Kerala

ആയിരം കിലോ മുന്തിരികൊണ്ട് ദിവ്യകാരുണ്യ പന്തൽ ഒരുക്കി കൊരട്ടി അമലോത്ഭവമാതാ ദേവാലയം

പടക്കം പൊട്ടിച്ചും, പ്ലാസ്റ്റിക് തോരണങ്ങൾകൊണ്ട് പരിസ്ഥിതിയെ മലിനമാക്കുന്നതിലും നൂറുമടങ്ങ് ഉപയോഗപ്രദമെന്ന് വിശ്വാസികൾ

ജോസ് മാർട്ടിൻ

കൊരട്ടി: വരാപ്പുഴ അതിരൂപതയിലെ കൊരട്ടി അമലോത്ഭവ മാതാ ദേവാലയത്തിൽ ജൂൺ രണ്ടിന് നടന്ന ദിവ്യകാരുണ്യ തിരുനാൾ ഏറെ വ്യത്യസ്തമായി. കൊടിതോരണങ്ങളും മറ്റ് അലങ്കാര വസ്തുക്കളും ഒഴിവാക്കി ‘ആയിരം കിലോ മുന്തിരി’ കൊണ്ട് അലങ്കരിച്ച പന്തലിലൂടെയുള്ള ദിവ്യകാരുണ്യ പ്രദക്ഷിണം വ്യത്യസ്ത അനുഭവമായിരുന്നുവെന്ന് വിശ്വാസികൾ.

പള്ളിയിലെ ‘സ്നേഹ സമൂഹ കൂട്ടായ്മ’കളിലൂടെയാണ് ദിവ്യകാരുണ്യ പ്രദക്ഷിണത്തിനായുള്ള മുന്തിരി പന്തലൊരുക്കിയത്. സ്നേഹ സമൂഹ കൂട്ടായ്മകൾക്ക് വീതിച്ചു നൽകിയ മുന്തിരി കുലകൾ കൊണ്ട് ഇടവക ജനം തങ്ങളുടെ ദിവ്യകാരുണ്യ നാഥനെ വരവേൽക്കാനുള്ള പന്തലൊരുക്കുകയായിരുന്നു.

ജൂൺ രണ്ടിനു രാവിലെ 10.45-ന് നടന്ന സമൂഹ ദിവ്യബലിയിൽ ഫാ.ജോസഫ് പള്ളി പറമ്പിൽ മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന്, മുന്തിരി പന്തലിൽലൂടെ ദിവ്യകാരുണ്യ പ്രദിക്ഷണവും. വികാരി ഫാ.ബിജു തട്ടാശ്ശേരി, ഫാ.മിഥുൻ ചെമ്മനത്തു എന്നിവർ നേതൃത്വം നൽകി.

ആഘോഷങ്ങൾക്ക് ശേഷം ഇടവക അംഗങ്ങൾക്ക് തന്നെ തുച്ഛമായ വിലക്ക് കിറ്റുകളിലാക്കി മുന്തിരി വിതരണം ചെയ്തു. കഴിഞ്ഞവർഷം വാഴക്കുലകളും പച്ചക്കറികളും കൊണ്ട് അലങ്കരിച്ച പന്തലിലായിരുന്നു ദിവ്യകാരുണ്യ പ്രദക്ഷിണം.

ഇത്തരത്തിൽ വിഭവങ്ങൾ കൊണ്ട് പന്തലൊരുക്കി ധൂർത്ത് നടത്തുന്നു എന്ന് പറയുന്നവർക്ക് ഇവടവകയിലെ വിശ്വാസികളുടെ മറുപടി ഇങ്ങനെ: ‘പടക്കം പൊട്ടിച്ചും, പ്ലാസ്റ്റിക് തോരണങ്ങൾകൊണ്ട് പരിസ്ഥിതിയെ മലിനമാക്കുന്നതിലും നൂറുമടങ്ങ് ഉപയോഗപ്രദവും, നല്ലതുമാണ് മുന്തിരികൊണ്ട് കെട്ടിയ പന്തൽ. പ്രത്യേകിച്ച് ദിവ്യകാരുണ്യ പ്രദിക്ഷണത്തിലൂടെ മുന്തിരികൾ ആശീർവദിക്കപ്പെടുകയും, വിശ്വാസികൾക്ക് അവ ലഭ്യമാകുന്നതിലൂടെ അതിന്റെ ശോഭ വർധിക്കുകയും ചെയ്യുന്നു’.

മുൻകാലങ്ങളിലും താൻ സേവനം ചെയ്തിരുന്ന ഇടവകകളിൽ ഇത് പോലെ തികച്ചും പ്രകൃതിദത്തമായ വിഭവങ്ങൾ കൊണ്ട് പന്തൽ അലങ്കരിച്ചിട്ടുണ്ടെന്നും, വിശ്വാസി സമൂഹം വളരെ ഹൃദ്യതയോടെ അവയൊക്കെയും സ്വീകരിക്കുകയും, ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ വളരെ യോഗ്യതയോടെ പങ്കെടുത്തിരുന്നുവെന്നും ഫാ.ബിജു കാത്തലിക് വോക്സിനോട് പറഞ്ഞു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker