Sunday Homilies

The Holy Family_Year_A_കുടുംബത്തിനുവേണ്ടി ചില പാഠങ്ങൾ

ദൈവത്തെ കഴിഞ്ഞാൽ ദൈവം ആഗ്രഹിക്കുന്നത് മനുഷ്യന്റെ മാതാപിതാക്കളെ സ്നേഹിക്കണമെന്നും ബഹുമാനിക്കണമെന്നുമാണ്...

തിരുക്കുടുംബ തിരുന്നാൾ

ഒന്നാം വായന : പ്രഭാഷകൻ 3:2-6,12-14
രണ്ടാം വായന : കൊളോസോസ് 3:12-21
സുവിശേഷം : വി.മത്തായി 2: 13-15, 19-23

ദിവ്യബലിക്ക് ആമുഖം

“ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ” എന്ന പൗലോസ് അപ്പോസ്തലന്റെ വാക്കുകളോടെയാണ് തിരുകുടുംബത്തിന്റെ തിരുനാൾ ആഘോഷിക്കുന്ന ഈ ഞായറാഴ്ച തിരുസഭ നമ്മെ സ്വാഗതം ചെയ്യുന്നത്. 1921-ൾ ബനഡിക്ട് പതിനഞ്ചാമൻ പാപ്പയുടെ കാലത്താണ് ഈ തിരുനാൾ ആഗോള സഭയിൽ ഔദ്യോഗികമായി ആഘോഷിച്ചു തുടങ്ങിയത്. തിരുകുടുംബത്തെ മാതൃകയാക്കി നമ്മുടെ കുടുംബങ്ങളിലും ദൈവവിശ്വാസവും ക്രൈസ്തവ മൂല്യങ്ങളും സജീവമാക്കി നിലനിർത്തുക എന്നതാണ് ഈ തിരുനാളിന്റെ ലക്ഷ്യം. ഈ ലക്ഷ്യ പൂർത്തീകരണത്തിനായി കുടുംബത്തെക്കുറിച്ചും, കുടുംബ ബന്ധങ്ങളെക്കുറിച്ചും ധ്യാനിക്കുന്ന തിരുവചനങ്ങളാണ് നാമിന്ന് ശ്രവിക്കുന്നത്.

ദൈവവചന പ്രഘോഷണകർമ്മം

തിരുക്കുടുംബത്തിന്റെ ചിത്രം നാം കണ്ടിട്ടുണ്ട്. മരപ്പണി ചെയ്യുന്ന യൗസേപിതാവ്, വീട്ടുജോലി ചെയ്യുന്ന പരിശുദ്ധ മറിയം, ജോലിയിൽ മാതാ-പിതാക്കന്മാരെ സഹായിക്കുന്ന യേശു. ഈ ചിത്രത്തിലൂടെ തിരുകുടുംബം അനുഭവിച്ചിരുന്ന സന്തോഷവും, സമാധാനവും, ശാന്തതയും ചിത്രകാരൻ നമ്മുടെ മുമ്പിൽ വരച്ചു കാട്ടുകയാണ്. എന്നാൽ തിരുക്കുടുംബത്തിൻ സന്തോഷത്തെയും ശാന്തിയുടേയും പിന്നിലുള്ള മറ്റു ചില യാഥാർത്ഥ്യങ്ങൾ ഇന്നത്തെ സുവിശേഷം വിവരിക്കുന്നു. നമുക്കവയെ ധ്യാനിക്കാം. ഇന്നത്തെ തിരുവചനങ്ങൾ ഒരു കണ്ണാടിയായി മുന്നിൽ പിടിച്ചു കൊണ്ട് നമുക്ക് നമ്മുടെ കുടുംബങ്ങളെ പരിശോധിക്കാം.

1) നമ്മുടെ കുടുംബം സുവിശേഷത്തിന് മുൻപിൽ

ഇന്നത്തെ സുവിശേഷത്തിൽ നിന്ന് മനസ്സിലാക്കുവാൻ കഴിയുന്ന ഒന്നാമത്തെ കാര്യമിതാണ്; കുടുംബത്തിലും ജീവിതത്തിലും പലതും സംഭവിക്കുന്നത് നാം വിചാരിക്കുന്നത് പോലെ അല്ല. നാം ഒരിക്കലും വിചാരിക്കാത്ത വഴികളിലൂടെയും, യാഥാർത്ഥ്യങ്ങളിലൂടെയും ദൈവം നമ്മുടെ കുടുംബങ്ങളെ നയിക്കും. ഇന്നത്തെ സുവിശേഷത്തിൽ 3 സ്വപ്നങ്ങളിലൂടെ വിശുദ്ധ ജോസഫിനെയും ഒരു കൊച്ചു നവകുടുംബത്തെയും ദൈവം നയിക്കുന്നു. ആദ്യം ഈജിപ്തിലേക്കുള്ള പാലായനം, പിന്നെ അവിടെനിന്ന് വീണ്ടും മാതൃ രാജ്യത്തിലേക്ക്, വീണ്ടും ഗലീലി യിലേക്ക്. ഇതിൽ നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്; ജോസഫും മറിയവും ആഗ്രഹിച്ച പ്രശാന്തസുന്ദരമായ, ശാന്തമായ ഒരു ജീവിതമല്ല അവർക്ക് ആദ്യഘട്ടത്തിൽ ലഭിച്ചത്. ഇത് നമ്മുടെ കുടുംബങ്ങൾക്കും പാഠമാണ്. ദൈവം നമ്മുടെ സംരക്ഷണത്തിനായി, നാം ഒരിക്കലും പ്രതീക്ഷിക്കാത്ത വഴികളിലൂടെയും യാഥാർത്ഥ്യങ്ങളിലൂടെയും നമ്മുടെ കുടുംബങ്ങളെ നയിക്കും.
രണ്ടാമതായി നാം പഠിക്കുന്ന പാഠം; വിശുദ്ധ ജോസഫ് ഉത്തരവാദിത്വബോധമാണ്. തന്റെ മകന്റെയും, ഭാര്യയുടെയും, കുടുംബത്തിന്റെയും സംരക്ഷണത്തിനായി “നിശബ്ദനായ അപ്പൻ” ഏറ്റെടുക്കുന്ന ഭാഗം ചെറുതല്ല. കൈകുഞ്ഞുമായുള്ള പാലായനം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. സ്വന്തം കുടുംബത്തിലെ ഉത്തരവാദിത്വങ്ങളെ അവഗണിക്കുന്ന, ലാഘവബുദ്ധിയോടെ കാണുന്ന, മക്കൾക്കും കുടുംബത്തിനും സംരക്ഷണം നൽകാത്ത, അവർക്ക് വേണ്ടി അധ്വാനിക്കാത്ത എല്ലാ അലസരായ മാതാപിതാക്കൾക്കും ഉള്ള മുന്നറിയിപ്പാണ് ജോസഫിനെയും മേരിയുടെയും ജീവിതം.
മൂന്നാമതായി നാം പഠിക്കുന്ന യാഥാർത്ഥ്യം; യേശുവിനെ കൊല്ലാനും, അതുവഴി കുടുംബത്തെ നശിപ്പിക്കാനും ഹേറോദോസ് ആഗ്രഹിച്ചു. അതുപോലെ നമ്മുടെ കുഞ്ഞുങ്ങളെ മാനസികമായി കൊല്ലുന്ന, അത് വഴി കുടുംബത്തെയും കുടുംബ സമാധാനത്തെയും നശിപ്പിക്കുന്ന നിരവധി തിന്മയുടെ ശക്തികൾ (ആധുനിക ഹേറോദോസുകൾ) ഇന്നത്തെ ലോകത്തിലുണ്ട്. നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കുന്ന എല്ലാ തിന്മകളെയും, അത് മദ്യമാകട്ടെ, മയക്കുമരുന്നാകട്ടെ, അപക്വമായ സ്നേഹബന്ധങ്ങളാകട്ടെ, നിരീശ്വരവാദ ചായ്‌വുകളാകട്ടെ, ആധുനിക സാമൂഹ്യസമ്പർഗ മാധ്യമങ്ങളാകട്ടെ ഇവയെല്ലാം തിരിച്ചറിഞ്ഞ് ജോസഫ് പിതാവ് ഉണ്ണിയേശുവിനെ ശത്രുക്കളിൽ നിന്ന് സംരക്ഷിച്ചത് പോലെ, മക്കളെ എല്ലാ തിന്മകളിൽ നിന്നും വിവേകപൂർവ്വം സംരക്ഷിക്കാൻ മാതാപിതാക്കൾക്ക് കടമയുണ്ട്. അതിനായി, ജോസഫ് ചെയ്തത് തന്നെ നമുക്കും അനുകരിക്കാം. ജോസഫ് ദൈവീക സ്വരത്തെ ശ്രദ്ധിച്ച്, അവയെ അക്ഷരംപ്രതി അനുസരിച്ച്, തന്റെ മകനെയും കുടുംബത്തെയും സംരക്ഷിച്ചു. അതുപോലെ എല്ലാ മാതാ-പിതാക്കളും കുടുംബത്തിൽ ദൈവത്തിന് ഒന്നാമത്തെ സ്ഥാനം നൽകി, ദൈവവചനമനുസരിച്ച് മക്കളെ വളർത്തിയാൽ നമ്മുടെ മക്കളും സംരക്ഷിക്കപ്പെടും.

2) നമ്മുടെ കുടുംബം ഒന്നാം വായനയുടെ മുൻപിൽ

യേശുവിനും നൂറു വർഷങ്ങൾക്ക് മുൻപ് എഴുതപ്പെട്ട പ്രഭാഷകന്റെ പുസ്തകത്തിൽ നിന്നുള്ള വായനയുടെ അടിസ്ഥാനത്തിൽ നമ്മുടെ കുടുംബങ്ങളെ നമുക്ക് പരിശോധിക്കാം. അക്കാലത്തെ കൂട്ടുകുടുംബ വ്യവസ്ഥയിൽ കഴിയുന്ന വലിയ കുടുംബങ്ങളിലെ വൃദ്ധരായ മാതാപിതാക്കളെ കുറിച്ചാണ് പ്രധാനമായും ഗ്രന്ഥകർത്താവ് ആകുലപ്പെടുന്നത്. ചില ബൈബിൾ പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ ഇത് ദൈവം നൽകിയ പത്തു കല്പനകളിൽ നാലാമത്തെ കല്പനയായ “നിന്റെ മാതാവിനെയും പിതാവിനെയും ബഹുമാനിക്കണം” എന്നതിന്റെ വ്യാഖ്യാനമാണ് ഇന്നത്തെ ഒന്നാം വായന. ഒരു മനുഷ്യന്റെ ദൈവവുമായുള്ള ബന്ധത്തെ കുറിച്ച് പറയുന്ന ആദ്യ മൂന്നു കല്പനകളുടെ യും, അവന്റെ സഹജീവികളുമായുള്ള ബന്ധത്തെയും, പെരുമാറ്റത്തെയും കുറിച്ച് പറയുന്ന അവസാനത്തെ 6 കല്പനകളുടെയും ഇടയിലാണ് നാലാമത്തെ കല്പനയായി, ഒരുവൻ മാതാപിതാക്കളുമായുള്ള ബന്ധത്തെയും, പെരുമാറ്റത്തെയും സൂചിപ്പിക്കുന്ന “മാതാപിതാക്കന്മാരെ ബഹുമാനിക്കണം” എന്ന കല്പന വരുന്നത്. പത്ത് കൽപ്പനകളിൽ ഈ കല്പനയുടെ “നാലാം സ്ഥാനം” തന്നെ ദൈവവും, മറ്റു മനുഷ്യരുമായുള്ള ഒരു മനുഷ്യന്റെ പെരുമാറ്റത്തിലും, ബന്ധത്തിലും മാതാപിതാക്കളുടെ സ്വാധീനം എന്തെന്ന് നമുക്ക് മനസ്സിലാക്കാം. ദൈവത്തെ കഴിഞ്ഞാൽ ദൈവം ആഗ്രഹിക്കുന്നത് മനുഷ്യന്റെ മാതാപിതാക്കളെ സ്നേഹിക്കണമെന്നും ബഹുമാനിക്കണമെന്നുമാണ്.

വൃദ്ധരായ മാതാപിതാക്കളെ സ്നേഹിക്കുകയും, സംരക്ഷിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയാണ് ഇവിടെ മുഖ്യപ്രമേയം. ഒരു ജീവിതം മുഴുവൻ തന്റെ മക്കൾക്കായി നീക്കിവച്ചിട്ട്, ഇപ്പോൾ സ്വന്തമായി വരുമാനം ഇല്ലാതെ, ആരോഗ്യം ക്ഷയിച്ച് ജീവിക്കുന്ന മാതാപിതാക്കളെ സ്നേഹിക്കുന്നതും, ബഹുമാനിക്കുന്നതും, സംരക്ഷിക്കുന്നതും അനുഗ്രഹവും പ്രദാനം ചെയ്യുന്ന പാപപരിഹാരത്തിനുതകുന്ന, കാരുണ്യം ലഭ്യമാകുന്ന ഒരു “ആത്മീയ പുണ്യമായി” പ്രഭാഷകൻ അവതരിപ്പിക്കുകയാണ്.

യേശുവിനും നൂറു വർഷം മുൻപ് പ്രഭാഷകൻ വൃദ്ധരായ മാതാപിതാക്കളെ കുറിച്ച് കാണിക്കുന്ന ഉത്കണ്ഠ ഇന്ന് നമ്മുടെ സമൂഹത്തിലും എത്രയേറേ അർത്ഥവത്താണ് എന്ന് നമുക്ക് അറിയാം. ഈ തിരുവചനങ്ങളുടെ അടിസ്ഥാനത്തിൽ നമ്മുടെ വൃദ്ധരായ മാതാപിതാക്കന്മാരുമായും, മുത്തശ്ശിമാരുമാരുമായും, മുത്തശ്ശന്മാരുമായും, എല്ലാറ്റിനുമുപരി എല്ലാവിധ ജനങ്ങളോടുമുള്ള ബന്ധത്തെ പുനരാലോചിക്കാം. നാം അവരെ ബഹുമാനിക്കുന്നുണ്ടോ? സംരക്ഷിക്കുന്നുണ്ടോ? സ്നേഹിക്കുന്നുണ്ടോ? അതോടൊപ്പം, വൃദ്ധരായ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യം (പ്രത്യേകിച്ച് ഈ ആധുനിക ലോകത്തിൽ) അനാവശ്യമായി, എപ്പോഴും എല്ലാ കാര്യത്തിലും ശല്യപ്പെടുത്തുന്ന രീതിയിൽ മക്കളുടെയും കൊച്ചുമക്കളുടെയും കാര്യത്തിൽ ഇടപെടരുത്. അവർക്ക് അവരുടേതായ ഒരു ജീവിതവും, വ്യക്തിത്വവും ഉണ്ട്. സന്തുലിതമായ ഒരു കുടുംബജീവിതത്തിന് പരസ്പരമുള്ള ഈ തിരിച്ചറിവ് നല്ലതാണ്.

3) നമ്മുടെ കുടുംബം രണ്ടാം വായനയുടെ മുൻപിൽ

വലിയ വ്യാഖ്യാനങ്ങൾ ഒന്നും ആവശ്യമില്ലാതെ, വളരെ വ്യക്തമായി ഭാര്യാ-ഭർതൃബന്ധത്തെ കുറിച്ചും, മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പൗലോസ് അപ്പോസ്തലൻ കൊളോസിലെ ഇടവകക്കാരെയും, ഇന്ന് നമ്മെയും പഠിപ്പിക്കുകയാണ്. ഭാര്യമാരെ, നിങ്ങൾ കർത്താവിന് യോഗ്യമാകുംവിധം ഭർത്താക്കൻമാർക്ക് വിധേയരായിരിക്കുവിൻ. ഇന്ന് സ്ത്രീകൾ നല്ല വിദ്യാഭ്യാസം നേടുകയും, ജോലി നേടുകയും, സ്വന്തമായി വരുമാനം ഉണ്ടാക്കുകയും, സ്വന്തം കാലിൽ നിൽക്കുകയും ചെയ്യുന്ന ഒരു സാഹചര്യത്തിൽ ഈ വചനത്തെ പ്രത്യേകിച്ച് “വിധേയരാകുവിൻ” എന്ന വചനത്തെ പലരും വിമർശനബുദ്ധിയോടെ സമീപിക്കാറുണ്ട്. അതുപോലെ തന്നെ, “കുട്ടികളെ, എല്ലാകാര്യങ്ങളിലും നിങ്ങളുടെ മാതാപിതാക്കന്മാരെ അനുസരിക്കുവിൻ” എന്ന വചനം ആധുനികലോകത്തിൽ, അണുകുടുംബ വ്യവസ്ഥയിൽ മകനോടോ മകളോടോ ഉള്ള അമിത ലാളനം മൂലം “മക്കളുടെ പിടിവാശി അനുസരിക്കുന്ന മാതാപിതാക്കൾ” എന്ന അവസ്ഥയിൽ എത്തിച്ചിട്ടുണ്ട്. അപ്പോസ്തന്റെ വചനങ്ങളെ ആധുനിക സാമൂഹ്യശാസ്ത്രം അനുസരിച്ചും, മന:ശാസ്ത്രം അനുസരിച്ചും വ്യാഖ്യാനിക്കുമ്പോഴും നമുക്ക് ഓർമ്മിക്കാം ഈ തിരു വചനങ്ങൾ എല്ലാം പറയുന്നത് സ്നേഹിക്കുന്നവരുടെ ഉത്തരവാദിത്വത്തെക്കുറിച്ചും, സ്നേഹിക്കപ്പെടുന്നവരുടെ കടമകളെ കുറിച്ചുമാണ്.

ഉപസംഹാരം

കുടുംബത്തിൽ എല്ലാവരും പരസ്പരം സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്നവരാണ്. എല്ലാവർക്കും കടമകളും ഉത്തരവാദിത്തങ്ങളും ഉണ്ട്. അവസാനമായി നമുക്ക് ഓർമ്മിക്കാം ഒരുമിച്ചുള്ള പ്രാർത്ഥന മാത്രമല്ല, കുടുംബത്തെ തിരുക്കുടുംബം ആകുന്നത്; മറിച്ച്, പ്രാർത്ഥനയോടൊപ്പം സ്നേഹവും പരസ്പരം മനസ്സിലാക്കലും വേണം.

ആമേൻ.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker