണ് ഈസ്റ്റർ തീയതിയെക്കുറിച്ച് സഭയിൽ ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടാവുന്നത്
ഫാ.ഷിന്റോ വെളീപ്പറമ്പിൽ
തിരുസഭയിലെ തിരുനാളുകൾ, നിശ്ചയിക്കപ്പെട്ട ചില ദിനങ്ങളിലാണ് പൊതുവെ ആഘോഷിക്കുക. യേശുവിന്റെ ജനനം ഡിസംബർ 25-ന് ആഘോഷിക്കുന്നു. മാർച്ച് 19, ഓഗസ്റ്റ് 15 എന്നിങ്ങനെ ധാരാളം ഉദാഹരങ്ങൾ ഉണ്ട്. എന്നാൽ യേശുവിന്റെ മരണം, ഉയിർപ്പ് തുടങ്ങിയവ കൃത്യമായ തീയതികളിലല്ല ആഘോഷിക്കുന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണ് ഈസ്റ്റർ തീയതി നിശ്ചയിക്കുന്നത് എന്ന് അതിനാൽത്തന്നെ ഏറെപ്പേർക്കും സന്ദേഹമുണ്ട്.
ഈസ്റ്റർ ദിനം എന്നായിരിക്കണം എന്നത് സംബന്ധിച്ച് ആദിമസഭയിൽ പോലും തർക്കം ഉണ്ടായിരുന്നു. ഒടുവിൽ എ.ഡി. 325-ൽ നടന്ന നിഖ്യാ സൂനഹദോസിൽ വച്ചാണ് ഈസ്റ്റർ തീയതിയെക്കുറിച്ച് സഭയിൽ ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടാവുന്നത്. ഓർത്തിരിക്കേണ്ട മൂന്ന് കാര്യങ്ങൾ:
1) നീസാൻ മാസം
യഹൂദരുടെ പെസഹാ ആഘോഷ ദിനങ്ങളിലാണല്ലോ യേശു കുരിശിൽ തറയ്ക്കപ്പെടുന്നത്. നീസാൻ മാസത്തിലാണ് അവർ പെസഹാ ആചരിക്കുന്നത്. (മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് നീസാൻ മാസം വരിക.) അതിനാൽ തന്നെ നീസാൻ മാസത്തിലാണ് യേശുവിന്റെ മരണവും ഉയിർപ്പും ഉണ്ടായത് എന്നുറപ്പിക്കാം.
ചരിത്രം അനുസരിച്ച്, നീസാൻ മാസം 14-നാണ് യേശുവിനെ കുരിശിൽ തറച്ചതെന്ന് കണക്കു കൂട്ടപ്പെട്ടിട്ടുണ്ട്. അതിനാൽ നീസാൻ മാസം 14 കഴിഞ്ഞു വരുന്ന ഞായർ ആയിരിക്കും ഈസ്റ്റർ ആഘോഷിക്കേണ്ടത് എന്ന് നിഖ്യാ സൂനഹദോസ് പ്രഖ്യാപിച്ചു. ആഴ്ചയുടെ ആദ്യദിവസമാണ് യേശു ഉയിർത്തത് എന്ന് സുവിശേഷത്തിൽ വ്യക്തമായി പറയുന്നുണ്ട് (യോഹ 20:1). അതിനാലാണ് ഞായറാഴ്ച ഈസ്റ്റർ ആഘോഷിക്കണം എന്ന് നിശ്ചയിച്ചത്.
2019-ൽ ഏപ്രിൽ 19-നാണ് ‘നീസാൻ മാസം 14 വെള്ളിയാഴ്ച’ വരുന്നത്. അതിനാൽ അത് കഴിഞ്ഞു വരുന്ന ഞായറാഴ്ചയായ 21 ഈസ്റ്ററായി ആഘോഷിക്കുന്നു. 2018-ൽ മാർച്ച് 30 ആയിരുന്നു ‘നീസാൻ മാസം 14 വെള്ളിയാഴ്ച’ വന്നത്. അതിനാൽ ആ വർഷം ഏപ്രിൽ 1-നു ആയിരുന്നു ഈസ്റ്റർ.
2) സമരാത്രദിനങ്ങൾ പരിഗണിച്ചതും ഈസ്റ്റർ തീയതി നിശ്ചയിക്കാം
എന്താണ് സമരാത്രദിനങ്ങൾ?
സാധാരണ ഗതിയിൽ പകലിന്റെയും രാവിന്റെയും ദൈർഘ്യം ഏറിയും കുറഞ്ഞുമിരിക്കും. എന്നാൽ സൂര്യൻ ഭൂമധ്യരേഖയിൽ വരുമ്പോൾ പകലിന്റെയും രാവിന്റെയും ദൈർഘ്യം തുല്യമായിരിക്കും. അതിനാൽ ആ ദിവസത്തെ സമരാത്രദിനം ( Equinox) എന്ന് വിളിക്കുന്നു. Equinox എന്ന വാക്കിന്റെ മൂലപദം ലാറ്റിൻ ഭാഷയിൽ നിന്നുള്ള ഒരു പദമാണ്, Equal night എന്നാണ് അതിന്റെ അർത്ഥം.
മാർച്ച് 21 ആണ് സമരാത്രദിനമായി കരുതപ്പെടുന്നത്. അതിനാൽ മാർച്ച് 21 കഴിഞ്ഞുവരുന്ന പൗർണമിക്കു ശേഷമുള്ള ആദ്യ ഞായർ ഈസ്റ്ററായി ആഘോഷിക്കുന്നു.
നീസാൻ മാസം 14 കഴിഞ്ഞു വരുന്ന ഞായർ എന്നോ, മാർച്ച് 21 കഴിഞ്ഞുള്ള പൗർണമിക്കു ശേഷമുള്ള ആദ്യ ഞായർ എന്നോ കണക്കു കൂട്ടിയാലും ഒരേ തീയതി തന്നെ ലഭിക്കും.
3) ഗ്രിഗോറിയൻ കലണ്ടർ
മഹാനായ ഗ്രിഗറി പാപ്പായുമായി ബന്ധപ്പെട്ടതിനാലാണ് ഗ്രിഗോറിയൻ കലണ്ടർ എന്ന് പ്രയോഗിക്കുന്നത്. ഈസ്റ്റർ തീയതി കണക്കു കൂട്ടുന്നത് ഗ്രിഗോറിയൻ കലണ്ടറിനെ അടിസ്ഥാനപ്പെടുത്തിയാണ്. എന്നാൽ, ജൂലിയൻ കലണ്ടർ അടിസ്ഥാനപ്പെടുത്തി ഈസ്റ്റർ തീയതി നിശ്ചയിക്കുന്ന ചില പൗരസ്ത്യ സഭകൾ ഉണ്ട്. അവരുടെ ഈസ്റ്റർ തീയതിക്ക് ഗ്രിഗോറിയൻ കലണ്ടറിൽ നിന്നും 13 ദിവസത്തെ വ്യത്യാസവും ഉണ്ട്.