2 ദിന. – 24:17-25
മത്താ. – 6:24-34
“നാളെയെക്കുറിച്ചു നിങ്ങൾ ആകുലരാകരുത്. നാളത്തെ ദിനംതന്നെ അതിനെക്കുറിച്ച് ആകുലപ്പെട്ടുകൊള്ളും. ഓരോ ദിവസത്തിനും അതാതിന്റെ ക്‌ളേശം മതി”.
നാളയെക്കുറിച്ച് ആകുലപ്പെടാതെ പ്രത്യാശയിൽ ജീവിക്കുക. പ്രത്യാശ സന്തോഷവും, സമാധാനവും നൽകുമ്പോൾ; ആകുലത വേദനയും, നഷ്ടവും നൽകുന്നു. ജീവിതത്തിൽ ആകുലത നഷ്ടമല്ലാതെ ഒരു നേട്ടവും നൽകുന്നില്ല എന്ന തിരിച്ചറിവ് നമുക്കുണ്ടാവണം. കിട്ടാത്തവയിൽ ആകുലപ്പെട്ടിട്ട് ദൈവം കനിഞ്ഞു നൽകിയ അനുഗ്രഹത്തെ നഷ്ടപ്പെടുത്തരുത്. നമ്മെ സ്നേഹിക്കുന്ന, നമ്മെ പൂർണ്ണമായി അറിയുന്ന ദൈവത്തോട് നമ്മുടെ പ്രശ്നങ്ങൾ പങ്കുവെച്ച് ജീവിക്കുമ്പോൾ ജീവിതത്തിലെ ആകുലത മാറ്റാൻ സാധിക്കും.
സ്നേഹമുള്ളവരെ, നല്ല ചിന്തയിൽ കൂടി സന്തോഷപൂർണ്ണമായ ഒരു ജീവിതമാണ് നാം നയിക്കേണ്ടത്. പ്രശ്നങ്ങളില്ലാത്ത ജീവിതമോ, സ്ഥലമോയില്ല. പ്രശ്നങ്ങൾക്കെല്ലാം ആകുലപ്പെട്ടു ജീവിക്കുമ്പോൾ, ശാരീരികമായും മാനസികമായും നഷ്ടം മാത്രമേ കിട്ടുകയുള്ളൂ. അങ്ങനെ ആകുലതയുടെ കൂമ്പാരമായ ജീവിതത്തിൽ സമാധാനമോ, സന്തോഷമോ കിട്ടില്ല.
മനുഷ്യസഹജമാണ് ആകുലപ്പെടുക എന്നത്. ജീവിതത്തിൽ ആഗ്രഹിച്ചവ കിട്ടിയില്ലെങ്കിലോ, ഉദ്ദേശിച്ച രീതിയിൽ ജീവിക്കാൻ സാധിക്കുന്നില്ലെങ്കിലോ ആകുലപ്പെടുന്നത് സ്വാഭാവികമാണ്. എന്നാൽ ദൈവീക പദ്ധതി അനുസരിച്ച് നമ്മുടെ ജീവിതത്തിൽ എല്ലാം നടക്കുമെന്ന വിശ്വാസത്തിൽ ജീവിക്കണം. അസ്വാഭാവികമായ ആകുലതയിൽ ജീവിതം തള്ളപ്പെട്ടാൽ പ്രത്യാശ നഷ്ടപ്പെട്ട ജീവിതമായി മാറും.
എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ട്. ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ പരിഹരിച്ച് പ്രത്യാശയിൽ ജീവിക്കുകയാണ് വേണ്ടത്. അതായത്, ഒഴുക്കിനെതിരെ നീന്തണമെന്നർത്ഥം. അല്ലാതെ ആകുലപ്പെട്ടിരുന്നാൽ ജീവിതാവസരങ്ങൾ നഷ്ടപ്പെടും. അതുകൊണ്ട് നാളയെക്കുറിച്ച് ഓർത്ത് ആകുലപ്പെടാതെ ദൈവത്തിൽ പ്രത്യാശയർപ്പിച്ച് ജീവിക്കാം.
സ്നേഹസ്വരൂപനായ ദൈവമേ, അങ്ങിൽ പ്രത്യാശയർപ്പിച്ച് സന്തോഷത്തിലും, സമാധാനത്തിലും ജീവിക്കാനുള്ള അനുഗ്രഹം നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.