Meditation

ഇടയനും ആടുകളും (യോഹ 10:1-10)

ജീവൻ എന്ന ഒരൊറ്റ വാക്കിലാണ് കള്ളനും ഇടയനും തമ്മിലുള്ള വ്യത്യാസം നിൽക്കുന്നത്...

പെസഹാക്കാലം നാലാം ഞായർ

ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു പ്രതീകമാണ്. ഊഷ്മളമായ ബന്ധങ്ങളിൽ നിലനിർത്തേണ്ട ജൈവീകതയുടെ പ്രതീകം. ദൈവ-മനുഷ്യ ബന്ധത്തിന്റെ രൂപകാലങ്കാരമാണിത്. എന്നെ വ്യക്തിപരമായി അറിയുന്ന ഒരു ഇടയനാണ് എന്റെ ദൈവം. അതാണെന്റെ ആശ്വാസം. അതുമാത്രമാണ് ഏത് ദൗർബല്യത്തിലും എനിക്ക് എഴുന്നേറ്റ് നിൽക്കാനുള്ള ശക്തി.

ഇടയൻ ആലയിലേക്ക് കടന്നുവരുന്നത് മുൻവാതിലിലൂടെ മാത്രമാണ്. നേർവഴിയിലൂടെയാണ് അവൻ നിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. സ്വന്തമെന്നു കരുതുന്നവർക്ക് മാത്രമേ ഏത് ജീവിതത്തിന്റെയും മുൻവാതിലിലൂടെ പ്രവേശിക്കാൻ സാധിക്കൂ. വാതിലിലൂടെയല്ലാതെ നിന്റെ ജീവിതത്തിൽ പ്രവേശിക്കുന്നവർ കള്ളന്മാരായിരിക്കും. അവർ നിന്റെ ജീവിതത്തെ ഇരുട്ടിലാക്കും. ഇടയൻ നിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത് നിന്നെ പ്രകാശത്തിലേക്ക് നയിക്കുന്നതിനാണ്. നിന്നെ പുറത്തേക്ക് നയിക്കുന്നതിനാണ്.
നാലുകെട്ടുകൾക്കുള്ളിൽ വസിക്കുന്ന ഇടയനല്ല നിന്റെ ദൈവം. വിശാലമായ മേച്ചിൽപ്പുറങ്ങളാണ് അവന്റെ ഇടം. ആ സ്വാതന്ത്ര്യത്തിലേക്കാണ് അവൻ നിന്നെ നയിക്കുക. അതുകൊണ്ടാണ് ക്രിസ്തുവിനെ ഇടയനായി ലഭിച്ചവർക്ക് സങ്കുചിത മനോഭാവമുള്ളവരാകാൻ ഒരിക്കലും പറ്റില്ലയെന്ന് പറയുന്നത്. അവരിൽ തമസ്സിന്റെയും വെറുപ്പിന്റെ ചിന്തകൾ ഉണ്ടാകില്ല. അവർക്ക് ചക്രവാളങ്ങൾക്കുമപ്പുറമെത്തുന്ന കാഴ്ചകളുണ്ടാകും. ആ കാഴ്ചയിൽ എന്നും സ്നേഹത്തിന്റെ വർണ്ണം നിറഞ്ഞു നിൽക്കുകയും ചെയ്യും.

മുന്നിൽ നടക്കുന്നവനാണ് നല്ലിടയൻ. അത് വിശ്വാസത്തിന്റെയും വിശ്വസ്തതയുടെയും അടയാളമാണ്. വിശ്വാസം കുറയുമ്പോഴാണ് ഇടയന്മാർ ആടുകളുടെ പിന്നിലേക്ക് മാറുന്നത്. അപ്പോഴവർ ആടുകളുടെ പിൻകാവൽക്കാരായി മാറും. പിന്നെ സംഭവിക്കുന്നത് അവർ ആടുകളെ നയിക്കുകയല്ല ചെയ്യുന്നത്, തളിക്കുകയാണ്. അങ്ങനെവരുമ്പോൾ ഇടയന്റെ കൈവശമുള്ള വടി ഒരു മർദ്ദനോപകരണമായി മാറും. ആ ഇടയൻ ആടുകളെ വഴക്ക് പറയാനും കുറ്റംപറയാനും തുടങ്ങും. ആടുകളെ പേര് ചൊല്ലി വിളിക്കാത്തവരായിരിക്കും അങ്ങനെയുള്ളവർ. ഓർക്കുക, മുന്നിൽ നിന്ന് നയിക്കുന്ന ഇടയന് മാത്രമേ ആടുകൾക്ക് ശോഭനമായ ഭാവി ഉറപ്പിക്കാൻ സാധിക്കു.

