World

യേശുവിന്‍റെ തിരുകല്ലറ സ്ഥിതിചെയ്യുന്ന ദേവാലയം ഡൊണാള്‍ഡ് ട്രംപ്‌ സന്ദര്‍ശിച്ചു

യേശുവിന്‍റെ തിരുകല്ലറ സ്ഥിതിചെയ്യുന്ന ദേവാലയം ഡൊണാള്‍ഡ് ട്രംപ്‌ സന്ദര്‍ശിച്ചു

ജെറുസലേം: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യേശുവിന്റെ കല്ലറ സ്ഥിതിചെയ്യുന്ന ഹോളി സെപ്പള്‍ച്ചര്‍ ദേവാലയം സന്ദര്‍ശിച്ചു. ഇസ്രായേല്‍-പലസ്തീന്‍ സന്ദര്‍ശനത്തിനിടെയാണ് പ്രസിഡന്‍റ് ദേവാലയത്തില്‍ എത്തിയത്. ഇസ്രായേല്‍ പ്രസിഡന്റ് റൂവന്‍ റിവ്ലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അമേരിക്കന്‍ പ്രസിഡന്റിനെ ജെറുസലേമിലേക്ക് സ്വീകരിച്ചത്. ബെന്‍ ഗൂരിയന്‍ എയര്‍പോര്‍ട്ടില്‍ എത്തിയ ട്രംപിനെ സ്വീകരിക്കുവാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അദ്ദേഹത്തിന്‍റെ ഭാര്യ സാറയും എത്തിയിരിന്നു.

ജെറുസലേമിലെ ഹോളി സെപ്പള്‍ച്ചര്‍ ദേവാലയത്തിലേക്കുള്ള ഇടവഴിയിലൂടെ നടന്ന അമേരിക്കന്‍ പ്രസിഡന്‍റിനും ഭാര്യ മെലാനിയയ്ക്കും കര്‍ശനസുരക്ഷയാണ് ഒരുക്കിയിരിന്നത്. ദേവാലയ കവാടത്തില്‍ വെച്ച് ഗ്രീക്ക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ് തിയോഫിലോസ് മൂന്നാമന്‍ മെത്രാപ്പോലീത്ത, ഫ്രാന്‍സിസ്കന്‍ വൈദികനായ ഫ്രാന്‍സെസ്കോ പാറ്റോണ്‍, അര്‍മേനിയന്‍ പാത്രിയാര്‍ക്കീസായ നോര്‍ഹന്‍ മാനോഗിയന്‍ എന്നിവര്‍ ചേര്‍ന്ന് ട്രംപിനേയും കുടുംബത്തേയും സ്വീകരിച്ചു.

വിവിധ മതനേതാക്കളോട് വളരെ ചുരുക്കത്തില്‍ സംസാരിച്ചതിനു ശേഷം അവര്‍ക്കൊപ്പം ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കാനും പ്രസിഡന്റ് സമയം കണ്ടെത്തി. ക്രിസ്തീയ ലോകത്ത് വളരെയേറെ പ്രാധാന്യമുള്ള ദേവാലയമാണ് ഹോളി സെപ്പള്‍ച്ചര്‍ ദേവാലയം. ദേവാലയത്തിനുള്ളില്‍ യേശുവിനെ അടക്കം ചെയ്തിരിക്കുന്ന കല്ലറ സ്ഥിതിചെയ്യുന്ന എഡിക്യൂള്‍ അടുത്തകാലത്താണ് പുതുക്കി പണിതത്.

പുരാതനനഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്ന വെസ്റ്റേണ്‍മതിലും അദ്ദേഹം സന്ദര്‍ശിച്ചു. പടിഞ്ഞാറന്‍ മതിലിലെ റബ്ബിയായ ഷൂമെല്‍ റാബിനോവിറ്റ്‌സാണ് ട്രംപിനേയും കുടുംബത്തേയും സ്വീകരിച്ചത്. മതിലനരികിലൂടെ നടന്ന ട്രംപ്‌ യഹൂദ ആചാരമനുസരിച്ച് മതിലില്‍ കൈകള്‍ സ്പര്‍ശിക്കുകയും കല്ലുകളുടെ വിടവില്‍ പ്രാര്‍ത്ഥനയടങ്ങിയ ഒരു ചെറിയ കുറിപ്പ് വെക്കുകയും ചെയ്തു. ഇസ്രയേലും പലസ്തീനും തമ്മിലുള്ള പ്രശ്‌നങ്ങളുടെ ആധാരമായ ജറുസലേമിലെ, ജൂതരുടെ വിശുദ്ധസ്ഥലമായ പടിഞ്ഞാറന്‍ മതില്‍ സന്ദര്‍ശിക്കുന്ന അധികാരത്തിലിരിക്കുന്ന ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ട്രംപ്‌.

മെയ് 22-വരെ അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശന വിവരങ്ങള്‍ രഹസ്യമായിരുന്നു. സുരക്ഷയുടെ ഭാഗമായി ഇന്നലെ (മെയ് 22) രാവിലെ മുതല്‍ പ്രദേശവാസികള്‍ക്കും, ടൂറിസ്റ്റുകള്‍ക്കും പുരാതന നഗരത്തിന്റെ ഇടവഴികളിലേക്ക് പ്രവേശനം നിഷേധിച്ചിരുന്നു. സ്ഥലത്തെ പ്രധാന നിരത്തുകളില്‍ കര്‍ശനമായ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു. തങ്ങള്‍ ഇസ്രായേലിനെ ബഹുമാനിക്കുന്നുവെന്നും എപ്പോഴും രാജ്യത്തോട് ഒപ്പമുണ്ടെന്നും ട്രംപ്‌ പറഞ്ഞു. പ്രഥമ വനിത മെലാനിയ ട്രംപും, മകള്‍ ഇവാങ്ക ട്രംപും, മരുമകന്‍ ജാരെഡ് കുഷ്നര്‍ എന്നിവരും പ്രസിഡന്റിനെ അനുഗമിച്ചിരുന്നു.

 

Show More

Leave a Reply

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker