ആദ്യവ്രത വാഗ്ദാനം നടത്തിയതിന്റെ സന്തോഷത്തിൽ പതിനൊന്ന് സന്യാസിനികൾ
ഇനിമുതൽ അവർ ഹാൻഡ് മെയിഡ്സ് ഓഫ് ഹോപ്പ് സഹോദരിമാർ എന്ന അറിയപ്പെടും
ബ്ലെസൻ മാത്യു
തിരുവനന്തപുരം: ആദ്യവ്രത വാഗ്ദാനം നടത്തിയതിന്റെ സന്തോഷത്തിലാണ് “ഹാൻഡ് മെയിഡ്സ് ഓഫ് ഹോപ്പ്” എന്ന തിരുവനതപുരം അതിരൂപതാ കോൺഗ്രിഗേഷനിലെ പതിനൊന്ന് സഹോദരിമാർ. ഇന്ന് വെട്ടുതുറ സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ വച്ച് രാവിലെ 10.30- ന് പൊന്തിഫിക്കൽ ദിവ്യബലിമധ്യേ അഭിവന്ദ്യ സൂസപാക്യം മെത്രാപോലീത്തായുടെ മുൻപാകെ തങ്ങളുടെ ആദ്യവ്രതം വാഗ്ദാനം നടത്തി, സന്യാസ വസ്ത്രവും സ്വീകരിച്ച് “ഹാൻഡ് മെയിഡ്സ് ഓഫ് ഹോപ്പ്” എന്ന സഭയിൽ ഔദ്യോഗികമായി അംഗങ്ങളായി. ഇനിമുതൽ അവർ ഹാൻഡ് മെയിഡ്സ് ഓഫ് ഹോപ്പ് സഹോദരിമാർ എന്ന അറിയപ്പെടും.
സി.അഞ്ജു, സി.ജോസെഫിൻ, സി.നിജി, സി.ജീനു, സി.ബെനഡിക്ട് മേരി, സി.സജിത, സി.അനു, സി.അലീന, സി.സ്വപ്ന, സി.രേഷ്മ, സി.ശോഭ എന്നീ സഹോദരിമാരാണ് ആദ്യവ്രതം സ്വീകരിച്ച ഹാൻഡ് മെയിഡ്സ് ഓഫ് ഹോപ്പ് സഹോദരിമാർ.
“ഹാൻഡ് മെയിഡ്സ് ഓഫ് ഹോപ്പ്” കോൺഗ്രിഗേഷന്റെ സ്ഥാപകൻ ആർച്ച് ബിഷപ്പ് സൂസൈപാക്യം പിതാവാണ്. പൊന്തിഫിക്കൽ കുർബാനയ്ക്ക് മുഖ്യ കാർമികത്വം വഹിക്കവേ ആർച്ച് ബിഷപ്പ് ആ സന്തോഷം പങ്കുവയ്ക്കാനും മറന്നില്ല. പുനലൂർ ബിഷപ്പ് ഡോ.പൊന്നുമുത്തൻ പിതാവും, അതിരൂപത സഹായമെത്രാൻ ഡോ.ക്രിസ്തുദാസ് പിതാവും, മോൺ.ജോർജ് പോളും തിരുകർമ്മങ്ങളിൽ സഹകാർമികരായി. കൂടാതെ, അതിരൂപതയിലെ അമ്പതോളം വൈദികരും സന്യസ്തരും തിരുകർമ്മങ്ങളിൽ പങ്കെടുത്തു.
അതുപോലെ തന്നെ, സന്യാസാർത്ഥികളുടെ മാതാപിതാക്കളും ബന്ധുക്കളും സഹപാഠികളും ചടങ്ങിൽ സംബന്ധിച്ചു. പ്രാർത്ഥനയോടും പഠനത്തോടും കൂടിയുള്ള ഏറെ നാളത്തെ ഒരുക്കത്തിനു ശേഷം, തങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്ന നിധി സ്വന്തമാക്കിയ സന്തോഷത്തിലാണ് തങ്ങൾ എന്ന് പുതിയ സിസ്റ്റേഴ്സ് പ്രതികരിച്ചു.