Second Sunday_Ordinary time_Year_A “ദൈവത്തിന്റെ കുഞ്ഞാട്” (യോഹ 1:29-34)
കുഞ്ഞാടിന്റെ മാർഗ്ഗം കാൽവരിയിലേക്കുള്ള മാർഗ്ഗമാണ്; സ്വയം ശൂന്യതയിലേക്കുള്ള മാർഗ്ഗമാണ്...
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ
“യേശു തന്റെ അടുത്തേക്കു വരുന്നതു കണ്ട് അവന് പറഞ്ഞു: ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” (v.29). കുഞ്ഞാട്; ആത്മീയ ചരിത്ര പുസ്തകങ്ങളുടെ ഒരു താളുകളിലും കാണാത്ത ദൈവത്തിന്റെ ഒരു ചിത്രം! വിപ്ലവാത്മകതയുടെ തരംഗങ്ങൾ നാലുപാടും ചിതറിക്കുന്ന ഒരു ദൈവസങ്കല്പം! ബലിയൊന്നും ആഗ്രഹിക്കാതെ സ്വയം ബലിയായി മാറുന്ന ഒരു ദൈവത്തിന്റെ ചിത്രം! ഈ ചിത്രത്തിൽ എല്ലാ ദൈവ സങ്കൽപങ്ങളുടെയും പരിണാമം അതിന്റെ പൂർണ്ണതയിൽ എത്തുന്നുണ്ട്. ചെറുതിൽ നിന്നും വലുതാകുന്ന ദൈവത്തിന്റെ ജീവചരിത്രത്തെ ചില ആത്മീയ രചനകൾ ചിത്രീകരിക്കുമ്പോൾ സുവിശേഷങ്ങൾ നമ്മെ പരിചയപ്പെടുത്തുന്നത് വലുതിൽ നിന്നും തീരെ ചെറുതാകുന്ന ഒരു ദൈവത്തെയാണ്. ദൈവത്തെ ചിത്രീകരിക്കുന്നതിനായി ഒരു സിംഹത്തിന്റെ പ്രതീകമല്ല സുവിശേഷം ഉപയോഗിക്കുന്നത്. മറിച്ച് ഒരു കുഞ്ഞാടിന്റെ ചിത്രം. റാകി പറക്കുന്ന പരുന്തിന്റെയല്ല, ഒരു തള്ളക്കോഴിയുടെ ചിത്രം (ലൂക്കാ 13:31-34). അതുപോലെ തന്നെ ദൈവരാജ്യത്തിന്റെ അവകാശികളായി ശക്തരെ ചൂണ്ടി കാണിക്കുന്നില്ല, കുഞ്ഞുങ്ങളെ മുന്നിൽ നിർത്തുന്നു. നോക്കുക, കൊച്ചു കൊച്ചു കാര്യങ്ങളിലൂടെ വെളിപ്പെടുന്ന ദൈവവും ദൈവരാജ്യവും; ഒരു കടുകുമണി, ഒരു തരി പുളിമാവ്, രണ്ടു ചെറു നാണയങ്ങൾ, അങ്ങനെയങ്ങനെ…
ഇതാ, ഒരു കുഞ്ഞാട്. തള്ളയാടിന്റെ സാന്നിദ്ധ്യം കൊതിക്കുന്ന ഒരു കുഞ്ഞാട്. ഇടയന്റെ സാമീപ്യം ആഗ്രഹിക്കുന്ന ഒരു കുഞ്ഞാട്. ഇതാ, ഒരു ദൈവം. ആരെയും ഭയപ്പെടുത്താത ഒരു ദൈവം. സ്വയം ബലിയാകുന്ന ഒരു ദൈവം. അങ്ങനെ ലോകത്തിന്റെ പാപം നീക്കുന്നു.
ശ്രദ്ധിക്കേണ്ടത് പാപം എന്ന ഏക വചനത്തെയാണ്. അതേ, കൊച്ചു കൊച്ചു തിന്മകളിലൂടെ ഈ ലോകത്തിനുമേൽ നമ്മൾ പതിച്ചു നൽകിയിരിക്കുന്ന ചില കറകളെ കുറിച്ചല്ല, മറിച്ച് എല്ലാ തിന്മകളുടെയും മൂലകാരണമായ പാപത്തെ കുറിച്ചാണ്. ഒറ്റവാക്കിൽ പറഞ്ഞാൽ പാപമെന്ന ഏകവചനം സ്നേഹമില്ലായ്മയാണ്. ആ പാപത്തിന് ഒത്തിരി പര്യായപദങ്ങളുണ്ട്; നിസ്സംഗത, ചതി, ഒഴിവാക്കൽ, മുറിപ്പെടുത്തൽ, ഒറ്റപ്പെടുത്തൽ… ഇതാ ലോകത്തിന്റെ സ്നേഹമില്ലായ്മയെ സുഖപ്പെടുത്തുന്ന ദൈവത്തിന്റെ കുഞ്ഞാടായ യേശു. ഏതെങ്കിലും കൽപ്പന പുറപ്പെടുവിച്ചോ ഭയപ്പെടുത്തിയോ ഒന്നുമല്ല അവൻ ലോകത്തിനു സൗഖ്യം നൽകിയത്. മറിച്ച് ആർദ്രതയുടെ ഒരു വിപ്ലവം സൃഷ്ടിച്ചു കൊണ്ടായിരുന്നു.
“ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്”. വരിയിലെ ക്രിയാപദത്തിന്റെ കാലഭേദം ശ്രദ്ധിക്കുക. വർത്തമാന കാലത്തിലാണ് കുഞ്ഞാടിന്റെ പ്രവർത്തിയെ രേഖപ്പെടുത്തിയിരിക്കുന്നത്. ഭാവിയിൽ സംഭവിക്കാവുന്ന ഒരു കാര്യമായോ ഇന്നലെ നടന്ന ഒരു സംഭവമായോ ലോകത്തിന്റെ പാപം നീക്കുക എന്ന കുഞ്ഞാടിന്റെ പ്രവർത്തിയെ ചിത്രീകരിക്കുന്നില്ല. കുഞ്ഞാടിന്റെ പ്രവൃത്തിക്ക് ഇന്നിന്റെ നിറവാണ്. കാല ചക്രങ്ങളുടെ തെന്നി നീങ്ങലുകളിലടങ്ങിയിട്ടുള്ള ഓർമ്മകളുടെ ഭേരിനാദവും പ്രത്യാശയുടെ മന്ത്രണവും എന്നും നിറഞ്ഞു നിൽക്കുക ഇന്നിന്റെ ചൈതന്യത്തിൽ മാത്രമാണ്. അതുകൊണ്ട് തന്നെ കുഞ്ഞാടിന്റെ പ്രവർത്തിക്ക് നിരന്തരത്തിന്റെ ധ്വനിയുണ്ട്. അതുകൊണ്ട് എന്നാണ് കുഞ്ഞാട് ലോകത്തിന്റെ പാപം നീക്കിയത് എന്ന ചോദ്യത്തിന് പ്രസക്തിയില്ല. അവന്റെ പ്രവർത്തിക്ക് ഇന്നലെയുടെയും നാളെയുടെയും കാലഭേദമില്ല. അത് ഇന്ന്, ഇപ്പോൾ, ഈ നിമിഷം സംഭവിച്ചു കൊണ്ടിരിക്കുന്നു. അത് എന്റെ ലോകത്തും നിന്റെ ലോകത്തും സംഭവിച്ചു കൊണ്ടിരിക്കുന്നു. അത് സ്നേഹരാഹിത്യത്തിന്റെ കണികകൾ നമ്മിൽ നിന്നും എടുത്തു മാറ്റി കൊണ്ടിരിക്കുന്നു.
രക്ഷ എന്നാൽ ജീവിതത്തിന്റെ വിശാലതയാണ്. അത് തുറവിയാണ്, പരിണാത്മകമാണ്. ജീവിതത്തിന്റെ വിശാലതയ്ക്ക് വിപരീതമായി വരുന്ന എന്തും പാപമാണ്. അത് ജീവിതത്തെ മുരടിപ്പിക്കും. ചക്രവാളങ്ങളില്ലാത്ത അവസ്ഥയിലേക്ക് നമ്മുടെ ജീവിതത്തെ വലിച്ചു താഴ്ത്തും. അങ്ങനെ വരുമ്പോൾ മറ്റുള്ളവർക്ക് ഒരു സ്ഥാനം പോലും നൽകുവാൻ സാധിക്കാത്ത കുറുകിയ ഹൃദയമുള്ളവരായി നമ്മൾ മാറും. ആ ഹൃദയത്തിൽ നിന്നും ദൈവവും സഹജരും മാത്രമല്ല അപ്രത്യക്ഷമാവുക, ലോക നന്മയെ കൊതിക്കുന്ന ഒരു സ്വപ്നം പോലും അവിടെ അവശേഷിക്കില്ല. കാരണം സ്നേഹരാഹിത്യം എന്ന പാപം ആത്മരതി എന്ന കണ്ണാടിയുടെ മുൻപിൽ നമ്മെ തളച്ചിടുന്ന പാപമാണ്.
ജീവിതം അതിന്റെ തനിമയോടെ ജീവിക്കാൻ നിനക്ക് കൊതിയുണ്ടോ? അതിന്റെ കയ്പ്പും മധുരവും ഇടകലർന്ന ചഷകം പൂർണമായി നുകരാൻ നിനക്ക് ആഗ്രഹമുണ്ടോ? എങ്കിൽ സ്നേഹിക്കാൻ പഠിക്കുക. നിന്റെ ഹൃദയത്തിൽ നിന്നും സ്നേഹം ധാരയായി ഒഴുകുവാൻ അതിന്റെ നാലു വശങ്ങളിൽ നിന്നും ഓരോ ചാലുകൾ സഹജരിലേക്കും സസ്യലതാദികളിലേക്കും പക്ഷിമൃഗാദികളിലേക്കും തുറന്നു കൊടുക്കുക. അങ്ങനെ ചെയ്താൽ നീയും കുഞ്ഞാടിനെ അനുഗമിക്കുന്നവരിലൊരാളായി മാറും (വെളി 14:4). കുഞ്ഞാടിനെ അനുഗമിക്കുക എന്നു പറഞ്ഞാൽ കുഞ്ഞാട് സ്നേഹിച്ചതുപോലെ സ്നേഹിക്കുകയെന്നതാണ്, കുഞ്ഞാട് ആഗ്രഹിച്ചതുപോലെ ആഗ്രഹിക്കുകയെന്നതാണ്, കുഞ്ഞാട് ‘നോ’ പറഞ്ഞ കാര്യങ്ങളോട് ‘നോ’ പറയുകയെന്നതാണ്, കുഞ്ഞാട് സ്പർശിച്ചവരെ സ്പർശിക്കുകയെന്നതാണ്. കുഞ്ഞാടിന്റെ അതേ ആർദ്രതയും അതേ മൂർത്തഭാവവും അതേ നൈർമ്മല്യവും പകർത്തുകയെന്നതാണ്. കാരണം കുഞ്ഞാടിന്റെ മാർഗ്ഗം കാൽവരിയിലേക്കുള്ള മാർഗ്ഗമാണ്. സ്വയം ശൂന്യതയിലേക്കുള്ള മാർഗ്ഗമാണ്. ലോകത്തിന് പ്രകാശമായ ഒരു ജീവിതമാണ്.