ഇനി ഹെൽമറ്റ് വേണ്ടാ!!!
ആമയും മുയലും തമ്മിലുളള ഓട്ടമത്സരം നാം കേട്ടു തഴമ്പിച്ച ഒരു കഥയാണ്. ആ കഥയിലൊരു ഗുണപാഠം ഉണ്ട് എന്നത് ശരിതന്നെ. ആ കഥ ഒരു പുനര്‍വായനയ്ക്ക് വിധേയമാക്കുകയാണ്. ഓട്ടപ്പന്തയത്തിലായിരിക്കുന്ന ഒരാള്‍ വിശ്രമിക്കുക, ഉറങ്ങുക എന്നത് തികച്ചും അസംഭവ്യം. ഇനി ആരംഭ ശൂരത്വം എന്ന് വിളിക്കാം. തുടക്കത്തില്‍ വലിയ ഉത്സാഹവും, ആവേശവും കാണിക്കും തുടര്‍ന്ന് അലസതയും, കെടുകാര്യസ്ഥതയും കാണിക്കും എന്ന് വേണേല്‍പ്പറയാം. ഇനി “ഫിനിഷിംഗ്” പോയിന്റിൽ എത്തുന്നതിന് മുന്‍പ് ഒരു പുഴ നീന്തിക്കടക്കാനുണ്ടായിരുന്നു അത് ആമയ്ക്ക് സൗകര്യമായി എന്നു പറയാം… വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ ഈ കഥക്ക് നമ്മുടെ ദൈനംദിന ജീവിതവുമായി വളരെയധികം പ്രസക്തിയുണ്ട്. മനുഷ്യ ജീവിതം ഒരു മത്സരക്കളരിയാണ്. വിജയിക്കുന്നവനാണ് സ്ഥാനമാനങ്ങളും അംഗീകാരവും നൽകുക. നിമിഷങ്ങളുടെ വ്യത്യാസത്തിൽ ഓട്ടമത്സരത്തില്‍ തോറ്റവരുടെ ചരിത്രം കണ്മുന്പിലുണ്ട്. നിരന്തരമായ പരിശീലനം…! കഠിനാധ്വാനം…! സ്ഥിരോത്സാഹം….! ലക്ഷ്യബോധം….! ജ്വലിക്കുന്ന ആഗ്രഹം….! ഇവയെല്ലാം ചേരുമ്പോഴാണ് വിജയം… “ഉന്നത വിജയം”… നേടാനാവുക…!
ആമയും മുയലും സ്നേഹിതരായിരുന്നു. പലതവണ ഓട്ടപ്പന്തയം നടത്തിയിരുന്നു. അപ്പോഴെല്ലാം മുയല് വിജയം ഉറപ്പിച്ചിരുന്നു. ആമയെ തോറ്റതിന്റെ പേരില്‍ കളിയാക്കിയിരുന്നു. തോല്‍വി മനസ്സില്‍ ഒരു നീറ്റലായി ആമ സൂക്ഷിച്ചു. ആമ സ്വയം വിമര്‍ശനത്തിനും, വിശകലനത്തിനും വിധേയമായി. തോല്‍വിയുടെ കാര്യകാരണങ്ങളെ വിലയിരുത്തി. എന്തുകൊണ്ട്…? എന്തുകൊണ്ട് താന്‍ തോല്ക്കുന്നു? മത്സരത്തിന്റെ നിബന്ധനകളൊക്കെ കൃത്യമായി പാലിക്കുന്നു… എങ്കിലും മത്സരത്തില്‍ താന്മാത്രം തോല്ക്കുന്നു. ആമ ധ്യാനത്തിലമര്‍ന്നു. കഴിഞ്ഞ കാല അനുഭവങ്ങളെ ഓരോന്നായി അപഗ്രഥിച്ചു. ഒടുവില്‍ ആമ മുയലിനെ പഠനവിധേയമാക്കി. എന്താണ് മുയലിന്റെ വിജയത്തിന്റെ രസതന്ത്രം… എന്താണ്? അങ്ങനെ ആമ ഒരു പുതിയ ചക്രവാളത്തിലേക്ക് ഇഴഞ്ഞു കയറി. അതെ… അതൊരു പുതിയ വെളിച്ചമായിരുന്നു. താന്‍ അമിത ഭാരം വഹിച്ചുകൊണ്ടാണ് ഓടുന്നത്…! ആമ തിരിച്ചറിവിലേക്ക് വളര്‍ന്നു. അന്തര്‍മുഖത്വം (ഉള്‍വലിയല്‍) ഉപേക്ഷിക്കണം. നിസ്സംഗതാഭാവം ഉപേക്ഷിക്കണം. അപകര്‍ഷതാബോധം ഉപേക്ഷിക്കണം. ആവശ്യമില്ലാത്ത ഭാരം ഉപേക്ഷിക്കണം. അതെ! തന്റെ പുറത്ത് വച്ചിരിക്കുന്ന ഈ “ഹെല്‍മെറ്റ്” (പുറംതോട്) മാറ്റിവയ്ക്കണം… അത് ഉറച്ച തീരുമാനവും ബോധ്യവുമായിരുന്നു. നമ്മുടെ മുന്നിലും ഈ “ഹെല്‍മെറ്റ്” ഒരു തടസ്സമാണ്. പരാജയകാരണമാണ്. അസൂയ, അലസത, അപകര്‍ഷത, നിസ്സംഗത, സ്ഥിരോത്സാഹക്കുറവ് etc.etc. യാത്ര സുഖകരമാകണമെങ്കില്‍ ഭാരം കുറഞ്ഞിരിക്കണം. ആകുലതകളും, അസ്വസ്ഥതകളും, നിരാശതയും, അലസതയും മാറ്റിവയ്ക്കാം. കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിക്കാം… തമ്പുരാന് ശക്തിപകരും…! വിജയം സുനിശ്ചിതം!!