പുതിയനിയമത്തിലെ ഏറ്റവും സുന്ദരമായ വചനമാണ് യോഹന്നാൻ 10:10 ലുള്ളത്: “ഞാൻ വന്നിരിക്കുന്നത് അവർക്ക് ജീവനുണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകാനുമാണ്”. ജീവന്റെ പൂർണ്ണതയുമായി നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന ഒരു ദൈവം. ഊർവ്വരമായ സ്നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ശക്തിയുടെയും പരിമളം പരത്തുന്ന ഒരു ദൈവം. അതുകൊണ്ടാണ് അവൻ 40 വർഷത്തോളം മരുഭൂമിയിൽ മന്നാ വർഷിച്ചത്, അഞ്ചപ്പം കൊണ്ട് അയ്യായിരം പേരുടെ വിശപ്പടക്കിയത്, കുഷ്ഠരോഗികൾക്ക് തരളിതമായ മേനി നൽകിയത്, ലാസറിന്റെ ശവകുടീരത്തിലെ കല്ലിനെ ഉരുട്ടി മാറ്റിയത്, ഭവനം ഉപേക്ഷിച്ചവർക്ക് 100 സഹോദരങ്ങളെ വാഗ്ദാനം ചെയ്തത്, തെറ്റ് ചെയ്തവനു ഏഴ് എഴുപതു പ്രാവശ്യം ക്ഷമ നൽകിയത്…

ജീവൻ എന്ന ഒരൊറ്റ വാക്കിലാണ് കള്ളനും ഇടയനും തമ്മിലുള്ള വ്യത്യാസം നിൽക്കുന്നത്. എല്ലാ വിശുദ്ധ വചനങ്ങളുടെയും മിടിപ്പാണ് ഈ വാക്ക്. സുവിശേഷത്തിന്റെ കാതലാണ് ഈ പദം. യേശുവെന്ന നല്ലിടയൻ ലോകത്തിനു നൽകിയത് ഒരു പ്രത്യയശാസ്ത്രമോ മതാത്മകമായ ആശയസംഹിതയോ ഒന്നുമല്ല. ജീവനാണ് അവൻ നൽകിയ ഏറ്റവും വലിയ സമ്മാനം; മനുഷ്യജീവനെ സമൃദ്ധമാക്കുന്ന ദൈവീക ജീവൻ. വാക്കിലും ചിന്തയിലും പ്രവൃത്തിയിലും മനോഭാവത്തിൽ പോലും ജീവൻ നൽകാൻ കഴിവുള്ളവനാകുക. എങ്കിൽ നിനക്കും ക്രിസ്തുവിനെപ്പോലെ ഒരു ഇടയനാകാൻ സാധിക്കും. മുൻവാതിലിലൂടെ പ്രവേശിക്കുന്ന തരത്തിലുള്ള ഊഷ്മളമായ ബന്ധങ്ങൾ നിനക്ക് സൃഷ്ടിക്കാൻ സാധിക്കും. നിന്നോട് ചേർന്ന് നിൽക്കുന്നവരെ സ്നേഹം പരന്നൊഴുകുന്ന മേച്ചിൽ പുറങ്ങളിലേക്ക് നയിക്കുവാൻ സാധിക്കും. നീ സൃഷ്ടിക്കുന്ന ബന്ധങ്ങളുടെ ഇടയിലൂടെ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ഒഴുകി നടക്കും. അവിടെ സങ്കുചിത മനോഭാവങ്ങൾ ഉണ്ടാകില്ല. പൂക്കൾക്ക് വസന്തം എത്രത്തോളം പ്രധാനമാണോ അതുപോലെ നീയും സഹജരുടെ ജീവിതത്തിൽ ഒരു വസന്തമായി മാറും.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker