അന്ധകാരനഴി വടക്കേപ്പാലം പൂർത്തിയാക്കാത്തതിൽ പ്രധിഷേധിച്ച് ആലപ്പുഴ രൂപതാ കെ.സി.വൈ.എം.ന്റെ ഏകദിന ഉപവാസ സമരം
പാലം പൂർത്തിയായി ഗതാഗത യോഗ്യമാവുന്നത് വരെ സമരമുഖത്തുനിന്ന് പിന്നോട്ടില്ലെന്ന് കെ.സി.വൈ.എം...
ജോസ് മാർട്ടിൻ
അന്ധകാരനഴി /ആലപ്പുഴ: യുവജ്യോതി കെ.സി.വൈ.എം. ആലപ്പുഴ രൂപതയുടെ നേതൃത്വത്തിൽ 12 വർഷമായിട്ടും നിർമ്മാണം പൂർത്തിയാക്കാത്ത അന്ധകാരനഴി വടക്കേപ്പാലം പണിയിൽ പ്രതിഷേധിച്ചുകൊണ്ട് ആലപ്പുഴ രൂപതാ യുവജ്യോതി കെ.സി.വൈ.എം. പ്രവർത്തകർ ഏകദിന ഉപവാസ സമരം നടത്തി. അന്ധകാരനഴി വടക്കേപ്പാലത്തിൽ രാവിലെ പത്തു മണിക്ക് തുടങ്ങിയ നിരാഹാരം വിയത്ര ക്ഷൺമുഖോദയപുരം ക്ഷേത്ര മേൽശാന്തി സന്തോഷ് ഉത്ഘാടനം ചെയ്തു.
പാലം പൂർത്തിയാവുന്നവരെ സമരം ചെയ്യുന്ന യുവജന പ്രസ്ഥാനത്തിന് പൂർണ്ണ പിന്തുണ നൽകുമെന്ന് മേൽശാന്തി സന്തോഷ് തന്റെ ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കെ.സി.വൈ.എം. ആലപ്പുഴ രൂപതാ പ്രസിഡന്റ് എം.ജെ.ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു. പാലം പൂർത്തിയായി ഗതാഗത യോഗ്യമാവുന്നത് വരെ സമരമുഖത്തുനിന്ന് പിന്നോട്ടില്ലെന്ന് എം.ജെ.ഇമ്മാനുവൽ അറിയിച്ചു.
കെ.സി.വൈ.എം. ആലപ്പുഴ രൂപതാ ഡയറക്ടർ ഫാ.ജൂഡോ മൂപ്പശ്ശേരി, ഫാ.ജോസ് അറക്കൽ, ഫാ.സെബാസ്റ്റ്യൻ പുന്നയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
പാലത്തിന്റെ നിർമ്മാണം തുടങ്ങിയത് മുതൽ നിർമ്മണം ദ്രുതഗതിയിൽ നടത്തുന്നതിന് വേണ്ടി കെ.സി.വൈ.എം. പ്രവർത്തകർ നിരവധി ഇടപെടലുകൾ നടത്തിയിട്ടുണ്ട്. തൊണ്ണൂറു ശതമാനം പൂർത്തിയായ പാലത്തിന്റെ അപ്രോച്ച് റോഡ് മാത്രമാണ് ഇനി പൂർത്തിയവാനുള്ളത്. 2017-ൽ കളട്രേറ്റ് പഠിക്കൽ നടത്തിയ അനിശ്ചിതകാല നിരാഹാരസമരത്തിൽ അന്നത്തെ കളക്ടർ ടി.വി.അനുപമ ഒരു മാസത്തിനകം പാലം ഗതാഗത യോഗ്യമാക്കി നൽകാം എന്ന് ഉറപ്പ് നൽകിയിരുന്നതായും, ന്യൂനപക്ഷ കമ്മീഷൻ, യുവജന കമ്മീഷൻ എന്നിവരുടെ മുൻപാകെ നിർമ്മാണ ചുമതലയുള്ള ഹാർബർ എൻജിനീയറിങ് വകുപ്പിലെ ഉദ്യോഗസ്ഥർ ഈ വാഗ്ദാനം ആവർത്തിച്ചതുമാണെന്നും, മൂന്ന് വർഷങ്ങൾക്ക് ശേഷവും പാലംപണി പൂർത്തിയാക്കാത്ത സാഹചര്യത്തിലാണ് വീണ്ടും സമര രംഗത്തേക്ക് ഇറങ്ങിയിരിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
രൂപത ഭാരവാഹികളായ എം.ജെ.ഇമ്മാനുവൽ, അഡ്രിൻ ജോസഫ്, കിരൺ ആൽബിൻ, കെവിൻ ജൂഡ്, ജിതിൻ സ്റ്റീഫൻ എന്നിവർ നിരാഹാരമനുഷ്‌ടിച്ചു. നിരവധി വൈദിക, സാമൂഹ്യ സാംസ്കാരിക നായകന്മാർ സമരത്തിന് ഐക്യദാർഢ്യം അർപ്പിച്ചു. വർഗ്ഗീസ് ജെയിംസ്, എൽറോയ്, ജോൺ ബോസ്‌കോ, ഷാൻ, ടോം ചെറിയാൻ, ഡെറിക് ആന്റോ എന്നിവർ നേതൃത്വം നൽകി.