ആലപ്പുഴ രൂപതയിലെ ദേവാലയങ്ങൾ ജൂൺ 8-ന് പൊതുദിവ്യബലിയർപ്പണത്തിനായി തുറക്കില്ല
ലോക്ക് ഡൗൺ കാലത്തെ തൽസ്ഥിതി തുടരും...
ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ദേവാലയങ്ങൾ ജൂൺ 8-ന് പൊതുആരാധനക്കായി തുറക്കില്ലെന്നും, ലോക്ക് ഡൗൺ കാലത്തെ തൽസ്ഥിതി തുടരുമെന്നും ആലപ്പുഴ രൂപതാ അദ്യക്ഷൻ ബിഷപ്പ് ഡോ.ജെയിംസ് ആനാപറമ്പിൽ അറിയിച്ചതായി ചാൻസിലർ ഫാ.സോണി സേവ്യർ പനയ്ക്കൽ പറഞ്ഞു.
ജൂൺ 8-മുതൽ ദേവാലയങ്ങളിൽ 100-ൽ താഴെ വിശ്വാസികളെ പങ്കെടുപ്പിച്ചു കൊണ്ട് നിയന്ത്രണങ്ങൾക്ക് വിധേയമായി തിരുകർമ്മങ്ങൾ നടത്താൻ ഗവണ്മെന്റ് അനുവാദം നൽകിയതിന്റെ പശ്ചാത്തലത്തിൽ, ഫെറോന വികാരിമാരുടെയും വൈദീകരുടെയും അഭിപ്രായം ഓൺലൈൻ കോൺഫ്രൻസ് വഴി മനസിലാക്കുകയും, കോവിഡ് നിയന്ത്രണത്തിനുള്ള ആലപ്പുഴ ജില്ലാകോർഡിനേറ്റർ ഡോക്ടറുമായി ചർച്ച നടത്തിയത്തിന്റെയും അടിസ്ഥാനത്തിലാണ് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തൽസ്ഥിതി തുടരുമെന്ന് ബിഷപ്പ് അറിയിച്ചത്.
മുതിർന്നവരെയും, കുട്ടികളെയും സംബന്ധിച്ച കാര്യത്തിൽ സാധ്യമായ മറ്റു അജപാലന ശുശ്രൂഷകൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മാനിച്ചുകൊണ്ട് ഇടവസമൂഹവുമായി കൂടി ആലോചിച്ചു ക്രമീകരിക്കണമെന്നും ബിഷപ്പ് പറഞ്ഞിട്ടുണ്ട്.