ഇക്കോ സെന്‍സിറ്റീവ് സോണ്‍ / ബഫര്‍ സോണ്‍ സംരക്ഷിത വനാതിര്‍ത്തിയില്‍ നിന്നും ഒരു കിലോമീറ്റര്‍ ഉള്ളിലേക്ക് മാറ്റി നിശ്ചയിക്കുക; കെ.സി.ബി.സി.
ലക്ഷക്കണക്കിന് മനുഷ്യര്‍ അപ്രഖ്യാപിത കുടിയിറക്കലിന് ഇരയായി ജനിച്ച മണ്ണില്‍നിന്ന് പലായനം ചെയ്യേണ്ടി വരുമെന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്...
ജോസ് മാർട്ടിൻ
കൊച്ചി: വന്യജീവി സങ്കേതങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍ എന്നിവക്ക് ചുറ്റുമായി ഒരു കിലോമീറ്റര്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍ / ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള 2022 ജൂണ്‍ മൂന്നിലെ സുപ്രീംകോടതി വിധിയിൽ സ്വന്തം ആവശ്യത്തിനല്ലാതെ കൃഷി ചെയ്യുന്നത് മാത്രമല്ല സ്വന്തം ആവശ്യത്തിനായി വീട് വയ്ക്കുന്നത് പോലും നിരോധിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ലക്ഷക്കണക്കിന് മനുഷ്യര്‍ അപ്രഖ്യാപിത കുടിയിറക്കലിന് ഇരയായി ജനിച്ച മണ്ണില്‍നിന്ന് പലായനം ചെയ്യേണ്ടി വരുമെന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി. രാഷ്ട്രീയത്തിനും, മതത്തിനുമപ്പുറം കേരളത്തിലെ സാമാന്യ ജനങ്ങളെ ബാധിക്കുന്ന വിഷയമാണിതെന്നും പത്രക്കുറിപ്പിലൂടെ കെ.സി.ബി.സി. പറയുന്നു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഏറ്റവും മികച്ച രീതിയില്‍ വനവും വന്യജീവികളും സംരക്ഷിക്കപ്പെടുന്ന ആകെ വിസ്തൃതിയുടെ 29.65 ശതമാനവും സംരക്ഷിത വനങ്ങളാൽ ചുറ്റപ്പെട്ട സംസ്ഥാനമാണ് കേരളം. 2021 ലെ ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ വൃക്ഷാവരണം 59.79 ശതമാനമാണ് (ദേശീയ ശരാശരി 36.18 മാത്രമാണ്). ഇന്ത്യയുടെ ആകെ വിസ്തൃതിയുടെ 1.2 ശതമാനം മാത്രം വിസ്തൃതിയുള്ള കേരളത്തിലാണ് ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും 4 ശതമാനം (24 എണ്ണം) നിലനില്‍ക്കുന്നതും. കൂടാതെ, ജനസാന്ദ്രത ദേശീയ ശരാശരി വെറും 382 മാത്രമുള്ളപ്പോള്‍ കേരളത്തിലേത് 859 ആണെന്ന കാര്യവും പരിഗണിക്കേണ്ടതായുണ്ടെന്നും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഏക ശിലാരൂപത്തില്‍ വന്ന വനനിയമങ്ങള്‍ കേരളത്തിലെ റവന്യു ഭൂമിയില്‍ അടിച്ചേല്‍പ്പിക്കുന്നത് സാമാന്യ നീതിയുടെ ലംഘനമാണെന്നും കെ.സി.ബി.സി. അപലപിക്കുന്നു.
എല്ലാവിഭാഗം ജനങ്ങളെയും സാരമായി ബാധിക്കുന്ന ഈ വിഷയത്തില്‍ സര്‍ക്കാര്‍ സത്വരമായി ഇടപെടല്‍ നടത്തണമെന്നും, സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷന്‍ ഫയല്‍ ചെയ്യുന്നതിനുമുമ്പുതന്നെ സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കുന്ന അധികാരമുപയോഗിച്ച് ഇക്കോ സെന്‍സിറ്റീവ് സോണ്‍ / ബഫർ സോണ്‍ കേരളത്തിന്റെ സംരക്ഷിത വനത്തിന്റെ അതിര്‍ത്തിയില്‍ നിന്നും ഒരു കിലോമീറ്റര്‍ ഉള്ളിലേക്ക് മാറ്റി നിശ്ചയിക്കണമെന്നും, കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ ബഫര്‍സോണ്‍ സീറോ കിലോമീറ്ററില്‍ നിജപ്പെടുത്തണമെന്ന പ്രമേയം നിയമസഭ പാസാക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും കെ.സി.ബി.സി. ആവശ്യപ്പെടുന്നു.
ഇക്കാര്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കെ.സി.ബിസി. പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കണ്ട് നിവേദനം സമര്‍പ്പിക്കുമെന്ന് കെ.സി.ബി.സി.ഡെപ്യൂട്ടി സെക്രട്ടറി ജനറലും ഔദ്യാഗിക വക്താവുമായ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അറിയിച്ചു.