Categories: Meditation

ശിഷ്യത്വത്തിന്റെ വില (ലൂക്ക 14:25-33)

ശിഷ്യത്വത്തിന്റെ വില (ലൂക്ക 14:25-33)

മാർട്ടിൻ ആൻറണി

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ

അനുഗമിക്കുവാനായി വലിയൊരു ജനക്കൂട്ടമാണ് യേശുവിന്റെ പിന്നിൽ ഉള്ളത്. അസ്ഥിത്വം ഇല്ലാത്ത ഗണമാണ് ജനക്കൂട്ടം. കൂട്ടത്തെ അല്ല അവനു വേണ്ടത് വ്യക്തമായ ബോധമുള്ള വ്യക്തികളെയാണ്. അതുകൊണ്ടാണ് അവൻ തന്നെ അനുഗമിക്കാൻ വരുന്നവരുടെ മുൻപിൽ ചില വ്യവസ്ഥകൾ വയ്ക്കുന്നത്. അനുഗമിക്കൽ ശിഷ്യത്വം ആകണമെങ്കിൽ സ്നേഹത്തിൻറെ അതീതമായ തലത്തെ അനുഭവിച്ചറിയണം. സ്നേഹം എന്നും ആവശ്യപ്പെടുന്നത് ബന്ധങ്ങളിലെ പ്രഥമതയും താങ്ങായി മാറുന്ന പരിപാലനയുമാണ്. അതുകൊണ്ടാണ് ശിഷ്യത്വത്തെ കുറിച്ചു പറയുമ്പോൾ സ്നേഹവും കുരിശും പരസ്പരബന്ധിതമായി കടന്നു വരുന്നത്.

അതിരുകളിൽ വേലികെട്ടി നിർത്താത്ത സ്നേഹത്തെക്കുറിച്ച് പഠിപ്പിച്ചവൻ ആണ് യേശു. ഉള്ളിലെ സ്നേഹം കാറ്റുപോലെ പറന്ന് എല്ലാവരിലും എത്തണം എന്ന് ആഗ്രഹിച്ചവനാണ് അവൻ. അതുകൊണ്ടാണ് അവൻ വിഭാവനം ചെയ്ത സ്നേഹത്തിന് മുൻപിൽ ശത്രു എന്ന സങ്കല്പം പോലും അലിഞ്ഞില്ലാതാവുന്നത്. പക്ഷെ, “ശത്രുക്കളെ സ്നേഹിക്കുവിൻ” (ലൂക്ക 6:27), “നിന്നെപ്പോലെ തന്നെ നിൻറെ അയൽക്കാരനെ സ്നേഹിക്കുവിൻ” (ലൂക്ക 10:27) തുടങ്ങിയ സ്നേഹത്തിൻറെ വൈവിധ്യതലങ്ങളെ കുറിച്ച് പഠിപ്പിച്ച അതേ യേശു തന്നെയാണ് ഇപ്പോൾ യഥാർത്ഥ ശിഷ്യത്വത്തെക്കുറിച്ച് പഠിപ്പിക്കുമ്പോൾ “വെറുക്കുക” എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. അവൻ പറയുന്നു: “സ്വന്തം പിതാവിനെയും മാതാവിനെയും ഭാര്യയെയും മക്കളെയും സഹോദരന്‍മാരെയും സഹോദരിമാരെയും എന്നല്ല, സ്വജീവനെത്തന്നെയും വെറുക്കാതെ എന്‍െറ അടുത്തുവരുന്ന ആര്‍ക്കും എന്‍െറ ശിഷ്യനായിരിക്കുവാന്‍ സാധിക്കുകയില്ല” (v.26). എങ്ങനെ ഈ വെറുക്കുക എന്ന പദം ഇവിടെ കടന്നുകൂടി? ഈ പദത്തിന് നമ്മൾ ഇന്നും മനസ്സിലാക്കുന്ന ‘അനിഷ്ടമായി കരുതുക’, ‘വിദ്വേഷം വച്ച് പുലർത്തുക’, ‘നികൃഷ്ടമായി കരുതുക’ തുടങ്ങിയ അർത്ഥങ്ങളാണോ കൽപ്പിച്ചിരിക്കുന്നത്?

ഇങ്ങനെയുള്ള കുഴയ്ക്കുന്ന ഭാഷ പ്രശ്നങ്ങൾ വരുമ്പോൾ നമ്മൾ ആദ്യം അവയുടെ സാംസ്കാരിക പശ്ചാത്തലം മനസ്സിലാക്കണം. ബൈബിളിലെ ഗ്രീക്ക് കൃതികളിൽ ‘വെറുക്കുക’ എന്ന സങ്കൽപ്പത്തിന് ‘മീസേയൊ’ (miseo) എന്ന പദമാണ് ഉപയോഗിക്കുന്നത്. ഇത് ഹീബ്രു ഭാഷയിലെ ‘സന’ (sanah) എന്ന പദത്തിൻറെ തർജ്ജമയാണ്. ‘സന’ എന്ന വാക്കിൻറെ അർത്ഥം ‘കുറച്ചു സ്നേഹിക്കുക’ എന്നതാണ്. പക്ഷേ ‘മീസേയൊ’ എന്ന ഗ്രീക്ക് പദത്തിന് ‘വെറുക്കുക’ എന്ന വിവക്ഷയാണുള്ളത്. പദങ്ങൾ തമ്മിലുള്ള സാംസ്കാരിക വ്യത്യാസമാണിത്. സുവിശേഷത്തിൽ ‘മീസേയൊ’ എന്ന വാക്കാണ് ഉപയോഗിച്ചിട്ടുള്ളതെങ്കിൽത്തന്നെയും യഹൂദ സാംസ്കാരിക പശ്ചാത്തലത്തിൽ ആ വാക്കിൻറെ അർഥം ‘വെറുക്കുക’ എന്നല്ല മറിച്ച് ‘കുറച്ച് സ്നേഹിക്കുക’ എന്നതാണ്. അങ്ങനെയാകുമ്പോൾ സുവിശേഷത്തിൽ യേശു പഠിപ്പിക്കുന്നത് വെറുക്കുവാനല്ല. മറിച്ച് ശിഷ്യനാകാൻ ആഗ്രഹിക്കുന്നവന്റെ ഉള്ളിൽ തെളിഞ്ഞു നിൽക്കേണ്ട ഏക മുഖം യേശുവിന്റെതായിരിക്കണം എന്നതാണ്. സഹജരേ വെറുത്തു കൊണ്ട് യേശുവിനെ അനുഗമിക്കണം എന്നതല്ല ഇവിടത്തെ വിഷയം, പ്രത്യുത സഹജരോടുള്ള സ്നേഹം യേശുവിനോടുള്ള സ്നേഹത്തിന് മുകളിലാകരുത്. ശിഷ്യന് യേശുവിനോടുള്ള സ്നേഹമായിരിക്കണം എന്നും എപ്പോഴും പ്രഥമസ്ഥാനം ആയി നിൽക്കേണ്ടത്. അതിനു തടസ്സമായി സ്വത്വമോ സ്വന്തമെന്നു കരുതുന്നവരോ പോലും ഉണ്ടാകുവാൻ പാടില്ല.

ശിഷ്യത്വത്തിൻറെ രണ്ടാമത്തെ വ്യവസ്ഥയായി അവൻ നൽകുന്നത് സ്വന്തം കുരിശു വഹിക്കണം എന്നതാണ്. “സ്വന്തം കുരിശു വഹിക്കാതെ എന്‍െറ പിന്നാലെ വരുന്നവന്‌ എന്‍െറ ശിഷ്യനായിരിക്കുവാന്‍ കഴിയുകയില്ല” (v. 27). കുരിശു സമം സഹനം എന്ന ചിന്ത ഇവിടെ അടങ്ങിയിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. ഇവിടെ കുരിശ് ദൈവപരിപാലനയുടെ പ്രതീകമാണ്. ശിഷ്യത്വത്തി വ്യവസ്ഥയായി കുരിശു വഹിക്കണമെന്ന് നിഷ്കർഷിക്കുന്നതിലൂടെ അവൻ അർത്ഥമാക്കുന്നത് ശിഷ്യന്റെ ജീവിതം ദൈവപരിപാലനയിൽ ആശ്രിതമായിരിക്കണം എന്നതാണ്. പക്ഷേ അത് ഒഴുക്കിനൊപ്പം നീങ്ങുന്ന പായലുകൾ പോലെ ആവുകയും അരുത്. എല്ലാവരും ചെയ്യുന്നു അതുകൊണ്ട് ഞാനും ചെയ്യുന്നു എന്ന മൂന്നാംകിട മനോഭാവവും ആകരുത്. ആ മനോഭാവം ജനക്കൂട്ടത്തിന്റെ മനോഭാവമാണ്. മറിച്ച് ക്രിസ്തു ശിഷ്യത്വം ഉളവാകേണ്ടത് വ്യക്തമായ ബോധത്തിൽ നിന്നും ആകണം. അതുകൊണ്ടാണ് ഇന്നത്തെ സുവിശേഷ ഭാഗത്തിൽ ഗോപുരം പണിയാൻ ഇച്ഛിക്കുന്ന ഒരുവനെ കുറിച്ചും യുദ്ധത്തിനു പോകാൻ ഒരുങ്ങുന്ന രാജാവിനെ കുറിച്ചും ഉള്ള രൂപക കഥകൾ യേശു പറയുന്നത്.

അപ്പോൾ വിചിന്തനം ചെയ്യേണ്ടത് ഒരു കാര്യം മാത്രമാണ്. ഒരു ക്രിസ്തു അനുയായി എന്ന നിലയിൽ നിന്റെ ജീവിതത്തിൽ അവന് പ്രഥമസ്ഥാനം ഉണ്ടോ? അതോ വ്യക്തമായ ബോധം ഇല്ലാത്ത ഒരു ജനക്കൂട്ടത്തിന്റെ മനോഭാവത്തോടെയാണോ നീ അവനെ അനുഗമിക്കുന്നത്?

vox_editor

Recent Posts

4th Advent Sunday_രണ്ടു സ്ത്രീകൾ (ലൂക്കാ 1:39-45)

ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…

15 hours ago

ക്രിസ്‌തുമസ്കാലം സ്നേഹം പങ്കുവയ്ക്കുന്ന പ്രത്യേക കാലമാണ്, പുൽക്കൂട്ടിൽ പുഞ്ചിരിക്കുന്ന ഉണ്ണീശോ നമ്മെ ക്ഷണിക്കുന്നതും സ്നേഹത്തിന്റെ പ്രവാചകരാകാൻ; ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ

ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…

15 hours ago

ഫ്രഞ്ച് ദ്വീപിലേക്ക് പാപ്പയെ അനുഗമിച്ച് കര്‍ദിനാള്‍ ജോര്‍ജ്ജ് കൂവക്കാട്

അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…

5 days ago

Advent 3rd Sunday_മനുഷ്യത്വമാണ് വിശുദ്ധി (ലൂക്കാ 3: 10-18)

ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…

1 week ago

ഫ്രാന്‍സീസ് പാപ്പാ മുന്നാമതും ഫ്രാന്‍സിലേക്ക്

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …

1 week ago

ഫ്രാന്‍സിസ് പാപ്പ വൈദികനായിട്ട് 55 വര്‍ഷങ്ങള്‍

  വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്‍പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…

1 week ago