ആലപ്പുഴ രൂപതാ കെ.സി.വൈ.എം. നൽകിയ പരാതിയില്‍ ഉടൻ നടപടികൾ കൈക്കൊള്ളുമെന്ന് ന്യൂനപക്ഷ കമ്മീഷൻ
ജിയോ ട്യൂബും, ജിയോ ബാഗും കടൽക്ഷോഭത്തിന് ശാശ്വത പരിഹാരമല്ല....
ജോസ് മാർട്ടിൻ
കൊച്ചി: ആലപ്പുഴ രൂപതാ കെ.സി.വൈ.എം. നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ പി.കെ.ഹനീഫ ഇന്നലെ എറണാകുളം ഗസ്റ്റ് ഹൗസിൽ വെച്ച് നടത്തിയ സീറ്റിംഗിൽ ഉടന്‍ നടപടികള്‍ക്ക് തീരുമാനമായി. തീവ്രകടൽക്ഷോഭം നേരിടുന്ന ചെല്ലാനം ബസാർ, വേളാങ്കണ്ണി, കമ്പനിപ്പടി, ഒറ്റമശ്ശേരി എന്നിവിടങ്ങളിൽ കമ്മീഷൻ അംഗങ്ങൾ സന്ദർശനം നടത്തിയിരുന്നു.
ജിയോ ട്യൂബും, ജിയോ ബാഗും കടൽക്ഷോഭത്തിന് ശാശ്വത പരിഹാരമല്ലന്നും കാനകൾ യഥാസമയത്ത് ശുചീകരിക്കാത്തത് മൂലം വെള്ളം തങ്ങി നിൽക്കുന്ന അവസ്ഥയാണെന്നും കമ്മീഷൻ പറഞ്ഞു. ഇറിഗേഷൻ വകുപ്പിന് കാനകൾ ശുചീകരിക്കാൻ കമ്മീഷൻ നിർദ്ദേശം നൽകി. നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി ചെല്ലാനത്തെ കടൽക്ഷോഭം സംബന്ധിച്ച പഠന റിപ്പോർട്ട് കമ്മീഷന് സമർപ്പിച്ചു.
കടൽക്ഷോഭം തടയാൻ ശാസ്ത്രീയ പഠനം നടത്താൻ സർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ പി.കെ.ഹനീഫ പറഞ്ഞു. ആലപ്പുഴ രൂപതയെ പ്രതിനിധീകരിച്ച് കെ.സി.വൈ.എം. രൂപതാ പ്രസിഡന്റ് എം.ജെ.ഇമ്മാനുവൽ ഹാജരായി.