Meditation

ആന്തരികതയുടെ ആത്മീയത (മർക്കോ. 7:1-8,14-15, 21-23)

ശുദ്ധിയെ പോലെയല്ല അശുദ്ധി. അത് പകരും...

ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ

വിഷയം ശുദ്ധിയും അശുദ്ധിയുമാണ്. യേശുവിന്റെ ശിഷ്യന്മാരിൽ ചിലർ കൈ കഴുകാതെ ഭക്ഷണം കഴിക്കുന്നുവത്രേ. ഫരിസേയരും ജറുസലേമിൽ നിന്നും വന്ന നിയമജ്ഞരുമാണ് അത് കണ്ടുപിടിച്ചത്. ഗലീലിയിലെ ഫരിസേയരായിരിക്കാം ജറുസലേമിൽ നിന്നും നിയമജ്ഞരെ വിളിച്ചു വരുത്തിയിട്ടുണ്ടാവുക. ഇതാ, കുറ്റങ്ങളും കുറവുകളും കണ്ടെത്തുവാനായി അവന്റെ ചുറ്റും ചിലർ കൂടിയിരിക്കുന്നു.

ശുദ്ധത വിശുദ്ധിയുടെ പര്യായമാണ്. ചില ഇടപെടലുകളാണ് ഒരാളെ അശുദ്ധമാക്കുന്നതെന്നാണ് തോറാ പറയുന്നത്. ശുദ്ധിയെ പോലെയല്ല അശുദ്ധി. അത് പകരും. അതുകൊണ്ടാണ് അശുദ്ധമായതുമായി ഇടപെടുന്നവർ സ്വയം ശുദ്ധമാക്കണമെന്ന് നിയമം പറയുന്നത്. കൈ കഴുകാൻ നിർബന്ധിക്കുന്നതിലൂടെ ആരോഗ്യസംരക്ഷണം ഒന്നുമല്ല ഇവിടത്തെ വിഷയം. ഭക്ഷണം ശുദ്ധമാണ്, വിശുദ്ധമാണ്. അതിനെ അശുദ്ധമായ കരംകൊണ്ട് കഴിച്ചാൽ ഭക്ഷണവും കഴിക്കുന്ന വ്യക്തിയും അശുദ്ധമാകും എന്നതാണ്. ആചാരങ്ങളുടെ ആത്മീയതയാണ് ഈ നിയമങ്ങളുടെ പിന്നിലെ യുക്തി. എല്ലാവരും ഈ നിയമങ്ങൾ പ്രാവർത്തികമാക്കിയിരുന്നില്ല എന്നതിന്റെ തെളിവാണ് ശിഷ്യന്മാരിൽ ചിലർ കൈകൾ ശുദ്ധിയാക്കാതെ ഭക്ഷണം കഴിച്ചിരുന്നു എന്ന് സുവിശേഷകൻ പറയുന്നത്. ഈ ശുദ്ധീകരണത്തിന്റെ നിയമങ്ങളെല്ലാം തോറയിൽ കുറിച്ചിരിക്കുന്നത് ദേവാലത്തിനോടും അനുഷ്ഠാനങ്ങളോടും ചേർന്നുനിൽക്കുന്ന പുരോഹിതർക്ക് വേണ്ടിയാണ്. പക്ഷേ പിന്നീട് ആത്മീയതയുടെമേൽ അനുഷ്ഠാനങ്ങൾ പിടിമുറുക്കിയപ്പോൾ അവ എല്ലാവർക്കും ബാധകമാകുകയായിരുന്നു.

ആചാരങ്ങൾ അനുഷ്ഠിക്കണമോ വേണ്ടയോ എന്നതല്ല യേശുവിന്റെ വിഷയം, അവയിലൂടെ ഏത് ദൈവത്തെയാണ് നമ്മൾ ചിത്രീകരിക്കുന്നത് എന്നതാണ്. നമ്മെ പരിപാലിക്കുന്ന പിതാവായ ദൈവത്തെയാണോ, അതോ കുറ്റം കണ്ടെത്താൻ നോക്കിയിരിക്കുന്ന നിയമപാലകനായ ഒരു ദൈവത്തെയാണോ. പാരമ്പര്യങ്ങൾക്ക് അമിത പ്രാധാന്യം കൊടുക്കുന്ന ആത്മീയതയിൽ ദൈവം ഒരു പിതാവാണോ? ശുദ്ധീകരണ നിയമങ്ങൾ പോലെയുള്ള നിയമങ്ങൾ നല്ലതുതന്നെയാണ്. പക്ഷേ ആ നിയമങ്ങൾക്കുള്ളിൽ ആത്മാവുണ്ടോ? ആത്മാവില്ലാത്ത അനുഷ്ഠാനങ്ങൾക്ക് ഒരർത്ഥവുമില്ല. അത് യുക്തിരഹിതമായ ഒരു ശീലം മാത്രമാണ്. അങ്ങനെയുള്ള അനുഷ്ഠാനങ്ങൾ ഫോർമലിസവും മൗലികവാദവും മാത്രമേ വളർത്തു.

ശുദ്ധീകരണ നിയമത്തിന്റെ ആവശ്യകതയുമായി വന്നവരെ കപടനാട്യക്കാരെ എന്നാണ് യേശു വിളിക്കുന്നത്. ഗ്രീക്കിൽ ὑποκριτής (hupokrités) എന്നാണ്. മുഖംമൂടി ധരിച്ച അഭിനേതാവ് എന്നാണ് ആ പദത്തിന്റെ അർത്ഥം. യഥാർത്ഥ മുഖം കാണിക്കാത്തവർ. ഔപചാരികതയുടെ വക്താക്കളാണവർ. ദൈവ മനുഷ്യബന്ധത്തെ ആചാരാനുഷ്ഠാനങ്ങളിലേക്ക് വിവർത്തനം ചെയ്ത് ആത്മീയതയുടെ സൗന്ദര്യത്തെയും ഭാവനയെയും ശ്വാസംമുട്ടിക്കുന്നവർ. അവരെ സംബന്ധിച്ച് മതമെന്നത് ഒരു കൊടുക്കൽ-വാങ്ങലിന്റെ ഇടം മാത്രമാണ്.
രണ്ടു കാര്യങ്ങളാണ് യേശു വ്യക്തമാക്കുന്നത്: ഒന്ന്, ദൈവത്തിന്റെ കൽപ്പനയെ വളച്ചൊടിക്കരുത്. ദൈവത്തിന്റേതാണ് എന്ന് പറഞ്ഞുകൊണ്ട് നമ്മുടെ പാരമ്പര്യങ്ങളും മാനദണ്ഡങ്ങളും ആരുടെമേലും അടിച്ചേൽപ്പിക്കരുത്. നമ്മുടെ ചിന്തകളുടെ ആധികാരികത ദൈവത്തിനു കൊടുക്കരുത്. രണ്ട്, ശുദ്ധമോ അശുദ്ധമോ ആയ വസ്തുക്കളൊന്നുമില്ല. പക്ഷേ ശുദ്ധമോ അശുദ്ധമോ ആയ ഹൃദയങ്ങളുണ്ട്. പുറത്തല്ല ശുദ്ധിയും അശുദ്ധിയും ഉള്ളത്, അകത്താണ്. ഉള്ളം ശുദ്ധമാണോ, എങ്കിൽ എല്ലാം ശുദ്ധമായിരിക്കും.

നമ്മൾ അനുവദിച്ചു കൊടുക്കുന്നില്ലെങ്കിൽ പുറത്തുനിന്നും ഒരു തിന്മയ്ക്കും നമ്മിൽ പ്രവേശിക്കാൻ കഴിയില്ല. ശരീരത്തിന് പുറത്തുള്ള ഒന്നും നമ്മെ അശുദ്ധരാക്കില്ല. അവ ഭക്ഷണമായാലും ബന്ധമായാലും സമ്പർക്കമായാലും ശരി. ബാഹ്യപരതയ്ക്കല്ല ആന്തരികതയ്ക്കാണ് ആത്മീയതയിൽ പ്രാധാന്യം. ഹൃദയം ശുദ്ധമാണോ? എങ്കിൽ എല്ലാം വിശുദ്ധവുമാണ്. അനുഷ്ഠാനങ്ങളുടെ പേരിൽ ആന്തരികത നഷ്ടപ്പെടുന്നുവെന്ന് കണ്ടതുകൊണ്ടാണ് യേശു ഏശയ്യാ പ്രവാചകനെ ഉദ്ധരിക്കുന്നത്: “ഈ ജനം അധരങ്ങള്‍കൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം എന്നില്‍നിന്നു വളരെ ദൂരെയാണ്” (മർക്കോ 7:6, ഏശ 29:13). ഇത് ദൈവത്തിന്റെ വിലാപമാണ്. നമ്മുടെ അധരങ്ങൾ മഹത്തായ കാര്യങ്ങൾ പറയുന്നു. പക്ഷേ നമ്മുടെ പാദങ്ങൾക്ക് അവയെ പിന്തുടരാൻ പറ്റുന്നില്ല. നമ്മുടെ അധരങ്ങൾ ഔദാര്യത്തെക്കുറിച്ച് പറയുന്നു. പക്ഷേ നമ്മുടെ കരങ്ങൾക്ക് അവയൊന്നും അറിയില്ല. നമ്മുടെ അധരങ്ങൾ ദൈവത്തെ സ്തുതിക്കുന്നു, പക്ഷേ നമ്മുടെ കാതുകൾക്ക് അവന്റെ വചനം ശ്രവിക്കാൻ സമയമില്ല.

ഒരു നിയമവും ലംഘിക്കാൻ യേശു ശിഷ്യന്മാരെ പഠിപ്പിക്കുന്നില്ല. പാലിക്കാനാണ് പറയുന്നത്. പാലിക്കേണ്ടത് നിയമത്തിന്റെ രൂപത്തെയല്ല, സത്തയെയാണ്. ബാഹ്യപരതയ്ക്ക് മാത്രം പ്രാധാന്യം കൊടുക്കുന്ന നിയമങ്ങൾ ദൈവത്തിൽ നിന്നാകണമെന്നില്ല. മനുഷ്യന്റെ സ്വഭാവത്തെയും പെരുമാറ്റത്തെയും പ്രചോദിപ്പിക്കുക എന്നതായിരുന്നു തോറയുടെ ലക്ഷ്യം. പക്ഷേ കാലക്രമേണ അത് ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി മാറുകയും ദൈവീകതയുടെ പ്രാഥമികതയെ ഇല്ലാതാക്കുകയും ചെയ്തു. ഈ ഒരു അപകടം നമ്മൾ “പാരമ്പര്യം” എന്ന് വിളിക്കുന്ന പലതിലും ഉണ്ടാകാവുന്നതാണ്. അങ്ങനെ വരുമ്പോൾ നമുക്കായി നമ്മൾ ഉണ്ടാക്കിയ പല ആചാരങ്ങളുടെയും അടിമകളായി നമ്മൾ മാറും. അത് നമ്മെ മറ്റുള്ളവരിൽ നിന്നും അന്യവൽക്കരിക്കുക മാത്രമല്ല ചെയ്യുക, നമ്മുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയും ചെയ്യും. നിയമങ്ങളും ആചാരാനുഷ്ഠാനങ്ങളും അമിതമായാൽ അവ പാലിക്കാതിരിക്കാനുള്ള സാധ്യതയും വർദ്ധിക്കും. ഒപ്പം കാപട്യത്തിനുള്ള അവസരവും. അപ്പോൾ വേണ്ടത് എന്താണ്? ഒരു കാര്യം മാത്രം മതി: വിവേചനാധികാരം. എന്താണ് എന്നേക്കും നിലനിൽക്കുക? അത് കർത്താവിന്റെ വചനം മാത്രമാണ്. കർത്താവിൻ്റെ വചനത്തെ വിവേചിച്ചറിയുക, അതനുസരിച്ച് ജീവിക്കുക.

Show More

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker