Articles

ഇറ്റലിയിൽ നിന്നൊരു പ്രണയ ലേഖനം; “ബ്രേക്ക് ദ ചെയിൻ” വിജയിപ്പിക്കുക

വളരെ വൈകിയാണെങ്കിലും, ദുരന്തം തിരിച്ചറിഞ്ഞ് വീടുകളിൽ എല്ലാവരും കഴിഞ്ഞു കൂടുന്നു...

ഫാ.അരുൺദാസ് തോട്ടുവാൽ

ഇന്ന് നാട്ടിൽ വളരെയധികം ഭയപ്പെടുത്തുന്ന ഒരു പേരാണ് “ഇറ്റലി”. അതു കൊണ്ടുതന്നെ, ഇറ്റലിയുടെ തലസ്ഥാനമായ റോമാനഗരിയിൽ നിന്നും, ഒരു പ്രണയാഭ്യർത്ഥന നടത്തുമ്പോൾ നിരസിക്കപ്പെടും എന്ന് ആശങ്കയുണ്ട്… വളരെ പ്രയാസകരമായ സാഹചര്യത്തിലൂടെയാണ് ഇറ്റലി ഓരോ ദിനവും കടന്നു പോയിക്കൊണ്ടിരിക്കുന്നത്.

ലോകമെമ്പാടുമുള്ള എല്ലാവരും, ജീവിതത്തിൽ ഒരിക്കലെങ്കിലും ഇറ്റലി സന്ദർശിക്കണം എന്നു ആഗ്രഹിക്കാതിരിക്കില്ല. ലോകചരിത്രവും, സംസ്കാരവും ഇറ്റലി എന്ന കൊച്ചു രാജ്യവുമായി അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്നത് കൊണ്ടാണത്.

“എന്ത് കൊണ്ടാണ് ഇറ്റലിക്ക് ഇങ്ങനെ സംഭവിച്ചത്?”: എന്നും, എല്ലാവരേയും ഉൾക്കൊള്ളുന്ന ഒരു ഉദാത്തമായ മനസ്സ് ഇറ്റലിക്കാർക്കുണ്ട്. സ്വതന്ത്ര മനോഭാവത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു ജനതയാണിത്. അതു കൊണ്ടാണ്, ചൈനയിൽ കൊറോണ പടർന്നു പിടിച്ചപ്പോഴും, ഇറ്റലിയിൽ നിരവധി ചൈനീസുകാർ വരികയും, പോവുകയും ചെയ്യുമ്പോഴും, ഇറ്റലിക്കാർ തീരെ ഭയപ്പെട്ടില്ല.

ചൈനയിൽ കോവിഡ് 19 പിടിമുറുക്കുമ്പോഴും, കൊറോണയുടെ ആദ്യഘട്ടത്തിലെ ഉദാസീനമായ ആ മനോഭാവമായിരിക്കാം, ഇറ്റലിയുടെ നാനാഭാഗങ്ങളിലേക്കും ഈ മഹാമാരി പടർന്നു പന്തലിക്കുവാൻ കാരണമായത്.

ഇന്ന് ഇറ്റലി നിശ്ചലമായ അവസ്ഥയിലാണ്… പൊതുവെ ട്രാഫിക്ക് നിറഞ്ഞ വഴികൾ എല്ലാം വിജനമായി കിടക്കുന്നു; എല്ലാവർക്കും ആശ്വാസമായിരുന്ന ആരാധനാലയങ്ങൾ എല്ലാമടച്ചു; എല്ലാവരിലും പരിഭ്രാന്തിയും, ഭയവും ഇരച്ചുകയറിയത് പോലെ…!

ഇങ്ങനെയൊക്കെ ആണെങ്കിലും പ്രതീക്ഷയുടെ സ്വപ്നങ്ങൾ അവസാനിച്ചിട്ടില്ല…!!!

