സ്വന്തം ലേഖകൻ
പാമ്പാടി: രാമപ്പയുടെ കാത്തിരിപ്പു വെറുതേയായില്ല. കാതങ്ങൾക്കപ്പുറത്തു നിന്നു ഭാര്യയും മകനും കൂട്ടിക്കൊണ്ടു പോകുന്നതിനായി എത്തിയപ്പോൾ രാമപ്പയുടെ കണ്ണുകളിൽ സന്തോഷാശ്രു. 70 വയസാണ് രാമപ്പന്. വെള്ളൂർ ഗുഡ്ന്യൂസ് അമ്മവീട് അധികൃതർക്കു നന്ദി അറിയിച്ച് ഇന്നലെ തന്നെ ഭാര്യ ശിവമ്മയ്ക്കും മകൻ ആൻജിബാബുവിനുമൊപ്പം രാമപ്പ ആന്ധ്രപ്രദേശിലേക്കു തിരിച്ചു.
രണ്ടു മാസം മുൻപാണ് കോട്ടയം നാഗമ്പടം ഭാഗത്ത് വഴിയരികിൽ അവശനിലയിൽ രാമപ്പനെ കണ്ടെത്തിയത്. മഴ നനഞ്ഞു റോഡരികിൽ കിടന്നിരുന്ന രാമപ്പയെ ആരോ കടത്തിണ്ണയിൽ കയറ്റി കിടത്തിയിരുന്നു. വിവരമറിഞ്ഞ വെള്ളൂർ ഗുഡ്ന്യൂസ് അധികൃതർ രാമപ്പയെ ആംബുലൻസിൽ കയറ്റി അവിടെ എത്തിക്കുകയായിരുന്നു. എങ്ങനെയോ കോട്ടയത്ത് എത്തി അലഞ്ഞു തിരിഞ്ഞു നടക്കുകയായിരുന്നെന്നാണു രാമപ്പ പറഞ്ഞത്. കൈവശം തിരിച്ചറിയൽ കാർഡ് ഉണ്ടായിരുന്നു. അമ്മവീടിന്റെ സ്നേഹപരിചരണത്തിൽ രാമപ്പയുടെ ക്ഷീണം മാറിയതോടെ ബന്ധുക്കളെ കാണണമെന്നു പറഞ്ഞു.
തുടർന്ന് അമ്മവീട്ടിലെ ബ്രദർമാരുടെ നേതൃത്വത്തിൽ തിരിച്ചറിയൽ കാർഡിലെ വിലാസത്തിലേക്കു തെലുങ്കിൽ കത്തെഴുതി. കത്ത് ലഭിച്ച ഉടൻ കുടുംബാംഗങ്ങൾ ബന്ധപ്പെട്ടു. ഇന്നലെ രാവിലെ കോട്ടയത്ത് എത്തിയ ഭാര്യയെയും മകനെയും അമ്മവീട് അധികൃതർ തന്നെ വെള്ളൂരിൽ കൂട്ടിക്കൊണ്ടു വരികയും തിരികെ സ്റ്റേഷനിലെത്തിക്കുകയും ചെയ്തു.
ഗുഡ്ന്യൂസ് അമ്മവീട് ഡയറക്ടർ ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ, ഫാ. മനു എന്നിവർക്കു നന്ദി അറിയിച്ചായിരുന്നു ഇവരുടെ മടക്കയാത്ര.