അവസാനമില്ലാത്ത പോലീസ് ബ്രൂട്ടാലിറ്റി; ജയരാജനും ബെന്നിക്സും ഇരകൾ
#Justice_for_Jayaraj_and_Bennicks
കാരക്കാടൻ
അമേരിക്കയിൽ പോലീസ് ബ്രൂട്ടാലിറ്റിക്ക് ഇരയായ ജോർജ്ജ് ഫ്ലോയിഡന്റെ മരണത്തെ തുടർന്നുണ്ടായ പ്രശ്നങ്ങൾ പ്രതിഷേധങ്ങളായും അക്രമങ്ങളായും അതിരുകൾ ലംഘിച്ച് തുടർന്നുകൊണ്ടിരിക്കുന്നു. അതിന്റെ വാർത്തകൾ അതീവ പ്രാധാന്യത്തോടെ ഇന്ത്യയിലെ മാധ്യമങ്ങൾ പ്രത്യേകിച്ച് മലയാള മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ഭൂഖണ്ഡങ്ങൾക്കപ്പുറത്ത് ജോർജ്ജ് ഫ്ലോയിഡിന് നീതിവാങ്ങിക്കൊടുക്കുവാൻ കേരളത്തിലെ സാംസ്കാരിക നായകരും നവമാധ്യമ എഴുത്തുകാരും നിറയെ എഴുതി പ്രസിദ്ധീകരിക്കുന്നുണ്ടായിരുന്നു. തൊട്ട് അയലത്ത് പോലീസ് അതിക്രമത്തിനിരയായി രണ്ടുജീവൻ പൊലിഞ്ഞു. മലയാള മാധ്യമങ്ങളും, സാംസ്കാരിക നായകരും, നവമാധ്യമ എഴുത്തുകാരും അത് അറിഞ്ഞ ഭാവം കാണിക്കുന്നില്ല.
ലോക്ക്ഡൗൺകാലത്ത് ഉപജീവനമാർഗ്ഗമായ മോബെയ്‌ൽ ഫോൺ ആക്സസറീസ് വിൽക്കുന്ന ഒരുകട തുറന്നുവെച്ചുകൊണ്ടിരുന്നു എന്ന കാരണത്താൽ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ ഒരു അപ്പനേയും മകനേയും 2020 ജൂൺ 19- ന് പോലീസുകാർ അറസ്റ്റുചെയ്തു. അമ്പത്തിയൊൻപതു വയസുള്ള ജയരാജനും മുപ്പത്തിയൊന്നു വയസുള്ള മകൻ ബെന്നിക്സും അവരായിരുന്നു അത്. പിന്നങ്ങോട്ട് രണ്ടുദിവസം കേട്ടാൽ മനുഷ്യമന:സാക്ഷി മരവിച്ചുപോകുന്ന മൃഗീയമായ ക്രൂരതകൾ പോലീസുകാർ ആ പാവം മനുഷ്യരുടെ ശരീരത്തിൽ നടപ്പാക്കി. മരിക്കുവോളം അവരെ കിരാതമായി ഉപദ്രവിച്ചുവെന്ന് പറയുന്നതാണ് ശരി. അറസ്റ്റുചെയ്തതിന്റെ പിറ്റേന്ന് രാവിലെ ഏഴുമുതൽ പന്ത്രണ്ടുമണിവരെയുള്ള സമയത്ത് മലദ്വാരത്തിൽ നിന്നുള്ള രക്തസ്രാവം മൂലം ആ പിതാവും മകനും ഏഴോളം ലുങ്കികൾ മാറി മാറി ഉടുത്തെന്ന് ബെന്നിക്സിന്റെ സുഹൃത്തുക്കൾ പറഞ്ഞു.
ജയരാജനേയും മകനേയും ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ പോലീസുകാരുടെ ഭീഷണികാരണം പോലീസ് ലോക്കപ്പിൽ ഏൽക്കേണ്ടിവന്ന കൊടും ക്രൂരതകളേക്കുറിച്ച് വായതുറക്കുവാൻ അവർ ഭയപ്പെട്ടു. ജൂൺ 22-ന് ബെന്നിക്സും, 23-ന് രാവിലെ ജയരാജനും മരണമടഞ്ഞു. പോലീസ് ക്രൂരതകൾക്കെതിരെ രാഷ്ട്രീയ വ്യത്യാസമെന്യേ പ്രതികരിക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ്.