വിശ്വാസികൾ പളളികളിൽ വ്യക്തിപരമായി പ്രാർത്ഥിക്കുവാനല്ലാതെ വരുവാൻ പാടില്ലാത്ത സാഹചര്യത്തിൽ, സോഷ്യൽ മീഡിയായിലൂടെ അവരെ ശക്തിപ്പെടുത്തുവാൻ സഭാധികാരികൾ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. രോഗികൾക്ക് ദൈവീകാശ്വാസം പകർന്നു നൽകുന്നതിനിടയിൽ നിരവധി വൈദികർക്കും, സന്യസ്തർക്കും തങ്ങളുടെ ജീവൻ നഷ്ടമായി.

ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന പലർക്കും അവരുടെ ജീവൻ നഷ്ടമായി. മുൻപൊക്കെ ‘എമർജൻസി’യിൽ വിളിച്ചാൽ 15 മിനിറ്റിനുള്ളിൽ എത്തുമായിരുന്ന ആബുംലൻസ്, ഇന്ന് ഒരു ദിവസം കാത്തിരുന്നാലും, വരുവാൻ സാധിക്കാത്ത വിധത്തിൽ കൊറോണ ബാധിതരുടെ എണ്ണം പെരുകി. പലരേയും ചികിത്സിക്കാൻ പോലും സാധിക്കാതെ മരണത്തിലേക്ക് തള്ളി വിടേണ്ടതായും വരുന്നു.

വളരെ വൈകിയാണെങ്കിലും, ദുരന്തം തിരിച്ചറിഞ്ഞ് വീടുകളിൽ എല്ലാവരും – ശീലമില്ലാത്ത അവസ്ഥയാണെങ്കിലും – കഴിഞ്ഞു കൂടുന്നു.

നമ്മൾ മലയാളികളെ സംബന്ധിച്ച്, നാട്ടിൽ പോകാൻ എയർപോർട്ടിൽ പോലും പോകുന്നത് ജീവൻ പണയം വെയ്ക്കുന്നതിന് തുല്യമാണെന്നറിഞ്ഞിട്ടും, അതിന് പരിശ്രമിക്കുന്നത് മറ്റ് നിർവാഹം ഇല്ലാത്തതു കൊണ്ടാണ്. ഈ അവസ്ഥയിലാണ് കഴിയുന്നതെങ്കിലും ഞങ്ങൾ കൂപ്പുകരങ്ങളോടെ ഞങ്ങളുടെ നാട്ടിലുള്ള പ്രിയപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയാണ്.

അപകടകരമായ സാഹചര്യത്തിലാണ് ഞങ്ങൾ ജീവിക്കുന്നതെങ്കിലും, ഞങ്ങൾക്ക് ഞങ്ങളെ കുറിച്ചുള്ള ഉൽകണ്ഠയല്ല; ഞങ്ങളുടെ പ്രിയപ്പെട്ടവരായ നിങ്ങളെക്കുറിച്ചുള്ള ചിന്തകളും, ആകുലതകളുമാണ് മനസ്സ് നിറയെ. ഇവിടെ ആയിരിക്കുന്ന എല്ലാവരും, അവരുടെ പ്രിയപ്പെട്ടവർക്ക് വേണ്ടിയാണല്ലോ ഇവിടെ ആയിരിക്കുന്നത്. അതിനാൽത്തന്നെ, നമ്മൾ ആരംഭിച്ചിരിക്കുന്ന “ബ്രേക്ക് ദ ചെയിൻ” വിജയിപ്പിച്ച്, ഈ മഹാമാരിയെ നമ്മുടെ നാട് തോൽപ്പിക്കുന്നത് കാണുവാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

കാരണം, നിങ്ങളാണ് ഞങ്ങളുടെ ചിന്തകളിൽ; നിങ്ങളുടെ ആരോഗ്യമാണ് ഞങ്ങളുടെ പ്രാർത്ഥന…! ഒരു മഹാദുരന്തത്തിന് സാക്ഷ്യം വഹിക്കുമ്പോഴും, നിങ്ങളുടെ സന്തോഷം ഞങ്ങൾക്ക് നൽകുന്ന ആശ്വാസം വലുതായിരിക്കും…!

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker