Public Opinion

അപമാനിച്ചുകൊണ്ട് അവസാനിപ്പിക്കാനാകുമോ കത്തോലിക്കാ സഭയെ???

അപമാനിച്ചുകൊണ്ട് അവസാനിപ്പിക്കാനാകുമോ കത്തോലിക്കാ സഭയെ???

നോബിൾ തോമസ് പാറക്കൽ

ഒരു ന്യൂനപക്ഷത്തിന്‍റെ വീഴ്ചയിലും പരാജയത്തിലും മുറുകെപ്പിടിച്ച്, കത്തോലിക്കാസഭയും പൗരോഹിത്യവും സന്ന്യസ്തവും ഒരു ചോദ്യചിഹ്നമാക്കി നിര്‍ത്തുന്ന മാധ്യമ കുതന്ത്രങ്ങളുടെ മാരകവേര്‍ഷനുകള്‍ പലതും കാണുമ്പോഴും ഉള്ളിലുണ്ടാകുന്ന ചോദ്യമാണ് ഇത്. “അപമാനിച്ചുകൊണ്ട് അവസാനിപ്പിക്കാനാകുമോ കത്തോലിക്കാ സഭയെ”???

പൊതുസമൂഹത്തിന്‍റെ മന:സാക്ഷിയില്‍ വിശ്വാസ്യതയുടെ പര്യായമായി നിലനില്‍ക്കുന്ന ക്രൈസ്തവസഭകളുടെ സംവിധാനങ്ങളെ ആരോപണങ്ങളുടെയും ആക്ഷേപങ്ങളുടെയും രൂപത്തില്‍ അപമാനിച്ചുകൊണ്ട് അവസാനിപ്പിക്കാമെന്ന് വ്യാമോഹിക്കുന്നവര്‍ എണ്ണത്തില്‍ പെരുകിക്കൊണ്ടിരിക്കുന്നു. കത്തോലിക്കാ പൗരോഹിത്യത്തോടും സന്ന്യസ്ത ജീവിതത്തോടും പകയും വിരോധവും ഉള്ളവര്‍ പലവിധത്തില്‍ അവ പ്രകടിപ്പിക്കുന്നത് മാധ്യമങ്ങളിലൂടെ നാം കണ്ടുകൊണ്ടിരിക്കുകയാണ്.

രണ്ട് ഉദാഹരണങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു:

1. ഞാന്‍ അംഗമായിരിക്കുന്ന രൂപതയില്‍ ഔദ്യോഗികസ്ഥാനത്തുള്ള ഒരു പുരോഹിതന്‍റെ പേരില്‍‍ അസമയങ്ങളില്‍ പലയിടങ്ങളിലേക്കും ഫോണ്‍കോളുകള്‍ ചെല്ലുന്നു. വിദേശനമ്പറുകളില്‍ നിന്ന് വരുന്ന കോളുകള്‍ സ്വീകരിക്കുന്നവര്‍ അത് വൈദികന്‍ തന്നെയാണെന്ന് കരുതി സംസാരിച്ചു തുടങ്ങുമ്പോള്‍ വിളിച്ചയാളുടെ ടോണ്‍ മാറുന്നു, ആവശ്യങ്ങള്‍ മാറുന്നു. പലതരത്തിലുള്ള ഞരമ്പ് രോഗികളുണ്ട്, ചിലര്‍ ഇത്തരം വൈകൃതങ്ങള്‍ പ്രകടിപ്പിക്കാറുമുണ്ട്. എന്നാല്‍, വൈദികരുടെ പേരില്‍ ആസൂത്രിതമായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഗൂഢാലോചനാപ്രേരിതമല്ല എന്ന് വിശ്വസിക്കാതിരിക്കാന്‍ ആവില്ല. അഭിവന്ദ്യ പിതാവിന്‍റെ നിര്‍ദ്ദേശാനുസരണം പോലീസിൽ കേസ് നല്കുകയും അന്വേഷണം പുരോഗമിക്കുകയും ചെയ്യുന്നുണ്ട്. ഇതിന് മുമ്പ് ഇത്തരം പ്രശ്നങ്ങള്‍‍ മറ്റു പല രൂപതകളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വൈദികരെന്ന് പറഞ്ഞ് വിളിക്കുന്നതെല്ലാം വൈദികരല്ലെന്ന് തിരിച്ചറിയുകയും ഇത്തരം നടപടികളെ നിയമശ്രദ്ധയിലേക്ക് കൊണ്ടുവരികയും ചെയ്യേണ്ടത് ആവശ്യമാണ്.

2. ഇന്നലത്തെ മംഗളം പത്രം “കന്യാസ്ത്രീകള്‍ അവിവാഹിത പെന്‍ഷനുവേണ്ടി അധികാരികളെ സമീപിച്ചു”വെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. മംഗളവും മഞ്ഞപ്പത്രങ്ങളും പ്രസിദ്ധീകരിച്ചിരിക്കുന്ന വാര്‍ത്തയിലെ സംഭവം കഴിഞ്ഞ വര്‍ഷം നടന്നതും അന്ന് വാര്‍ത്തയായതുമാണ്. പ്രസ്തുത വാര്‍ത്തക്ക് കാരണമായ സംഭവവും സാഹചര്യവും പഠനവിധേയമാക്കുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുള്ളതുമാണ്. വീണ്ടും അനവസരത്തില്‍ പഴയ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച് എന്താണ് ഈ മാദ്ധ്യമങ്ങള്‍‍ കൈമാറാന്‍ ശ്രമിക്കുന്ന സന്ദേശം. ആര്‍ക്കുവേണ്ടിയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. എന്താണ് ഇത്തരം വാര്‍ത്തകളുടെ പിന്നിലെ ഉദ്ദേശം.

സമാപനം

ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും അവശേഷിപ്പിക്കുന്നുണ്ടെങ്കിലും വ്യക്തികളും പ്രസ്ഥാനങ്ങളും നടത്തുന്ന ഇത്തരം വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്ക് കാരണം ഒന്നേയുള്ളൂ… തിരുസ്സഭയെന്ന ആത്മീയ ധാര്‍മ്മിക പ്രസ്ഥാനം തകരുന്നത് കാണണം… അത് ജനത്തെ ഒരുമിപ്പിക്കുന്നതും അവര്‍ക്ക് ആത്മീയസമാധാനം നല്കുന്നതും അവസാനിപ്പിക്കണം. ആധുനിക വിപണിയുടെയും പുരാതനപിശാചിന്‍റെയും കുടിലതന്ത്രങ്ങളെ അതിജീവിക്കാന്‍ തിരുസ്സഭക്കാകട്ടെയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker