Kerala

അതിജീവനത്തിന്റെ 730 ദിനങ്ങൾ

സമരത്തിന്റെ രണ്ടാംഘട്ട പ്രഖ്യാപന കൺവൻഷൻ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു...

ജോസ് മാർട്ടിൻ

ചെല്ലാനം / കൊച്ചി: കടൽകയറ്റ പ്രശ്നത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ചെല്ലാനം കൊച്ചി ജനകീയ വേദി കഴിഞ്ഞ രണ്ട് വർഷമായി നടത്തിവരുന്ന സമരത്തിന്റെ രണ്ടാംഘട്ട പ്രഖ്യാപന കൺവൻഷൻ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. ചെല്ലാനം, കൊച്ചി മേഖലയിലെ കടൽകയറ്റ പ്രശ്നത്തിന് ചെല്ലാനം കൊച്ചി ജനകീയ വേദി മുന്നോട്ട് വെക്കുന്ന പരിഹാര നിർദ്ദേശങ്ങൾ ഏറ്റവും ശാസ്ത്രീയവും ശരിയായതും പരിസ്ഥിതി സൗഹാർദപരവുമാണെന്നും, എന്നാൽ സർക്കാരുകൾ ഇത്തരം ജനകീയ സമരങ്ങൾ മുന്നോട്ട് വെക്കുന്ന നിർദ്ദേശങ്ങൾ കേൾക്കാൻ പോലും തയ്യാറല്ലെന്നും, അതേസമയം കോടികൾ ചെലവിടാൻ കഴിയുന്ന കെ.റെയിൽ പോലുള്ള വമ്പൻ വിനാശ വികസന പദ്ധതികളിലാണ് അവരുടെ കണ്ണെന്നും തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

പുന:ർഗേഹം, ബ്ലൂ-എക്കോണമി തുടങ്ങിയ ജനവിരുദ്ധ പദ്ധതികളല്ല മറിച്ച്, കടൽകയറ്റ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുന്ന പദ്ധതികളാണ് വേണ്ടതെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ജാക്സൺ പൊള്ളയിൽ ആവശ്യപ്പെട്ടു. മറിയാമ്മ ജോർജ്ജ് കുരിശിങ്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ജാക്സൺ പൊള്ളയിൽ, റവ.ഡോ.ആന്റണീറ്റോ പോൾ, അഡ്വ.തുഷാർ നിർമൽ സാരഥി, പി.വി.വിൽസൺ, വി.ടി.സെബാസ്റ്റ്യൻ, ഷിജി തയ്യിൽ, ജോസഫ് അറയ്ക്കൽ, ജോസഫ് ജയൻ കുന്നേൽ, സുജ ഭാരതി, എൻ.എക്സ്.ജോയ്, ആന്റണി അറയ്ക്കൽ, ആന്റണി ആലുങ്കൽ, സോമനാഥൻ ടി.ജി., ജാൻസി, കനക തുടങ്ങിയവർ സംസാരിച്ചു.

344.2 കോടി രൂപയുടെ നിർദ്ദിഷ്ട പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുക, ചെല്ലാനം ഹാർബർ മുതൽ ചെറിയകടവ് വരെയുള്ള നിർദ്ദിഷ്ട ടെട്രാപോഡ് കടൽഭിത്തി നിർമ്മാണം ചെറിയകടവ് സി.എം.എസ്.-കാട്ടിപ്പറമ്പ്-കൈതവേലി-മാനാശ്ശേരി-സൗദി പ്രദേശങ്ങളിലേക്ക് കൂടി നീട്ടുക, കൊച്ചിൻ പോർട്ടിൽ നിന്നും മണ്ണ് ലഭ്യമാക്കി ചെല്ലാനം-കൊച്ചിത്തീരം ഒന്നടങ്കം പുന:ർനിർമ്മിക്കുക, നിർദ്ദിഷ്ട പദ്ധതി പൂർത്തിയാകുന്നത് വരെ ജിയോട്യൂബുകൾ കൊണ്ടുള്ള പുലിമുട്ടുകൾ നിർമ്മിച്ച് ചെല്ലാനം കൊച്ചി തീരം സംരക്ഷിക്കാൻ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ചെല്ലാനം കൊച്ചി ജനകീയ വേദി രണ്ടാംഘട്ട സമരം തുടങ്ങുന്നതെന്ന് ജോസഫ് ജയൻ കുന്നേൽ കാത്തലിക് വോക്സിനോട്‌ പറഞ്ഞു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker