അശരണരുടെ ആശ്രയകേന്ദ്രമായ ഫാ. മാത്യു ജെ.കുന്നത്ത് എൺപതിന്റെ നിറവിൽ
അശരണരുടെ ആശ്രയകേന്ദ്രമായ ഫാ. മാത്യു ജെ.കുന്നത്ത് എൺപതിന്റെ നിറവിൽ
സ്വന്തം ലേഖകൻ
തൊടുപുഴ: അശരണരുടെയും ആലംബഹീനരുടെയും ആശ്രയകേന്ദ്രമായ തൊടുപുഴ സേവ്യേഴ്സ് ഹോം 21–ാം വയസ്സിലേക്ക്. ‘സനാഥരുടെ’ സങ്കേതമായ സേവ്യേഴ്സ് ഹോമിന്റെ ഡയറക്ടർ ഫാ. മാത്യു ജെ.കുന്നത്ത് എൺപതിന്റെ നിറവിലും. ഫാ. മാത്യു കുന്നത്ത് ഇതുവരെ ഒട്ടേറെ കുട്ടികളെയാണ് തന്റെ സ്ഥാപനത്തിലൂടെ ജീവിത വഴിത്താരയിൽ നേരായ മാർഗത്തിലൂടെ തിരിച്ചുവിട്ടത്.
28-ന് എൺപതാം പിറന്നാൾ ആഘോഷിക്കുന്ന ഫാ. കുന്നത്തിന്റെ സ്ഥാപനത്തിൽ ഇപ്പോഴുള്ളത് 81 അന്തേവാസികളാണ്. തൊടുപുഴ ന്യൂമാൻ കോളജ് റോഡിലെ സ്ഥാപനത്തിൽ എട്ടു ദിവസം മുതൽ അഞ്ചു വയസ്സു വരെ പ്രായമുള്ള ഒൻപതു കുഞ്ഞുങ്ങളുണ്ട്.
കഴിഞ്ഞ ഞായറാഴ്ച തൊടുപുഴ ജില്ലാ ആശുപത്രിയിൽ ജനിച്ച കുട്ടിയാണ് ഏറ്റവും ഒടുവിലായി ഇവിടെയെത്തിയത്. അമ്മയ്ക്കു കുട്ടിയെ വീട്ടിൽ കൊണ്ടുപോകാൻ താൽപര്യമില്ലെന്ന് ആശുപത്രി അധികൃതരെ അറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ മുഖേന ഫാ. കുന്നത്തിനെ അറിയിച്ചു. തുടർന്നു കുട്ടിയെ സേവ്യേഴ്സ് ഹോം ഏറ്റെടുത്തു. ആറു മുതൽ 18 വയസ്സ് വരെയുള്ള 34 പെൺകുട്ടികൾ തലയനാടുള്ള ഹോം ഫോർ ഗേൾസിലാണു താമസിക്കുന്നത്. ബാക്കിയുള്ള മുതിർന്ന സ്ത്രീകളായ അന്തേവാസികൾ തൊടുപുഴയിലെ സ്ഥാപനത്തിലാണ്.
ആറു വയസ്സു കഴിഞ്ഞാൽ ആൺകുട്ടികളെ ആ പ്രായം മുതലുള്ളവരെ സംരക്ഷിക്കുന്ന സ്ഥാപനത്തിലേക്ക് മാറ്റും. ഇവിടെ നിന്നു കൊണ്ടുപോകുന്ന കുട്ടികൾക്കുള്ള ഭക്ഷണവും മറ്റു ചെലവുകളുമെല്ലാം സേവ്യേഴ്സ് ഹോമാണു വഹിക്കുന്നതെന്ന് ഫാ. മാത്യു പറഞ്ഞു. ഇവിടത്തെ അന്തേവാസികളായ പെൺകുട്ടികളുടെ ഉന്നത പഠനത്തിനുള്ള സൗകര്യം ചെയ്തുകൊടുക്കുന്നുണ്ട്. രണ്ടു കുട്ടികൾ നഴ്സിങ് പഠിക്കുന്നുണ്ട്. ഫാഷൻ ഡിസൈനിങ് കഴിഞ്ഞ ഒരു പെൺകുട്ടിയെ വിവാഹം ചെയ്ത് അയച്ചതും സേവ്യേഴ്സ് ഹോമാണ്. 1998 ജനുവരി 26-നാണ് സേവ്യേഴ്സ് ഹോം ആരംഭിച്ചത്.
26–ാം വയസ്സിൽ വൈദികനായ ഫാ. മാത്യു ജെ.കുന്നത്ത് 15 വർഷത്തോളം യു.എസി.ൽ പ്രവർത്തിച്ച ശേഷമാണ് തൊടുപുഴയിലെത്തി ആതുരസേവന രംഗത്തേക്കു കടന്നത്. സേവ്യേഴ്സ് ഹോമിലെ അന്തേവാസികളുടെയും അഭ്യുദയകാംക്ഷികളുടെയും സംഗമം ഇന്നു നടക്കും. ഇന്നത്തെ സ്നേഹസംഗമം ഫാ. കുന്നത്തിന്റെ ജന്മദിനാഘോഷമാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നത്.
ഇന്നു 2.30-നു സമൂഹബലിയും തുടർന്നു കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടാകും. അഞ്ചിനു സ്നേഹവിരുന്നോടെയാണു പരിപാടികൾ സമാപിക്കുന്നത്.