ജീവിതത്തിന്റെ നാനാതുറകളില്‍ വ്യാപരിക്കുന്ന 90% ആള്‍ക്കാരെയും ബാധിച്ചിരിക്കുന്ന ഒരു രോഗമാണ്, അപചയമാണ്, തിന്മയാണ്, അധമ സംസ്കാരമാണ് ‘ആരംഭ ശൂരത്വം’. ഈ ആരംഭ ശൂരത്വത്തെ “പുത്തനച്ചി പുരപ്പുറം തൂക്കുമെന്ന്” നമുക്ക് മൊഴിമാറ്റം നടത്താം. ബലം കുറഞ്ഞ മനസ്സിന്റെ വ്യാപാരമാണിത്. വേണ്ടത്ര ചിന്തയും, ജാഗ്രതയും, വിലയിരുത്തലും, സൂക്ഷമതയും കൂടാതെയുള്ള ഒരു പ്രവർത്തി. കഠിനാധ്വാനവും, സ്ഥിരോത്സാഹവും, ദീര്‍ഘവീക്ഷണവും കൂടാതെ ചിലത് കാട്ടിക്കൂട്ടുന്നു. തുടക്കത്തില്‍ കാണിക്കുന്ന വീറും, വാശിയും, ഉത്സാഹവും ദിനംപ്രതി ക്ഷയിച്ചു ക്ഷയിച്ച് ഇല്ലാതായിത്തീരുന്ന ദുരവസ്ഥ. ഇത് നമ്മെ നിഷ്ക്രീയത്വത്തിലേക്കും, ജീര്‍ണ്ണതയിലേക്കും കൂട്ടിക്കൊണ്ടുപോകും. നമ്മില്‍ നിന്ന് കുടുംബം, സമൂഹം പ്രതീക്ഷിക്കുന്ന ഫലം പുറപ്പെടുവിക്കാതെ പോകും. വന്ധ്യമായ ഒരു മനസിന്റെയും മനഃസാക്ഷിയുടെയും പ്രതിഫലനമായി മാറും. അലസതയും ജഡികതയും മുഖമുദ്രയായിട്ട് മാറും. ഒടുവില്‍ നാം ഭൂമിക്കു ഭാരമായി ഇരുകാലില്‍ ചരിക്കുന്ന ഒരു മൃഗമായി അധഃപതിക്കും. കര്‍മ്മനിരതമായ ഒരു ജീവിതത്തിന് മാത്രമേ ലോകത്തിന് എന്തെങ്കിലും സംഭാവ ചെയ്യാന്‍ കഴിയൂ. “ലോകം ഉറങ്ങുമ്പോള്‍ ഉണര്‍ന്നിരിക്കുന്നവര്‍ക്ക് മാത്രമേ ചരിത്രം രചിക്കാന്‍ കഴിഞ്ഞിട്ടുളളൂ”. നമ്മെ സൃഷ്ടിച്ച ദൈവത്തിന് നമ്മെക്കുറിച്ച് ഒരു യജമാന പദ്ധതിയുണ്ട്. ആ പദ്ധതി സമയ ബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ 80, 100, 120 വര്‍ഷക്കാലമേ ഈ ഭൂമിയില്‍ നമുക്കു ലഭിക്കുകയുളളൂ.
നമ്മുടെ വ്യക്തിത്വത്തിന്റെ അപഭ്രംശമാണ് ആരംഭ ശൂരത്വം. അധ്വാനിക്കാതെ, വിയര്‍ക്കാതെ അപ്പം ഭക്ഷിക്കാനുളള മനസിന്റെ മനോഭാവമാണ് ആരംഭ ശൂരത്വത്തിന്റെ അടിത്തറ. സമയവും, സന്ദര്‍ഭവും, സാഹചര്യങ്ങളും, അവസരങ്ങളും, സാധ്യതകളും നഷ്ടപ്പെടുത്തിയാല്‍ ഭാവി ഇരുളടഞ്ഞതായി മാറും. അതിനാല്‍ ഇതാണ് സ്വീകാര്യമായ സമയം. ഇതാണ് പ്രവർത്തിക്കാനുളള സമയം. ജീവിതത്തിന് ഒരു മുന്‍ഗണനാ ക്രമം അനിവാര്യമാണ്. ലോട്ടറി വില്‍പനക്കാരന്‍ വിളിച്ചു പറയുന്നതുപോലെ നാളെ, നാളെ എന്നു നാം ഓരോ കാര്യവും നീട്ടി വച്ച് മുന്നോട്ടുപോയാല്‍ ജീവിതത്തിന്റെ ലക്ഷ്യം കൈവരിക്കാതെ ദുഃഖിക്കേണ്ടതായി വരും. മടിയന്‍ മലചുമക്കുമെന്ന പഴമൊഴി മറക്കാതിരിക്കാം. സര്‍ക്കാര്‍ ഓഫീസുകളില്‍ ചുവപ്പു നാടയില്‍ കുരുങ്ങിക്കിടക്കുന്ന ഫയലുകള്‍…!!! പഠന കാലത്ത് യഥാസമയം പഠിക്കാതെ, ഗൃഹപാഠം ചെയ്യാതിരിക്കുന്ന വിദ്യാര്‍ഥികള്‍…!!!ഭവനത്തിന്റെ പണി ആരംഭിച്ചിട്ട് മുഴുമിപ്പിക്കാതെ വര്‍ഷങ്ങളോളം നീണ്ടുപോകുന്നത്…!!! വലിയ-വലിയ പദ്ധതികള്‍ തുടങ്ങിയിട്ട് പൂര്‍ത്തിയാക്കാതെ നീട്ടിക്കൊണ്ടുപോകുന്ന പരിതാപകരമായ അവസ്ഥ….!!! ഇവയെല്ലാം ആരംഭ ശൂരത്വത്തിന്റെ സന്തതികളാണ്. ഈ “മെല്ലെപോക്ക്”നയം നാം ബലം പ്രയോഗിച്ചുതിരുത്തിയേ മതിയാകൂ. ആത്മീയ മേഖലയിലും ആരംഭ ശൂരത്വം വളരെ പ്രകടമായ വിധത്തില്‍ നമുക്കിന്ന് വായിച്ചെടുക്കാന്‍ കഴിയും. വരും തലമുറ നമ്മെ ശപിക്കാതിരിക്കാന്‍, നാം സ്വയം ശപിക്കാതിരിക്കാന്‍ നമുക്കു ജാഗ്രതയോടെ വര്‍ത്തിക്കാം. ആരംഭ ശൂരത്വം തിന്മയാണ്, പാപമാണ്, ദൈവനിഷേധമാണെന്ന് തിരിച്ചറിയാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ!!!