Daily Reflection

അടിമയിൽനിന്നും മകനിലേക്കുള്ള ദൂരം

മകനിൽ നിന്നും അടിമയിലേക്കു അധഃപതിച്ച്‌, അടിമയിൽ നിന്നും മകനിലേക്കും ഉയിർത്തെഴുന്നേറ്റു...

സ്നേഹമുള്ള ഒരു പിതാവിന്റെ രൂപമാണ് മിക്കാ പ്രവാചകൻ 7:14 -20 തിരുവചനഭാഗത്ത് വരച്ചുകാണിക്കുന്നത്. “അവിടുന്ന് തന്റെ കോപം എന്നേക്കുമായി വച്ചുപുലർത്തുന്നില്ല; എന്തെന്നാൽ അവിടുന്ന് കാരുണ്യത്തിൽ ആനന്ദിക്കുന്നു” (മിക്കാ 7:18 b). എന്നാൽ ഈ കാരുണ്യം എല്ലാവരോടുമല്ല കാണിക്കുന്നത്, ഇതിനു തൊട്ടു മുമ്പുള്ള ഭാഗത്ത് പറയുന്നുണ്ട്: തന്റെ അവകാശത്തിന്റെ അവശേഷിച്ച ഭാഗത്തോട് അവരുടെ അപരാധങ്ങൾ പൊറുക്കുകയും അതിക്രമങ്ങൾ ക്ഷമിക്കുകയും ചെയ്യും, എന്നാണ് പറയുന്നത്. ഈ അവശേഷിച്ച ഭാഗം ദൈവം പിതാക്കന്മാരോടു കാണിച്ച വലിയ കാരുണ്യം കണ്ടു മനസ്സുതിരിയുന്ന ഒരു ഭാഗം മാത്രമാണ്. കോപം മാറ്റുകമാത്രമല്ല, കാരുണ്യ കാണിച്ച്, വചനത്തിൽ പറയുന്നപോലെ, “ആഴിയുടെ അഗാധങ്ങളിലേക്കു നമ്മുടെ പാപങ്ങളെ അവിടുന്ന് തൂത്തെറിയും” (മിക്കാ 7:19 b). എന്നുവച്ചാൽ അനുതപിച്ചവന്റെ മുന്നിൽ തിന്മയുടെ ഒരു നിഴൽ പോലും കാണാതിരിക്കത്തക്കവിധം അവിടുന്നു അവയെല്ലാം തൂത്തെറിയും; കാരണം തിരിച്ചുവന്നവൻ ദൈവത്തിന്റെ അവകാശത്തിന്റെ ഭാഗമാണ്.

നഷ്ടപ്പെട്ടുപോയ പുത്രന്റെ കഥ പറഞ്ഞിട്ട് ഈശോനാഥൻ, തന്റെ അവകാശമായി എന്നും കരുതുന്ന ദൈവപിതാവിന്റെ കാരുണ്യത്തെ വിശദീകരിക്കുകയാണ്. ലൂക്കാ 15:1 – 3 ഈ ഉപമയുടെ ആമുഖം. അവിടെ പാപികളും ചുങ്കക്കാരും യേശുവിന്റെ വാക്കുകൾ കേൾക്കാൻ ഒരുമിച്ചുകൂടുന്നത് കണ്ടിട്ട് ഫരിസേയർ പിറുപിറുക്കുന്നുണ്ട്, അവരോടാണ് ഈ കഥ പറയുന്നത്. കാരണം ദൈവത്തിന്റെ സ്നേഹത്തെ മറച്ചു പിടിച്ച, ദൈവത്തിന്റെ സ്നേഹം പകർന്നുകൊടുക്കാൻ പറ്റാതായ ഒരു കൂട്ടരാണ് അവർ. ഇന്നും ഫരിസേയമനോഭാവം നമ്മിലുണ്ട്. ദൈവത്തിന്റെ സ്നേഹത്തിന്റെ ആഴമളക്കാൻ നമുക്ക് ചിലപ്പോഴൊക്കെ പറ്റാതെ പോകാറുണ്ട്, ഈ ഉപമയിലെ മൂത്തമകനെപോലെ. കൂടെ നിന്നിട്ടും അവിടുത്തെ സ്നേഹം തിരിച്ചറിയാതെ പോകുന്ന ഒരു കൂട്ടർ. അവർക്കുവേണ്ടിയാണ് ക്രിസ്തു കാണാതായ ആടിന്റെ ഉപമയും (ലൂക്കാ 15:4- 7), കാണാതായ നാണയത്തിന്റെ ഉപമയും (ലൂക്കാ 15:8-10), നഷ്ടപെട്ട പുത്രന്റെ കഥയും (ലൂക്കാ 15:11- 32) പറയുന്നത്.

ഈ ഉപമയിൽ ഇളയപുത്രൻ ചെയ്തതെന്താണ്, മകനിൽ നിന്നും അടിമയിലേക്കു അധഃപതിച്ച്‌, അടിമയിൽ നിന്നും മകനിലേക്കും ഉയിർത്തെഴുന്നേറ്റുവെന്ന് ഒറ്റവാക്കിൽ പറയാം.

1) മകനിൽ നിന്നും അടിമയിലേക്കുള്ള ദൂരം: പിതാവിനോടുള്ള സ്നേഹം നഷ്ടമാകുമ്പോഴാണ് പിതാവിൽ നിന്നും അകന്നുപോകുന്ന ഇളയ പുത്രന്മാരും പിതാവിന്റെ കൂടെ ആ സ്നേഹം മനസിലാകാതെ പോകുന്ന അടിമകളും ജനിക്കുന്നത്. മൂത്തപുത്രന്റെ തെറ്റ് വ്യക്തം അവൻ പിതാവിന്റെ മുന്നിൽ കർത്തവ്യങ്ങൾ സ്നേഹത്തോടെയല്ല നിറവേറ്റുന്നത്, ഒരു അടിമയെപ്പോലെ. നേരെമറിച്ച്, ഇളയമകൻ പിതാവിന്റെ സ്നേഹത്തിൽ നിന്നും അകന്നുപോകുന്നത് പിതാവിന്റെ സ്നേഹത്തെ കൊന്നിട്ടാണെന്ന് മനസിലാക്കാം. കാരണം ഇസ്രായേൽ പാരമ്പര്യത്തിൽ പിതാവ് ജീവിച്ചിരിക്കുമ്പോൾ മക്കൾ സ്വത്തു പങ്കിട്ടെടുക്കില്ല, ആ അർത്ഥത്തിൽ പിതാവിന്റെ സ്വത്ത് അവനു ചോദിച്ചു എന്നുപറഞ്ഞാൽ പിതാവിന്റെ മരണം സംഭവിച്ചപോലെയാണ്, സ്നേഹത്തിന്റെ മരണം അവന്റെ ഹൃദയത്തിൽ നടന്നു. യഥാർത്ഥത്തിൽ സ്നേഹം മരിക്കുന്നില്ല, കാത്തിരിക്കുന്ന സ്നേഹമായി അവന്റെ ഉള്ളിൽ പിന്നീട് അവനു ബോധ്യപ്പെടുന്നുണ്ട്. സ്നേഹത്തെ ദൈവത്തിന്റെ വരപ്രസാദമെന്നു മനസിലാക്കിയാൽ, ആ വരപ്രസാദം, സ്നേഹം നിർവചിക്കുന്നത് ഇങ്ങനെയാണ്: പരിധികളില്ലാത്തതും അദ്ര്യശ്യവുമായി എന്നും നിലനിൽക്കുന്ന സ്നേഹം. ആ അർത്ഥത്തിൽ അവൻ എത്ര ദൂരം പോയാലും ആ സ്നേഹം അവനെ പൊതിഞ്ഞിട്ടുണ്ടാകും. അവൻ എന്ത് ചെയ്താലും മുറിഞ്ഞ മനസോടെ അവന്റെ കൂടെയുണ്ടാകും. അകന്നുപോകുന്തോറും കൂടുതൽ കാര്യക്ഷമതയോടെ ദൂരേക്ക്‌ കണ്ണുംനട്ട് കാത്തിരിക്കുന്ന സ്നേഹമാണത്. വാക്കുകളുടെ പരിമിതികളുണ്ട് അവയെ വർണ്ണിക്കാൻ. അതുകൊണ്ടല്ലേ അവന്റെ തിരിച്ചുവരവിനെ, അടിമയിൽ നിന്നും. മകനിലേക്കുള്ള തിരിച്ചു വരവിനെകുറിച്ച് പറയുന്നത്, “അവൻ സുബോധമുണ്ടായി, അവന്റെ പിതാവിന്റെ സ്നേഹത്തെ ഭവനത്തെ അവൻ ഓർത്തുവെന്നാണ്. കാരണം പിതാവിന്റെ സ്നേഹം അവനിൽ മരിച്ചുവെങ്കിലും പിതാവിന്റെ സ്നേഹം അവിടെയുണ്ട് എന്ന് അവൻ ഓർത്തു. അവൻ പിതാവിന്റെ സ്വത്തിന്റെ ഇളയപുത്രന്റെ പങ്കായ മൂന്നിൽ ഒരു പങ്കാണ് അവൻ വാങ്ങിയത്, ബാക്കിഭാഗമായ മൂത്തപുത്രന്റെ മൂന്നിൽ രണ്ടുഭാഗം അവിടെയുണ്ട്, അവിടെ ചെന്നാൽ ആ പങ്കിന്റെ ദാസനായെങ്കിലും പങ്കുപറ്റി ജീവിക്കാമെന്ന ബോധം അവനിൽ ഉണ്ടായി എന്നാണ് മനസിലാക്കേണ്ടത്. (മക്കൾക്കുള്ള സ്വത്തു വിഭജനത്തെക്കുറിച്ചു നിയമാ. 21, 17 ൽ പറയുന്നുണ്ട്, മൂന്നിൽ രണ്ടുഭാഗം കടിഞ്ഞൂൽ പുത്രന് അവകാശപ്പെട്ടതാണ്).

കൂടാതെ പിതാവ് അവനു അത് വിഭജിച്ചു കൊടുക്കാനും, അവന്റെ വരവ് പ്രതീക്ഷിച്ചിരിക്കാനും കാരണം:

a ) ഇത്രയുംനാൾ അവനു താൻ പൂർണ്ണമായി ആ സ്നേഹം നൽകിയിട്ടുണ്ട്, ഇനി അവൻ അത് വേണ്ടായെന്നു വച്ചുപോകുന്നെങ്കിൽ പോയി വളരെ കഠിനമായ സാഹചര്യങ്ങളിലൂടെ പോയി പടിക്കട്ടെയെന്നും
b ) തന്റെ സ്നേഹത്തിന്റെ ആഴവും പരപ്പും അവൻ മറക്കിലായെന്നു ഉറപ്പുള്ളതുംകൊണ്ടാണ്. അവനും തിരിച്ചറിഞ്ഞതും അത് തന്നെ, തന്റെ പിതാവിന്റെ വീട്, അവിടെ ദാസർപോലും എത്ര അതികം സന്തോഷായി ജീവിക്കുന്നുവെന്നാണ് അവൻ ഓർത്തത്.

2) അടിമ പുത്രനാകാൻ കാരണം “അവനു സുബോധമുണ്ടയി” എന്നാണ് വചനം പറയുന്നത്. (ലൂക്ക 15:17). ഈ സുബോധം ആത്മാവിന്റെ ദാനമാണ് വരപ്രസാദത്തെക്കുറിച്ചുള്ള ബോധം, വന്ന വഴികളെ തിരുത്തുവാനുള്ള സ്നേഹത്തിലേക്കുള്ള തിരിച്ചു നടക്കൽ. ആ തിരിച്ചു നടക്കലിലും ആ സ്നേഹത്തിന്റെ പുതിയ വെളിപെടലുകൾ നടക്കുന്നുണ്ട്, സ്നേഹത്തിന്റെ വളർച്ചയാണത്.

A) ആദ്യപടി, ദാസനായെങ്കിലും സ്വീകരിക്കണമേയെന്നു അപേക്ഷിക്കും. ഭൃത്യന്മാരിൽ തന്നെ പല തട്ടുണ്ട്. ഒരു സാധാരണ അടിമ, ഭൃത്യൻ കുടുംബത്തിന്റെ തന്നെ ഭാഗമാണ്, അതുകൊണ്ടു അവനെയും പരിച്ഛേദനം ചെയ്യണം, പെസഹാ ഭക്ഷിക്കാൻ പങ്കുകൊടുക്കണം എന്നൊക്കെ പഴയനിയമത്തിൽ കാണാം. എന്നാൽ അതിലും താഴ്ന്നതട്ടുണ്ട്. അവരിൽ ഒരാളായി എങ്കിലും കാണണമെയെന്നാണ് അവൻ അപേക്ഷിക്കാൻ ഇരുന്നത്.

B) പിതാവിന്റെ അടുത്തേക്കുള്ള ദൂരം താണ്ടുമ്പോൾ പിതാവ് ഇങ്ങോട്ടു ഓടി വരുന്നുവെന്നാണ് വചനം പറയുക. പിന്നീടുള്ളതൊക്കെ പിതാവിന്റെ സൗജന്യദാനമാണ്. അവൻ ഇങ്ങനെ ചിന്തിച്ചു, തിരിച്ചു നടക്കാൻ തുടങ്ങി, പക്ഷെ പിതാവ് അവന്റെ അടുത്തേക്ക് ഓടിയെത്തുന്നു, കെട്ടിപിടിച്ചു, ചുംബിക്കുന്നു. വചനഭാഗം സുന്ദരമാണിവിടെ, മകൻ പറയാൻ തുടങ്ങുന്നു, “പിതാവേ, സ്വർഗത്തിനെതിരായും നിന്റെ മുൻപിലും ഞാൻ പാപം ചെയ്തുപോയി” – സ്വത്തുവിഭജനത്തെക്കുറിച്ചുള്ള ദൈവികനിയമം ലംഘിക്കുകവഴി സ്വർഗ്ഗത്തിനെതിരെയും, അവിടുത്തെ സ്നേഹത്തെ എന്റെ ഹൃദയത്തിൽ കൊന്നതിന് നിനക്കെതിരെയും ഞാൻ പാപം ചെയ്തു. തുടർന്ന് അവൻ പറയുന്നു:”നിന്റ മകനെന്ന വിളിക്കപ്പെടാൻ ഞാൻ യോഗ്യനല്ല”, തുടർന്ന് അവൻ ചിന്തിച്ചതനുസരിച്ച് പറയേണ്ടിയിരുന്നത്, “നിന്റെ ദാസറിൽ ഒരുവനായി എന്നെ സ്വീകരിക്കേണമേ” യെന്നാണ്. പക്ഷെ ആ വാചകം അവിടെ കാണുന്നില്ല. അതുകേൾക്കാൻ ആ പിതാവിന് താല്പര്യമില്ലായിരുന്നു, ചിന്തിക്കാൻ പോലും പറ്റില്ലായിരുന്നു. പിതാവിന്റെ മുന്നിൽ മക്കൾക്ക് വേർതിരിവില്ല. അവൻ പറയുംമുമ്പേ, പിതാവ് അവനെ അടുത്തപടിയിലേക്കു ഉയർത്തിക്കഴിഞ്ഞു.

C) വസ്ത്രം കൊടുത്തു: അവനെ അംഗീകരിക്കുന്നതിന്റെ അടയാളമാണത്. (മാമ്മോദീസയിൽ മാലിമാകാതെ കാത്തുസൂക്ഷിക്കാൻ ഏൽപ്പിച്ച വസ്ത്രംപോലെ).

D) മോതിരം: തന്റെ ഓഹരി നശിപ്പിച്ചവനാണ്, പക്ഷെ തിരിച്ചുവന്ന മകന് എല്ലാ മകകളെയുംപോലെ എല്ലാ സ്വത്തിന്റെയും അധികാരം കൊടുക്കുന്നു.

E) ചെരുപ്പ്: അടിമകൾ ചെരിപ്പുധരിക്കാൻ പാടില്ല. ചെരിപ്പുകൊടുത്തുവെന്നുപറഞ്ഞാൽ അവൻ ഇനി അടിമയല്ല, സ്വതന്ത്രനാണ്, എന്റെ മകനാണ്.

രണ്ടു മക്കൾക്കും മക്കൾ എന്ന സ്ഥാനം നഷ്ടമായതാണ്: ഇളയവൻ പിതാവിന്റെ സ്നേഹത്തെ ഉപേക്ഷിച്ചവൻ, പിതാവിനെ ഹൃദയത്തിൽ കൊന്നതിനുതുല്യമാക്കിയവൻ; മൂത്തവൻ പിതാവിന്റെ കൂടെ നിന്ന് പിതാവിന്റേതൊക്കെ തന്റേതെന്ന് കരുതി സ്വന്തമാക്കി സഹോദരനുമായി പങ്കുവയ്ക്കാൻപറ്റാത്തവൻ, പിതാവിന്റെ സ്നേഹത്തെ അറിയാതെ അവൻ പറയുന്നുണ്ട്, “നിന്റെ ഈ മകൻ……..” എന്ന്. മകനെങ്കിൽ അവന്റെ സഹോദരനാണെന്ന് അവനു തിരിച്ചറിയുവാൻ സാധിക്കുന്നില്ല. അടിമയിൽനിന്നും മകനിലേക്കു വളരാതെ പോയപുത്രൻ.

ദൈവത്തിന്റെ സ്നേഹം മനുഷ്യന്റെ ഇത്തരം വിഡ്ഡിത്വങ്ങളെ അതിജയിക്കുന്ന സ്നേഹമാണ്. “ആഴിയുടെ അഗാധങ്ങളിലേക്കു നമ്മുടെ പാപങ്ങളെ അവിടുന്ന് തൂത്തെറിയുന്നവനും തിരിച്ചുവന്നവനെ സ്വന്തം അവകാശമായി ചേർത്തുനിർത്തുന്നവനുമാണ്. ഈ നോമ്പുകാലം, നമ്മുടെ മനസ്സിൽ മരവിച്ചുപോയ ദൈവസ്നേഹത്തിനു പുതിയ തിരിച്ചുവരവ് നൽകുന്ന സമയമാണ്, ദൈവത്തിലേക്ക് നടക്കാൻ തുടങ്ങുമ്പോൾ എന്നിലേക്ക്‌ ഓടിവരുന്നവനാണ് എന്റെ പിതാവ്, എന്നെ വെണ്മയുടെ അഗീകാരവസ്ത്രവും, മക്കൾക്കടുത്ത അധികാരത്തിന്റെ മോതിരവും മക്കളെന്ന സ്വാതന്ത്രത്തിന്റെ അവകാശവും നല്കുന്നവനാണെന്ന ബോധ്യത്തോടെ യാത്ര ആരംഭിക്കാം. എന്തെന്നാൽ അവിടുന്ന് കാരുണ്യത്തിൽ ആനന്ദിക്കുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker