Kerala

ആര്‍ച്ച്ബിഷപ്പ് അട്ടിപ്പേറ്റി ദൈവദാസന്‍; ‘ദൈവത്തിന്റെ മനുഷ്യന്‍’ എന്ന് ആര്‍ച്ച്ബിഷപ്പ് കളത്തിപ്പറമ്പില്‍

കേരളത്തിലെ റോമന്‍ കത്തോലിക്കാ സഭയുടെ ആദ്യത്തെ തദ്ദേശീയ മെത്രാപ്പോലീത്ത...

സ്വന്തം ലേഖകൻ

കൊച്ചി: കേരളത്തിലെ റോമന്‍ കത്തോലിക്കാ സഭയുടെ ആദ്യത്തെ തദ്ദേശീയ മെത്രാപ്പോലീത്ത ഡോ.ജോസഫ് അട്ടിപ്പേറ്റിയെ വിശുദ്ധപദത്തിലേക്കുള്ള അര്‍ത്ഥിയായി അംഗീകരിച്ചുകൊണ്ട് ദൈവദാസനായി പ്രഖ്യാപിച്ചു. അന്‍പതുകൊല്ലം മുന്‍പ് അദ്ദേഹത്തിന്റെ ഭൗതികശരീരം അടക്കം ചെയ്ത എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ സാഘോഷ സ്‌തോത്രബലിമധ്യേയാണ് നാമകരണ നടപടികളുടെ നൈയാമിക പ്രാദേശിക സഭാധികാരിയായ വരാപ്പുഴ ആര്‍ച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ‘ദൈവത്തിന്റെ മനുഷ്യനായിരുന്നു ആര്‍ച്ച്ബിഷപ്പ് അട്ടിപ്പേറ്റി’യെന്ന് അദ്ദേഹം അനുസ്മരിച്ചു.

ആധ്യാത്മികതയ്ക്കു മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള അജപാലനശുശ്രൂഷയില്‍ പാവങ്ങളോടുള്ള കരുണാമസൃണമായ അദ്ദേഹത്തിന്റെ അനുകമ്പ ശ്രദ്ധേയമായിരുന്നു. ദിവ്യകാരുണ്യ ആരാധനയ്ക്കും ധ്യാനത്തിനും ജപമാലയ്ക്കും പരിശുദ്ധ അമ്മയോടുള്ള വണക്കത്തിനും ദൈവദാസന്റെ ജീവിതവിശുദ്ധിയിലും സുകൃതപുണ്യങ്ങളിലും അദ്ദേഹത്തിന്റെ ജീവിതത്തിൽ വലിയ പ്രാധാന്യമുണ്ടായിരുന്നു. സഭയെ ആധുനിക ലോകത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തമാക്കിയ രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ നാലു സമ്മേളനങ്ങളിലും കൗണ്‍സില്‍ പിതാവ് എന്ന നിലയില്‍ ഡോ.അട്ടിപ്പേറ്റി പങ്കെടുക്കുകയും ഭാരത സഭയില്‍ സുവിശേഷവത്കരണത്തിന്റെ നൂതന സരണികള്‍ വെട്ടിത്തുറക്കുകയും ചെയ്തവരില്‍ ഒരാളാണ് ഡോ.അട്ടിപ്പേറ്റിയെന്ന് ആമുഖ പ്രഭാഷണത്തില്‍ ആര്‍ച്ച്ബിഷപ്പ് കളത്തിപ്പറമ്പില്‍ അനുസ്മരിച്ചു.

ഭാഗ്യസ്മരണാര്‍ഹനായ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് അട്ടിപ്പേറ്റിയെ ദൈവദാസനായി പ്രഖ്യാപിക്കുന്ന ഡിക്രി ആര്‍ച്ച്ബിഷപ്പ് കളത്തിപ്പറമ്പില്‍ പ്രഘോഷിച്ചപ്പോള്‍ പള്ളിമണികള്‍ മുഴങ്ങി. ‘ദൈവത്തിനു നന്ദി’ എന്ന് വിശ്വാസി സമൂഹം ഏറ്റുപറഞ്ഞു. ആര്‍ച്ച്ബിഷപ് എമരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍, കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയില്‍, ബിഷപ്പുമാരായ ഡോ. സെബാസ്റ്റിയന്‍ തെക്കത്തെച്ചേരില്‍, ഡോ. അലക്‌സ് വടക്കുംതല, ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍, ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ എന്നിവരും വരാപ്പുഴ അതിരൂപതയിലും കോട്ടപ്പുറം രൂപതയില്‍ നിന്നുമുള്ള വൈദികരും സന്ന്യസ്തരും തിരുക്കര്‍മങ്ങളില്‍ സഹകാര്‍മികത്വം വഹിച്ചു. എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പൊലിത്ത വികാര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ സന്നിഹിതനായിരുന്നു.

ആര്‍ച്ച്ബിഷപ് അട്ടിപ്പേറ്റിയുടെ പുണ്യജീവിതത്തെയും, ദൈവശാസ്ത്രപരവും മൗലികവും സഹായകവുമായ പുണ്യങ്ങളെയും, ജീവിച്ചിരുന്ന കാലത്തും മരണനേരത്തും അതിനുശേഷവുമുള്ള വിശുദ്ധിയുടെ പ്രസിദ്ധിയെയും, ആധ്യാത്മികതയെയും കുറിച്ചുള്ള കാനോനിക അന്വേഷണങ്ങള്‍ ആഴത്തിലും വിസ്തൃതമായും നടത്തേണ്ടതുണ്ടെന്ന് ആര്‍ച്ച്ബിഷപ് കളത്തിപ്പറമ്പില്‍ വിശദീകരിച്ചു.
ദൈവദാസന്റെ കബറിടം, ജന്മസ്ഥലം, ജീവിതം ചെലവഴിച്ച പ്രധാനപ്പെട്ട സ്ഥലങ്ങള്‍, മരണമടഞ്ഞ സ്ഥലം എന്നിവ ഔദ്യോഗികമായി പരിശോധിച്ച് നിയമവിരുദ്ധമായ വണക്കങ്ങള്‍ നടത്തിയതിന്റെ അടയാളങ്ങള്‍ ഒന്നുംതന്നെ കണ്ടെത്തിയില്ല എന്ന സര്‍ട്ടിഫിക്കറ്റ് ആര്‍ച്ച്ബിഷപ് റോമിലേക്ക് അയക്കും. ‘ദൈവദാസന്‍’ എന്നാണ് ഇനി ഔദ്യോഗിക രേഖകളിലെല്ലാം ആര്‍ച്ച്ബിഷപ്പ് അട്ടിപ്പേറ്റിയെ വിശേഷിപ്പിക്കുക. മരിച്ചവരുടെ ഒപ്പീസു പ്രാര്‍ഥനയ്ക്കു പകരം വിശുദ്ധനാക്കപ്പെടുവാന്‍ വേണ്ടിയുള്ള പ്രാര്‍ഥനയാകും ഇനി ദൈവദാസന്റെ കബറിടത്തില്‍ ചൊല്ലേണ്ടത്. ഈ നാമകരണ പ്രാര്‍ഥന അതിരൂപതയിലെ എല്ലാ ദേവാലയങ്ങളിലും മറ്റു സ്ഥാപനങ്ങളിലും എല്ലാ വീടുകളിലും ചൊല്ലാവുന്നതാണെന്ന് ആര്‍ച്ച്ബിഷപ്പ് വ്യക്തമാക്കി. ക്രൈസ്തവജീവിതത്തിന്റെ ഉറവിടവും ഉച്ചകോടിയുമായ ദിവ്യബലിയിലാണ് ദൈവദാസപദപ്രഖ്യാപനം എന്നതു ശ്രദ്ധേയമാണെന്ന് ആര്‍ച്ച്ബിഷപ് അനുസ്മരിച്ചു. ഈ പ്രഖ്യാപനത്തിലൂടെ നാമകരണനടപടികളുടെ കാനോനിക പ്രക്രിയ ഔപചാരികമായി സമാരംഭിക്കയാണ്. സഭയുടെ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ സുദീര്‍ഘമായ പ്രക്രിയയുടെ ആദ്യപടി മാത്രമാണിതെന്നും അദ്ദേഹം വിശ്വാസികളെ ഓര്‍മിപ്പിച്ചു.

വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ജിയോവാന്നി ആഞ്ജലോ ബെച്യു നല്‍കിയ ‘നിഹില്‍ ഒബ്‌സ്താത്’ എന്ന അനുമതിപത്രം ലത്തീനില്‍ അതിരൂപതാ ചാന്‍സലര്‍ ഫാ.എബിജിന്‍ അറക്കല്‍ തിരുക്കര്‍മങ്ങളുടെ ആദ്യഘട്ടത്തില്‍ വായിച്ചു. നാമകരണ നടപടികളുടെ കാര്യത്തില്‍ മെത്രാന്മാര്‍ പാലിക്കേണ്ട 1983 ഫെബ്രുരി 7-ലെ വ്യവസ്ഥകള്‍ പ്രകാരം ഡോ.അട്ടിപ്പേറ്റിയുടെ നാമകരണ നടപടി ഔദ്യോഗികമായി ആരംഭിക്കുന്നതിന് പരിശുദ്ധ സിംഹാസനത്തിന് എതിര്‍പ്പൊന്നുമില്ലന്നാണ് ഈ സന്ദേശത്തില്‍ വ്യക്തമാക്കുന്നു.

പ്രാര്‍ഥനയുടെ മനുഷ്യനായിരുന്നു ആര്‍ച്ച്ബിഷപ് അട്ടിപ്പേറ്റിയെന്ന് കോട്ടപ്പുറം ബിഷപ്പ് ഡോ.ജോസഫ് കാരിക്കശേരി വചനപ്രഘോഷണത്തില്‍ അനുസ്മരിച്ചു. ‘എല്ലാവര്‍ക്കും എല്ലാമായിത്തീര്‍ന്നു’ എന്ന തന്റെ അജപാലന ശുശ്രൂഷയുടെ ആദര്‍ശസൂക്തം എല്ലാ തലത്തിലും അന്വര്‍ഥമാക്കിയ ദൈവദാസന്‍ അതിവിസ്തൃതമായ അവിഭക്ത അതിരൂപതയിലെ എല്ലാ വീടുകളും സന്ദര്‍ശിച്ച് തന്റെ അജഗണത്തിന്റെ ജീവിതാവസ്ഥ പൂര്‍ണമായി മനസിലാക്കാന്‍ ശ്രമിച്ചു. ഇത് ആഗോളസഭയില്‍ തന്നെ വൈദികമേലധ്യക്ഷന്മാരുടെ ഭവനസന്ദര്‍ശത്തിലെ അത്യപൂര്‍വ റെക്കോഡാണ് അദ്ദേഹം പറഞ്ഞു. ദിവ്യബലിയര്‍പ്പണത്തിലും എറണാകുളം കത്തീഡ്രല്‍ ദേവാലയത്തില്‍ നിത്യസഹായ മാതാവിനോടുള്ള നൊവേന പ്രാര്‍ഥനകളിലും ഭക്ത്യാനുഷ്ഠാനങ്ങളിലും ധ്യാനത്തിലും വൈദികാര്‍ഥി എന്ന നിലയില്‍ പങ്കെടുക്കാനായതിന്റെ അസുലഭ ഭാഗ്യം അദ്ദേഹം അനുസ്മരിച്ചു. പ്രേഷിതപ്രവര്‍ത്തനത്തിന് വളരെ പ്രാമുഖ്യം നല്‍കിയ അദ്ദേഹത്തിന്റെ കാലത്ത് വരാപ്പുഴ നിന്നുള്ള വൈദികര്‍ പാക്കിസ്ഥാനില്‍ വരെ പ്രേഷിതപ്രവര്‍ത്തനം നടത്തിയിരുന്നു. കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് സാമൂഹിക നീതിയും രാഷ്ട്രീയ പങ്കാളിത്തവും നേടിയെടുക്കുന്നതോടൊപ്പം സഭയില്‍ അല്മായരുടെ പങ്കാളിത്തം ശക്തിപ്പെടുത്താനും അദ്ദേഹം മാര്‍ഗദര്‍ശനം നല്‍കിയെന്ന് ബിഷപ്പ് കാരിക്കശേരി അനുസ്മരിച്ചു.

ദൈവദാസന്റെ മാതൃ ഇടവകയായ ഓച്ചന്തുരുത്ത് കുരിശിങ്കല്‍ ക്രൂസ് മിലാഗ്രിസില്‍ നിന്ന് അട്ടിപ്പേറ്റി കുടുംബാംഗങ്ങളും ഇടവക പ്രതിനിധികളും ദൈവദാസപദ പ്രഖ്യാപനത്തിനു സാക്ഷ്യം വഹിക്കാനെത്തി. ഷെവലിയര്‍മാരായ ഡോ. പ്രീമുസ് പെരിഞ്ചേരി, ഡോ. ഹെന്റി ആഞ്ഞിപ്പറമ്പില്‍, ഡോ. ടോണി ഫെര്‍ണാണ്ടസ് എന്നിവരും ഹൈബി ഈഡന്‍ എംപി, ടി.ജെ. വിനോദ് എംഎല്‍എ, മുന്‍ മന്ത്രി ഡൊമിനിക് പ്രസന്റേഷന്‍ എന്നിവര്‍ പങ്കെടുത്തു.

അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം (ഗ്ലോറിയ ഇന്‍ എക്‌സെല്‍സിസ് ദേവോ) എന്ന ഗാനവും തുടര്‍ന്ന് തേദേവും ലൗദാമുസ് എന്ന സ്‌തോത്രഗീതവും ആലപിക്കപ്പെട്ടു. തിരുക്കര്‍മങ്ങളുടെ സമാപനത്തില്‍ കത്തീഡ്രല്‍ റെക്ടര്‍ മോണ്‍. ജോസഫ് പടിയാരംപറമ്പില്‍, അതിരൂപതാ വികാരി ജനറല്‍മാരായ മോണ്‍. മാത്യു കല്ലിങ്കല്‍, മോണ്‍. മാത്യു ഇലഞ്ഞിമിറ്റം തുടങ്ങിയവരുടെ നേതൃത്വത്തില്‍ ദൈവദാസന്റെ ഛായാചിത്രം കത്തീഡ്രലിനോടുചേര്‍ന്നുള്ള സ്മൃതിമന്ദിരത്തിലെ കബറിടത്തിലേക്ക് പ്രദക്ഷിണമായി സംവഹിച്ചുകൊണ്ടുപോയി പ്രതിഷ്ഠിച്ചു. ദൈവദാസന്റെ നാമകരണത്തിനുവേണ്ടിയുള്ള പ്രാര്‍ഥന ആര്‍ച്ച്ബിഷപ് കളത്തിപ്പറമ്പില്‍ നയിച്ചു.

ദൈവദാസന്റെ ജീവിതരേഖ

  • ജനനം: 1894 ജൂണ്‍ 25 വൈപ്പിന്‍കര ഓച്ചന്തുരുത്ത് ക്രൂസ് മിലാഗ്രിസ് ഇടവകയില്‍.
  • വൈദികപട്ടം: 1926 ഡിസംബര്‍ 18 റോമില്‍, റോമിലെ വികാരി ജനറല്‍ കര്‍ദിനാള്‍ ബസീലിയോ പോംപിലിയില്‍ നിന്ന്.
  • വരാപ്പുഴ കോഅജുത്തോര്‍ ആര്‍ച്ച്ബിഷപ്, ഗബൂല സ്ഥാനിക മെത്രാപ്പോലീത്താ നിയമനം: 1932 നവംബര്‍ 29 പതിനൊന്നാം പീയൂസ് പാപ്പായുടെ ബൂളാ.
  • മെത്രാനായി അഭിഷേകം: 1933 ജൂണ്‍ 11 വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പതിനൊന്നാം പീയൂസ് പാപ്പായുടെ കൈവയ്പിലൂടെ.
  • ആര്‍ച്ച്ബിഷപ്പായി ചുമതലയേല്‍ക്കല്‍: 1934 നവംബര്‍ 15 ആര്‍ച്ച്ബിഷപ് എയ്ഞ്ചല്‍ മേരി പെരെസ് സെസിലിയയില്‍ നിന്ന്.
  • സ്ഥാനാരോഹണം: 1934 ഡിസംബര്‍ 21ന് എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍.
  • പാലിയ വസ്ത്രധാരണം: 1935 ജൂലൈ 25 ഇന്ത്യയിലെ അപ്പസ്‌തോലിക ഡെലഗേറ്റ് ആര്‍ച്ച്ബിഷപ് ലെയോ പീറ്റര്‍ കീയര്‍ക്കെല്‍സിന്റെ കാര്‍മികത്വത്തില്‍.
  • സ്വര്‍ഗീയ ഗേഹത്തിലേക്ക്: 1970 ജനുവരി 21ന് ബുധനാഴ്ച രാത്രി 9.30ന് ലൂര്‍ദ് ആശുപത്രിയില്‍ കാലം ചെയ്തു.
  • കബറടക്കം: 1970 ജനുവരി 23ന് വെള്ളിയാഴ്ച സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ ഇന്ത്യയിലെ പ്രഥമ കര്‍ദിനാളും ബോംബെ ആര്‍ച്ച്ബിഷപ്പുമായ ഡോ. വലേറിയന്‍ ഗ്രേഷ്യസിന്റെ മുഖ്യകാര്‍മികത്വത്തില്‍.
  • 39-ാം വസയില്‍ വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്തയായി സ്ഥാനമേല്‍ക്കുമ്പോള്‍ അദ്ദേഹം ഇന്ത്യ, ബര്‍മ, സിലോണ്‍ എന്നിവ ഉള്‍പ്പെടുന്ന ഉപഭൂഖണ്ഡത്തിലെ കത്തോലിക്കാ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ വൈദികമേലധ്യക്ഷനും, ഇന്ത്യയിലെയും തെക്കന്‍, തെക്കുകിഴക്കന്‍ ഏഷ്യയിലെയും പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്തയുമായിരുന്നു. 36 വര്‍ഷം നീണ്ട അജപാലനശുശ്രൂഷയും അന്ന് റോക്കോഡായിരുന്നു.

നാമകരണ നടപടിക്രമം

ദൈവദാസന്റെ നാമകരണത്തിനായുള്ള അതിരൂപതാ തലത്തിലുള്ള കാനോനികവും നൈയാമികവുമായ അന്വേഷണങ്ങള്‍ക്കായി ആര്‍ച്ച്ബിഷപ് കളത്തിപ്പറമ്പില്‍ പ്രത്യേക ട്രൈബ്യൂണല്‍ രൂപവത്കരിക്കും. കപ്പുച്ചിന്‍ സ്ന്ന്യാസസമൂഹാംഗമായ ഫാ. ആന്‍ഡ്രൂസ് അലക്‌സാണ്ടര്‍ ആണ് പോസ്റ്റുലേറ്റര്‍. പ്രാഥമിക അന്വേഷണങ്ങളുടെ ഭാഗമായി ആര്‍ച്ച്ബിഷപ് അട്ടിപ്പേറ്റിയുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുള്ളവരില്‍ രണ്ട് ആര്‍ച്ച്ബിഷപ്പുമാരും ആറ് മെത്രാന്മാരും രണ്ട് മോണ്‍സിഞ്ഞോര്‍മാരും ഉള്‍പ്പെടെ 40 സാക്ഷികളുടെ മൊഴി ഉള്‍പ്പെടെയുള്ള രേഖകളും ആധികാരിക വിശകലനങ്ങളും വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന് ആര്‍ച്ച്ബിഷപ് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ദൈവദാസ പദപ്രഖ്യാപനത്തിന് പരിശുദ്ധ സിംഹാസനം അനുമതി നല്‍കിയത്.

ദൈവദാസന്റെ ജീവിതവിശുദ്ധിയും സുകൃതപുണ്യങ്ങളും വിശുദ്ധിയുടെ പ്രസിദ്ധിയും സംബന്ധിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ധീരമായ വിശ്വാസസാക്ഷ്യം സ്ഥിരീകരിക്കുന്ന മുറയ്ക്ക് അര്‍ഥിയെ ധന്യനായി പരിശുദ്ധ പിതാവ് പ്രഖ്യാപിക്കും.
ധന്യന്റെ മാധ്യസ്ഥ്യത്താല്‍ നടക്കുന്ന അദ്ഭുതങ്ങളിലൊന്ന് ദൈവശാസ്ത്ര വിദഗ്ധരും മെഡിക്കല്‍ വിദഗ്ധരും ഉള്‍പ്പെടുന്ന സമിതികള്‍ സൂക്ഷ്മമായി പഠിച്ച് പ്രകൃത്യതീതമെന്നു സ്ഥിരീകരിച്ചതിനുശേഷം തിരുസംഘത്തിലെ കര്‍ദിനാള്‍മാരുടെയും മെത്രാപ്പോലീത്തമാരുടെയും മറ്റും സമിതി അംഗീകരിച്ച് സമര്‍പ്പിക്കുകയും അത് അംഗീകരിക്കുകയും ചെയ്തുകൊണ്ട് വാഴ്ത്തപ്പെട്ടവന്‍ എന്ന് പരിശുദ്ധ പിതാവ് പ്രഖ്യാപിക്കുന്നതാണ് അടുത്ത ഘട്ടം.
അള്‍ത്താരവണക്കത്തിനായി സാര്‍വത്രിക സഭയുടെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതാണ് നാമകരണം എന്ന അന്തിമ നടപടി. ഇത് സാധാരണഗതിയില്‍ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ പരിശുദ്ധ പിതാവ് പ്രഖ്യാപിക്കും.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker