Sunday Homilies

അപ്പോസ്തല പ്രവർത്തനങ്ങൾ 2019

അപ്പോസ്തല പ്രവർത്തനങ്ങൾ അവസാനിക്കുന്നില്ല. അത് ഇന്നും ചരിത്രത്തിലൂടെ, നമ്മിലൂടെ തുടരുന്നു

പെസഹാകാലം നാലാം ഞായർ

ഒന്നാം വായന: അപ്പോ. പ്രവ. 13:14,43-52
രണ്ടാം വായന: വെളിപാട് 7:9,14-17
സുവിശേഷം: വി.യോഹന്നാൻ 10:27-30

ദിവ്യബലിക്ക് ആമുഖം

നാമിന്ന് ദൈവവിളി ഞായറാഴ്ച ആചരിക്കുകയാണ്. സഭയിൽ വൈദിക-സന്യസ്ത ദൈവവിളികൾ പരിപോഷിപ്പിക്കേണ്ടതിന്റെ ആവശ്യകത നമുക്കെല്ലാവർക്കുമറിയാം. പ്രാർത്ഥനയും, പ്രോത്സാഹനവും, പ്രവർത്തിയുമുണ്ടെങ്കിൽ മാത്രമേ ദൈവവിളികൾ കണ്ടെത്തപ്പെടുകയും, പരിപോഷിക്കപ്പെടുകയും ചെയ്യുകയുള്ളൂ. ഈ ദൈവവിളി ഞായറിൽ യേശു നല്ല ഇടയനാണ്. നാം സുവിശേഷത്തിൽ ശ്രവിക്കുന്നു യേശുവിനെ അനുഗമിക്കുന്നവർ നിത്യജീവൻ പ്രാപിക്കുമെന്നും, അങ്ങനെ അനുഗമിക്കുന്നവർ ചരിത്രത്തിൽ ഏതൊക്കെ ജീവിതയാഥാർത്ഥ്യങ്ങളിലൂടെ കടന്നുപോകുമെന്നും ഇന്നത്തെ ഒന്നാം വായനയും രണ്ടാം വായനയും പഠിപ്പിക്കുന്നു. തിരുവചനം ശ്രവിക്കാനും ദിവ്യബലി അർപ്പിക്കാനുമായി നമുക്കൊരുങ്ങാം.

ദൈവവചന പ്രഘോഷണം കർമ്മം

സ്നേഹം നിറഞ്ഞ സഹോദരി സഹോദരന്മാരെ,

ഇന്നത്തെ 3 വായനകളിൽ നിന്നും നമ്മുടെ വിശ്വാസ ജീവിതവും, പ്രത്യേകിച്ച് ഇടവക ജീവിതവുമായി ബന്ധപ്പെട്ട മൂന്ന് ഘട്ടങ്ങൾ ശ്രദ്ധേയമാണ്.

“നല്ലിടയൻ ഞായർ”

