ആദിമ ക്രൈസ്തവ സമൂഹത്തിൽ പരസ്പര ബന്ധത്തിന്റെ സമന്വയമുണ്ടായിരുന്നു; ഫ്രാൻസിസ് പാപ്പാ
നമ്മുടെ നിഷ്ക്കളങ്കത, പരിശുദ്ധാത്മാവിന് നമ്മിൽ വന്നു പ്രവർത്തിക്കുന്നതിനായി വാതിൽ തുറന്നു കൊടുക്കും...
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: വീണ്ടും ജനിക്കുക എന്നത് ആത്മാവിനുള്ള ജനനമാണ്. നമുക്ക് പരിശുദ്ധാത്മാവിനെ പിടിച്ചെടുക്കാൻ സാധിക്കില്ല. പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങൾ നമ്മിൽ ഉണ്ടാകുന്നതിനായി, അതുവഴി നമ്മിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നതിനായി പ്രാർത്ഥിക്കാം. നമ്മുടെ നിഷ്ക്കളങ്കത, പരിശുദ്ധാത്മാവിന് നമ്മിൽ വന്നു പ്രവർത്തിക്കുന്നതിനായി വാതിൽ തുറന്നു കൊടുക്കും. പരിശുദ്ധാത്മാവാണ് നമ്മെ മാറ്റുന്നതും, നമുക്ക് വീണ്ടും ആത്മാവിൽ ജനിക്കാനുള്ള ദാനം നൽകുന്നതും. പരിശുദ്ധാത്മാവിനെ അയച്ചു തരാമെന്ന് യേശു വാഗ്ദാനം ചെയ്തിട്ടുണ്ട്. നാം ചിന്തിക്കാത്ത, വിസ്മയാവഹമായ കാര്യങ്ങൾ ചെയ്യാൻ പരിശുദ്ധാത്മാവിനെ കൊണ്ട് കഴിയും. ഉദാഹരണത്തിന്, ആദിമ ക്രൈസ്തവ സമൂഹം ഒരു സാങ്കല്പിക കഥയല്ല. നമുക്ക് എത്രത്തോളം നിഷ്ക്കളങ്ക സ്വഭാവം ഉണ്ടോ അത്രത്തോളം നമ്മിൽപരിശുദ്ധാത്മാവ് വന്നു നിറയും; അതുവഴി നമ്മിൽ മാറ്റങ്ങൾ സംഭവിക്കുകയും ചെയ്യും എന്നതിന് തെളിവാണ്. അതേസമയം, ഈ സമൂഹത്തിൽ പ്രശ്നങ്ങളും, പരിഭ്രാന്തികളും ഉണ്ടാകുന്നു എന്നതും ശ്രദ്ധേയമാണ്.
ആദിമ ക്രൈസ്തവ സമൂഹത്തിൽ പരസ്പര ബന്ധത്തിന്റെ സമന്വയമുണ്ടായിരുന്നു. പരിശുദ്ധാത്മാവാണ് ഈ പരസ്പരബന്ധത്തിന്റെ ഗുരുനാഥൻ. ഈ പരസ്പര ബന്ധത്തിന്റെ സമന്വയം നമ്മുടെ ജീവിതത്തിൽ വരാൻ, നമ്മുടെ ഹൃദയങ്ങളിൽ കുറേ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. അപ്പസ്തോല പ്രവർത്തനങ്ങളിൽ പറയുന്നു, ‘അവർക്ക് കുറെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു’. വളരെ സന്തോഷകരമായ, വിശുദ്ധമായ ഒരു സമൂഹം; പക്ഷേ പിന്നീട് ഈ സമൂഹത്തിൽ ഭിന്നതകൾ ഉണ്ടാകുന്നു. വി.യാക്കോബിന്റെ ലേഖനത്തിൽ രണ്ടാം അധ്യായത്തിൽ പറയുന്നുണ്ട്, യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന നിങ്ങൾ പക്ഷപാതം കാണിക്കരുത്. പരസ്പര ബന്ധത്തിന്റെ സമന്വയത്തിൽ വേണം ഓരോ അപ്പോസ്തലനും പ്രവർത്തിക്കേണ്ടത്. 1കൊറി. 11- ൽ പൗലോസ് അപ്പോസ്തോലൻ പറയുന്നു, “നിങ്ങളുടെ ഇടയിൽ ഭിന്നിപ്പുകൾ ഉണ്ടെന്ന് ഞാൻ കേൾക്കുന്നു”, ഭിന്നത ഉള്ളിൽ ഉണ്ടാകുന്നു. ഇങ്ങനെ ഒരു അവസ്ഥയിൽ എത്തപ്പെടുന്നത് വളരെ വേദനാകരമാണ്. ഒരു സമൂഹത്തിലെ കുറെ കാര്യങ്ങൾ നമ്മെ വേർതിരിക്കുന്നു. അത് ഒരു സമൂഹത്തിലാണെങ്കിലും, ഇടവകയിലാണെങ്കിലും, രൂപതയിലാണെങ്കിലും, സന്യാസ സമൂഹത്തിലാണെങ്കിലും വേർതിരിവ് ഉണ്ടാക്കുന്നു.
എന്താണ് ആദിമ ക്രൈസ്തവ സമൂഹത്തെ വേർതിരിച്ചത്?
I) സമ്പത്തിലെ വേർതിരിവ്: സമ്പത്ത് എല്ലാകാര്യങ്ങളിലും നമ്മെ വേർതിരിക്കുന്നു. പാവപ്പെട്ടവനെന്നും പണക്കാരനെന്നും ഉള്ള വേർതിരിവ് സമൂഹങ്ങളെയും, ഇടവകകളെയും, പള്ളികളെയും, രൂപതകളെയും തമ്മിൽ വേർതിരിക്കുന്നു. യാക്കോബിന്റെ ലേഖനത്തിൽ പറയുന്നു: നിങ്ങളുടെ ഇടയിലേക്ക് സ്വർണമോതിരം അണിഞ്ഞ്, മോടിയുള്ള വസ്ത്രം ധരിച്ച് ഒരുവൻ പ്രവേശിക്കുന്നു എങ്കിൽ അവനെ വേഗം കടത്തിവിടുന്നു. എന്നാൽ, ഒരു ദരിദ്രൻ പ്രവേശിച്ചാൽ അവനെ വേറെ സ്ഥലത്ത് നിർത്തുന്നു, പിന്നെ അവനെ ആരും ശ്രദ്ധിക്കുന്നില്ല. എല്ലാ കാര്യങ്ങളിലും നമ്മെ വേർതിരിക്കുന്നത് സമ്പത്താണ്. ദാരിദ്ര്യം എന്നത് സമൂഹത്തിന്റെ അമ്മയാണ്. സമൂഹങ്ങളെ ഒരുമിച്ച് കൂട്ടി സംരക്ഷിക്കുന്നത് ദാരിദ്ര്യമാണ്. സമ്പത്ത് ഈ സമൂഹങ്ങളെ വേർതിരിക്കുന്നു. മനുഷ്യനും മനുഷ്യനും തമ്മിലും, കുടുംബങ്ങൾ തമ്മിലും. എത്രത്തോളം കുടുംബങ്ങളാണ് സമ്പത്തിന്റെ പേരിൽ വേർപെട്ടിട്ടുള്ളത്.
2) മിഥ്യാബോധം: മറ്റുള്ളവരെക്കാൾ നാം ഒരുപടി മുന്നിലാണെന്ന് കേൾക്കാനുള്ള ആഗ്രഹം. “ദൈവത്തിന് ഞാൻ നന്ദി പറയുന്നു; ഞാൻ മറ്റുള്ളവരെ പോലെയല്ല” എന്ന ഫരിസേയന്റെ ഭാവം. നാം ഒരു വിരുന്നിന് പോകുമ്പോൾ നന്നായി ഡ്രസ്സ് ധരിച്ചവനും, അപ്രകാരം ധരിക്കാത്തവനും തമ്മിലുള്ള വേർതിരിവ്.
3) ദുഷിച്ച സംസാരം: ഇവിടെ സാത്താൻ വളരെ തന്ത്രപൂർവ്വം പ്രവർത്തിക്കുന്നു. മറ്റുള്ളവരുടെ കുറ്റങ്ങൾ പറയാൻ നമ്മെ പ്രേരിപ്പിക്കുന്നു. “അവനൊരു നല്ല വ്യക്തിയാണ്; പക്ഷേ,” ഇത് പറഞ്ഞുകൊണ്ട് ആ വ്യക്തിയെ താഴ്ത്തിക്കെട്ടാൻ വേണ്ടി കുറ്റം പറയുന്നു.
പരിശുദ്ധാത്മാവ് പൂർണ്ണ ശക്തിയോടെ വരുന്നുണ്ട് നമ്മെ രക്ഷിക്കാൻ. ഈ ലോകത്തിന്റേതായ സമ്പത്ത്, മിഥ്യാബോധം, ദുഷിച്ച സംസാരം എന്നിവ എടുത്തു മാറ്റാം. പരിശുദ്ധാത്മാവ് ഇതിനൊക്കെ എതിരാണ്. അൽഭുതങ്ങളും വലിയ കാര്യങ്ങളും പരിശുദ്ധാത്മാവ് ചെയ്യും. നമുക്ക് പ്രാർത്ഥിക്കാം, പരിശുദ്ധാത്മാവിന് നമ്മെ മാറ്റുവാൻ കഴിയും, അതുവഴി നമ്മുടെ ഇടവകകളിലും, രൂപതകളിലും, സന്യാസ സമൂഹങ്ങളിലും മാറ്റങ്ങൾ സംഭവിക്കും. നമ്മുടെ ഇന്നത്തെ ക്രൈസ്തവ സമൂഹത്തിന് യേശുവിലും, പരസ്പര സമന്വയത്തിലും മുന്നേറാൻ സാധിക്കട്ടെ.