ആർച്ച് ബിഷപ്പ് ഏബ്രഹാം വിരുത്തകുളങ്ങര കാലം ചെയ്തു
ആർച്ച് ബിഷപ്പ് ഏബ്രഹാം വിരുത്തകുളങ്ങര കാലം ചെയ്തു

ന്യൂഡൽഹി:
ന്യൂഡൽഹി: നാഗ്പൂർ ആർച്ച് ബിഷപ്പ് എബ്രഹാം വിരുത്തുകുളങ്ങര കാലം ചെയ്തു. ഇന്നു പുലർച്ചെ ഡൽഹിയിലെ സി.ബി.സി.ഐ. ആസ്ഥാനത്ത് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
ബിഷപ്പുമാരുടെ യോഗത്തിൽ പങ്കെടുക്കാനായി ഡൽഹിയിൽ എത്തിയതായിരുന്നു. ഇന്നു പുലർച്ചെ നാഗ്പൂരിലേക്ക് മടങ്ങാനിരിക്കവെയാണ് അന്ത്യം സംഭവിച്ചത്.
കല്ലറ പുത്തൻപള്ളി ഇടവകാംഗവും വിരുതുകുളങ്ങര ലൂക്കോസ് – ത്രേസ്യാമ്മ ദമ്പതികളുടെ ഒൻപതു മക്കളിൽ നാലാമനുമാണ് ഡോ. വിരുതുകുളങ്ങര. 1943 ജൂൺ അഞ്ചിനായിരുന്നു ‘ചെറിയ ബിഷപ്’ എന്നറിയപ്പെടുന്ന ഡോ. വിരുതുകുളങ്ങരയുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1960-ൽ വൈദിക വിദ്യാഭ്യാസം ആരംഭിച്ചു.
1969 ഒക്‌ടോബർ 28-നു മാർ കുര്യാക്കോസ് കുന്നശേരിയിൽനിന്നു വൈദികപട്ടം സ്വീകരിച്ച് കോട്ടയം കത്തീഡ്രൽ ദേവാലയത്തിൽ പ്രഥമ ദിവ്യബലി അർപ്പിച്ചു. 1977 ജൂലൈ 13-നു മെത്രാഭിഷേകം നടന്നു. 1998 ഏപ്രിൽ 22 മുതൽ നാഗ്‌പൂർ അതിരൂപതയുടെ ആർച്ച്‌ബിഷപ്പായി സേവനമനുഷ്‌ഠിക്കുകയായിരുന്നു.
കഴിഞ്ഞ വർഷം വല്ലാർപാടത്തു നടന്ന മിഷൻ കോൺഗ്രസിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം അവിസ്മരണീയമായിരുന്നു..