ഈസ്റ്റർ കഴിഞ്ഞു വരുന്ന നാലാമത്തെ ഞായറിനെ ‘നല്ലിടയൻ ഞായർ’ എന്ന് വിശേഷിപ്പിക്കുന്നു. നാമിന്ന് ശ്രമിച്ച സുവിശേഷ ഭാഗവും ഇടയനുമായി ബന്ധപ്പെട്ടതാണ്. ജെറുസലേം ദേവാലയത്തിന്റെ പ്രതിഷ്‌ടാതിരുനാൾ സമയത്ത് സോളമന്റെ മണ്ഡപത്തിനരികിൽവച്ചാണ് യേശു താനും തന്നിൽ വിശ്വസിക്കുന്ന അജഗണവും തമ്മിലുള്ള ബന്ധം എടുത്തു പറയുന്നത്. “എന്റെ ആടുകൾ എന്റെ സ്വരം ശ്രവിക്കുന്നു, എനിക്ക് അവയെ അറിയാം, അവ എന്നെ അനുഗമിക്കുന്നു”. ഇന്ന് ദൈവവചനത്തിലൂടെയും, കൂദാശകളിലൂടെയും, പ്രത്യേകിച്ച് യേശുവിന്റെ തിരുശരീരരക്തങ്ങളുടെ സ്വീകരണത്തിലൂടെയും യേശുവാകുന്ന ഇടയനുമായുള്ള നമ്മുടെ ബന്ധം ഊട്ടിയുറപ്പിക്കപ്പെടുന്നു. ആടുകൾ ആയിരിക്കാനും, നയിക്കപ്പെടാനും നമുക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ല. എന്നാൽ ഇടയന്റെ പരിപാലനയിൽ നിന്ന് ഒറ്റപ്പെട്ടു പോകുന്ന ആളുകളുടെ അവസ്ഥ നമുക്ക് ഓർമ്മിക്കാം. ഇടയനിൽ നിന്ന് അകലുന്ന ആടുകളുടെ അവസ്ഥ നാശത്തിലേയ്ക്ക് ആയിരിക്കും. യേശുവാകുന്ന ഇടയനെ അനുഗമിക്കുന്നവന് രണ്ട് പ്രത്യേകതകളുണ്ട് ഒരിക്കലും അവൻ ഏകനായിരിക്കുകയില്ല. ഒന്നാമതായി; യേശു അവനെ അറിയുന്നു. അതായത്, അവന് യേശുവുമായി ബന്ധമുണ്ട്. രണ്ടാമതായി; അവനെപ്പോലെ യേശുവിൽ വിശ്വസിക്കുന്ന മനുഷ്യരുമായും അവന് ബന്ധമുണ്ട്. അതായത്, തന്റെ തന്നെ ഇടവക കൂട്ടായ്മ. “വിശ്വസിക്കുന്നവൻ ഏകനല്ല” എന്നു പറയുന്നത് അതുകൊണ്ടാണ്. യേശുവാകുന്ന ഇടയന്റെ സംരക്ഷണത്തിന് നാം നമ്മെ തന്നെ ഏൽപ്പിച്ചു കൊടുക്കുന്നതാണ് വിശ്വാസ ജീവിതത്തിന്റെ ആദ്യഘട്ടം.

അപ്പോസ്തല പ്രവർത്തനങ്ങൾ 2019

വിശ്വാസ ജീവിതത്തിലെ രണ്ടാംഘട്ടം നാമിന്ന് ഒന്നാമത്തെ വായനയിൽ ശ്രവിച്ചു. യേശുവിന്റെ ഉത്ഥാനത്തിനു ശേഷം യേശുവിന്റെ വചനം യൂദയായുടെയും സമറിയായുടെയും അതിർത്തികൾ കടന്ന് മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കുവാൻ തുടങ്ങി. പൗലോസും ബർണബാസും അന്ത്യോക്യയിൽ (ഇന്നത്തെ “തുർക്കി” എന്ന രാജ്യത്തെ സ്ഥലമാണിത്) എത്തി. അന്നത്തെ അന്ത്യോഖ്യ പട്ടണത്തിൽ ഏകദേശം അഞ്ച് ലക്ഷത്തോളം നിവാസികളുണ്ടായിരുന്നു. വ്യത്യസ്ത ഭാക്ഷകളുടെയും, അറിവിന്റെയും കേന്ദ്രമായിരുന്നു ഈ പട്ടണം. ഈ വലിയ നഗരത്തിൽ വ്യത്യസ്ത ഭാഷകളും ദേശക്കാരുമായ പലരും ഒരുമിച്ച് താമസിച്ചിരുന്നു. ഇവരുടെ ഇടയിലേക്കാണ് പൗലോസും ബർണബാസും എത്തുന്നത്. അവരുടെ വചനപ്രഘോഷണത്തിൽ അതിൽ പലരും ആകൃഷ്ടരായത് ആ സ്ഥലത്തെ യഹൂദരെ അസൂയപ്പെടുത്തി. അപ്പോസ്തലന്മാർക്ക് അവരിൽ നിന്ന് ധാരാളം പീഡനം ഏൽക്കേണ്ടി വന്നു.

അപ്പോസ്തലൻമാരുടെ വാക്കുകളിൽ നിന്ന് “കർത്താവിലുള്ള വിശ്വാസത്തിലൂടെയുള്ള രക്ഷ ഒരു സമുദായത്തെയോ, വർഗ്ഗത്തിന്റേയോ, ഗ്രൂപ്പിന്റേയോ, കുത്തകയല്ലെന്നും യേശുവിൽ വിശ്വസിക്കുന്ന ഏവർക്കും ലഭ്യമാണെന്നും” വ്യക്തമാക്കുന്നു. യഹൂദർ നിത്യജീവൻ നിരസിച്ചത് കൊണ്ട് അപ്പോസ്തലന്മാർ വിജാതിയരുടെ അടുക്കലേക്ക് തിരിയുന്നു. അപ്പോസ്തല പ്രവർത്തനത്തെ ചരിത്രവുമായി ചേർത്ത് വായിക്കുകയാണെങ്കിൽ, അന്ന് അപ്പോസ്തലന്മാർ പറഞ്ഞവാക്കുകളും അവരുടെ പ്രവൃത്തിയും ഇന്ന് 2019-ൽ എത്രമാത്രം അർത്ഥവത്താണെന്ന് മനസ്സിലാക്കാം. ഇന്ന് ലോകത്തെ എത്രയോ രാജ്യങ്ങളിലും, ദേശങ്ങളിലും, സമുദായങ്ങളിലും ദൈവവചനം പ്രസംഗിക്കപ്പെടുന്നു.

അതോടൊപ്പം അന്ന് അപ്പോസ്തലന്മാർ അനുഭവിച്ച പീഡനവും, പുറത്താക്കലും അതിനേക്കാൾ ക്രൂരമായി ക്രിസ്ത്യാനികൾക്കെതിരെ ഇന്നും ലോകം മുഴുവൻ തുടരുന്നത് നമുക്കറിയാം. അപ്പോസ്തല പ്രവർത്തനങ്ങൾ അവസാനിക്കുന്നില്ല. അത് ഇന്നും ചരിത്രത്തിലൂടെ, നമ്മിലൂടെ തുടരുന്നു. ഈ തുടർച്ചയാണ് വിശ്വാസജീവിതത്തെ രണ്ടാംഘട്ടം.

ഇടയനായിരുന്നവൻ കുഞ്ഞാടായി മാറുന്നു

വിശ്വാസ ജീവിതത്തിന്റെ മൂന്നാംഘട്ടം, ഇനിയും വരാനിരിക്കുന്ന ഘട്ടം നാമിന്ന് രണ്ടാം വായനയിൽ വെളിപാട് പുസ്തകത്തിൽ ശ്രവിച്ചു. ആടുകളെ നയിച്ച ഇടയൻ ആടുകൾക്ക് നിത്യജീവൻ നൽകാനായി കുഞ്ഞാടായി ബലിയർപ്പിക്കപ്പെട്ട് ഇന്നിതാ സ്വർഗ്ഗത്തിൽ സിംഹാസന മദ്ധ്യേ ഇരിക്കുന്നു. ഭൂമിയിൽ തന്റെ നാമത്തെപ്രതി ഞെരുക്കമനുഭവിക്കുന്നവർക്കെല്ലാം അവൻ നിത്യജീവനാകുന്ന പ്രതിഫലം നൽകുന്നു. അവരുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ തുടച്ചു നീക്കുന്നു. സുവിശേഷത്തിലെ നല്ലിടയനായ യേശു സ്വർഗ്ഗത്തിൽ സിംഹാസനസ്ഥനായി തന്നെ അനുഗമിച്ച അവരെ നയിക്കുന്നു. അപ്പോസ്തല പ്രവർത്തനത്തിൽ നാം ശ്രമിച്ചതുപോലെ വിജാതിയരുടെ തിരുവചനം പ്രസംഗിക്കപ്പെട്ടതുകൊണ്ട് എല്ലാവർക്കും നിത്യരക്ഷ പ്രാപ്യമായി. അതിനാലാണ് വിജയശ്രീലാളിതനായ കുഞ്ഞാടിനുചുറ്റും സകല ജനതകളിലും, ഗോത്രങ്ങളിലും, രാജ്യങ്ങളിലും, ഭാക്ഷകളിലും നിന്നുള്ളവർ സ്വർഗീയ ജറുസലേമിൽ സമ്മേളിച്ചിരിക്കുന്നത്.

യേശുവിന്റെ വചനവും, ചരിത്രവും, വെളിപാടും, പ്രവചനവും കൂടികലർന്ന ഇന്നത്തെ തിരുവചനം നമ്മുടെ വിശ്വാസജീവിതത്തെയും, ഇടവക ജീവിതത്തെയും ശക്തിപ്പെടുത്തുന്നുണ്ട്. യേശുവാകുന്ന ഇടയനെ അനുഗമിക്കുന്നതിന്, യേശുവിനെ വചനം എല്ലാ ജനതകളും ആഘോഷിക്കുന്നതിന്, നമ്മുടെ വിശ്വാസം സമൂഹത്തിൽ ജീവിക്കുന്നത്തിന് നാം ഭയപ്പെടേണ്ട. നമ്മുടെ പ്രതിഫലം നിത്യജീവനാണ്.

ആമേൻ

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker