Sacred Heart Sunday_Year A_തിരുഹൃദയ തിരുനാൾ
യേശുവിൽ നിന്ന് പഠിക്കുക എന്നത് നീണ്ടുനിൽക്കുന്ന പ്രക്രിയയാണ്...
ഒന്നാം വായന: നിയമാവർത്തനം 7:6-11
രണ്ടാം വായന: യോഹന്നാൻ 4:7-16
സുവിശേഷം: വിശുദ്ധ മത്തായി 11:25-30
ദിവ്യബലിക്ക് ആമുഖം
തിരുസഭ ഞായറാഴ്ച തിരുഹൃദയ തിരുനാൾ ആഘോഷിക്കുകയാണ്. 1675-ൽ വിശുദ്ധ മാർഗരീറ്റ മരിയ അലക്വോക്കയ്ക്ക് നൽകിയ ദർശനത്തിലാണ് തിരുഹൃദയത്തോടുള്ള ഭക്തിയ്ക്കും ബഹുമാനത്തിനുമായി ഒരു തിരുനാൾ സഭയിൽ സ്ഥാപിക്കണമെന്ന് യേശുനാഥൻ ആവശ്യപ്പെട്ടത്. 1765-ൽ ഏകദേശം നൂറു വർഷങ്ങൾക്ക് ശേഷം ക്ലിമൻസ് പതിമൂന്നാമൻ പാപ്പ ഒരു പ്രാദേശിക തിരുനാളായി തുടങ്ങിയ തിരുഹൃദയ തിരുനാൾ, 1886-ൽ പീയൂസ് ഒമ്പതാമൻ പാപ്പാ സാർവത്രിക സഭയിലേക്ക് വ്യാപിപ്പിച്ചു. ‘യേശു തിരുഹൃദയത്തിലൂടെ ദൈവത്തിന് മനുഷ്യകുലത്തോടുള്ള സ്നേഹം വെളിപ്പെടുത്തി’ ഇതായിരുന്നു ലഭിച്ച ദർശനങ്ങളുടെ അടിസ്ഥാന സന്ദേശം. ഈ സ്നേഹം അനുഭവിക്കാനും, നമ്മുടെ ഹൃദയങ്ങളെ യേശുവിന്റെ ഹൃദയവുമായി ചേർത്തു വയ്ക്കാനും നമുക്കൊരുങ്ങാം.
തിരുവചന വിചിന്തനം
“ഹൃദയ”മെന്ന വാക്കിന് പ്രത്യേകിച്ച് ആമുഖത്തിന്റേയോ, വിവരണത്തിന്റെയോ ആവശ്യമില്ല. ഇത് വായിക്കുമ്പോഴും നമ്മുടെ ഉള്ളിൽ സ്പന്ദിക്കുന്ന ഒഴിച്ചുകൂടാനാകാത്ത ജീവ കേന്ദ്രം. എന്നാൽ “ഹൃദയത്തെ” ജീവശാസ്ത്രപരമായ അവയവം എന്നതിനേക്കാൾ ഉപരിയായി ആലങ്കാരികമായ ഭാഷയിൽ ദൈനംദിന ജീവിതത്തിൽ നാം ഉപയോഗിക്കാറുണ്ട്. ‘ഹൃദ്യമായ’, ‘ഹൃദയപൂർവ്വം’ എന്നീ പ്രയോഗങ്ങളും കഠിന ഹൃദയൻ, ഹൃദയമില്ലാത്തവൻ എന്നീ നിഷേധാത്മ പ്രയോഗങ്ങളും നമുക്ക് സുപരിചിതമാണ്. എല്ലാറ്റിനുമുപരി സ്നേഹത്തെ കാണിക്കുവാൻ, പ്രത്യേകിച്ച് രണ്ട് വ്യക്തികൾ തമ്മിലുള്ള സ്നേഹത്തെ കാണിക്കുവാൻ ‘ഹൃദയ’ത്തെ അടയാളമായി ഉപയോഗിക്കാറുണ്ട്. ഈ സ്നേഹ പശ്ചാത്തലത്തിലൂടെ നമുക്ക് ഈ തിരുഹൃദയ തിരുനാളിന്റെ വചനങ്ങൾ കാണിക്കാം.
ഇന്നത്തെ ഒന്നാം വായനയിൽ നിയമാവർത്തന പുസ്തകത്തിൽ മോശ ജനത്തോട് പറയുന്ന വാക്കുകളുടെ രത്നച്ചുരുക്കം ഇതാണ്: ‘അല്ലയോ ജനമേ ദൈവം നിങ്ങൾക്ക് ദൈവത്തിന്റെ ഹൃദയത്തിൽ പ്രഥമ സ്ഥാനം നൽകിയിരിക്കുന്നു’. അത് നിങ്ങളുടെ കഴിവോ വലിപ്പം കൊണ്ടല്ല മറിച്ച് ദൈവം നിങ്ങളെ സ്നേഹിക്കുന്നതുകൊണ്ടാണ്. നമുക്ക് ദൈവത്തിന്റെ ഹൃദയത്തിൽ സ്ഥാനം ഉള്ളത് നമ്മുടെ കഴിവ് കൊണ്ടല്ല, മറിച്ച് ദൈവത്തിന് നമ്മളോട് സ്നേഹമുള്ളതുകൊണ്ടാണ്. പഴയനിയമത്തിൽ ജനത്തിന് സ്ഥാനം കൊടുത്ത ദൈവത്തിന്റെ ഹൃദയത്തെ പുതിയനിയമത്തിൽ – വി. യോഹന്നാന്റെ ഒന്നാം ലേഖനത്തിൽ, ഇന്നത്തെ രണ്ടാം വായനയിൽ, “സ്നേഹത്തിന്റെ” പര്യായമായി അവതരിപ്പിക്കുന്നു. ദൈവം സ്നേഹം ആണെന്നും, മനുഷ്യരോടുള്ള ദൈവത്തിന്റെ സ്നേഹം തുളുമ്പുന്ന ഹൃദയമാണ് യേശു എന്നും ഇന്നത്തെ രണ്ടാം വായന വ്യക്തമാക്കുന്നു. “നാം ദൈവത്തെ സ്നേഹിച്ചു എന്നതിലല്ല, അവിടുന്ന് നമ്മെ സ്നേഹിക്കുകയും നമ്മുടെ പാപങ്ങൾക്ക് പരിഹാരമായി സ്വപുത്രനെ അയക്കുകയും ചെയ്തു എന്നതിലാണ് സ്നേഹം” (1 യോഹ 4:7-16).
ഈ രണ്ട് തിരുവചന ഭാഗങ്ങൾക്കും മകുടം ചാർത്തുന്ന രീതിയിലാണ് ഇന്നത്തെ സുവിശേഷത്തിൽ പിതാവായ ദൈവത്തിന്റെ ഹൃദയത്തിലെ സ്നേഹം നമ്മോട് വെളിപ്പെടുത്തിക്കൊണ്ട് യേശു പറയുന്നത്: ” അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്ന വരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ. ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാൻ ശാന്തശീലനും വിനീതഹൃദയനുമാകയാൽ എന്റെ നുകം വഹിക്കുകയും എന്നിൽനിന്നു പഠിക്കുകയും ചെയ്യുവിൻ. അപ്പോൾ നിങ്ങൾക്ക് ആശ്വാസം ലഭിക്കും. എന്തെന്നാൽ എന്റെ നുകം വഹിക്കാൻ എളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ് (വി. മത്തായി 11:28-30).
നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ
ഇതൊരു ക്ഷണമാണ്. ക്ഷണിക്കപ്പെട്ടവർ നമ്മളാണ്. ജീവിത ക്ലേശത്താൽ വലയുന്നവരും ജീവിക്കാൻ വേണ്ടി അധ്വാനിക്കുന്നവരും, ജീവിതത്തിന്റെ ഭാരം വഹിക്കുന്നവരും. യേശുവിന്റെ ക്ഷണം യേശുവിനെ തള്ളിപ്പറയുന്നവരോടും കൂടിയാണ്. ഈ ക്ഷണം ദൈവത്തെ മറന്ന് ജീവിക്കുന്നവരെ ഓർമ്മപ്പെടുത്താൻ വേണ്ടിയാണ്. കാൽവരിയിൽ യേശു മരിച്ചത് അവർക്ക് വേണ്ടിയാണെന്നും, ദൈവത്തിന്റെ ഹൃദയത്തിൽ എല്ലാവർക്കും സ്ഥാനമുണ്ടെന്നും യേശു ഓർമിപ്പിക്കുകയാണ്. ” യേശുവിന്റെ അടുക്കലേക്കു വരുക” എന്നത് കേൾക്കുമ്പോൾ വളരെ എളുപ്പമുള്ള കാര്യമാണന്ന് തോന്നും. എന്നാൽ അത് ഗൗരവമുള്ളതും സങ്കീർണവുമാണ്. കാരണം യേശുവിന്റെ അടുക്കലേക്ക് വരുന്നതും യേശുവിൽ ആശ്രയം അർപ്പിക്കുന്നതും ഒരു തീരുമാനവും, നിലപാടുമാണ്. യേശുവിനെ അറിയുന്നവന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ട ആദ്യ ചുവടുവെപ്പാണിത്. നാം യേശുവിന്റെ അടുക്കലേക്ക് പോയി കഴിഞ്ഞാൽ രണ്ടാം ഘട്ടം ആരംഭിക്കുന്നു. രണ്ടാംഘട്ടം എന്നത് ശാന്തശീലനും വിനീത ഹൃദയവുമായ യേശുവിന്റെ നുകം വഹിക്കുകയും യേശുവിൽ നിന്ന് പഠിക്കുകയുമാണ്. ബൈബിൾ പണ്ഡിതന്മാർ പറയുന്നത് യേശുവിന്റെ കാലത്തെ സാധാരണക്കാർ അക്കാലത്തെ മതപണ്ഡിതന്മാരുടെ കർശനമായ നിലപാടുകളുടെ പേരിൽ ഞെരുങ്ങുകയും “നിയമങ്ങളുടെ” ഭാരം വഹിക്കുകയും നിയമങ്ങൾ നിറവേറ്റുന്നത് “അധ്വാനമായി” കണ്ടവരും ആണ് എന്നാണ്. അവരോടാണ് യേശു പറയുന്നത് യേശുവിന്റെ നുകം മറ്റുള്ളവരുടെതു പോലെ കഠിനമല്ല, അത് വഹിക്കാൻ എളുപ്പമാണ്, ഭാരം കുറഞ്ഞതും ആണ്; കാരണം യേശുവിന്റെ പഠനവും നിയമവും സ്നേഹമാണ്. നാം യേശുവിന്റെ സ്നേഹത്തിന്റെ നുകം വഹിക്കുമ്പോൾ യഥാർത്ഥത്തിൽ അവൻ നമ്മുടെ ജീവിത നുകം വഹിച്ചുകൊണ്ട് നമ്മുടെ ജീവിതത്തെ എളുപ്പമുള്ളതാക്കി മാറ്റുന്നു.
എന്നിൽ നിന്ന് പഠിക്കുകയും ചെയ്യുവിൻ
യേശുവിൽ നിന്ന് പഠിക്കുക എന്നത് ഒരു പ്രാവശ്യം ചെയ്യേണ്ട “ഒറ്റത്തവണ കാര്യം” അല്ല മറിച്ച് അതൊരു നീണ്ടുനിൽക്കുന്ന പ്രക്രിയയാണ്. നമ്മുടെ ജീവിതത്തിലെ ഓരോ ദിവസവും, നാം ഓരോ പ്രായത്തിലൂടെയും ജീവിത അനുഭവത്തിലൂടെയും കടന്നു പോകുമ്പോൾ യേശുവിൽ നിന്ന് പഠിച്ചുകൊണ്ടേയിരിക്കണം യേശുവിനെ ഹൃദയ മാതൃകയും സ്നേഹത്തിന്റെ പാഠവും. യേശുവിൽ നിന്ന് പഠിക്കുമ്പോൾ നമുക്ക് ലഭിക്കുന്ന ആശ്വാസത്തിന് മൂന്ന് തലങ്ങളുണ്ട്.
ഒന്നാമതായി, നാം ദൈവത്തിൽ സമാധാനം കണ്ടെത്തുന്നു;
രണ്ടാമതായി, നാം സ്വയം ശാന്തരാകുന്നു;
മൂന്നാമതായി, നാം മറ്റുള്ളവരോട് സമാധാനം കണ്ടെത്തുന്നു.
ഈ തിരുഹൃദയ തിരുനാൾ നമുക്കൊരു ക്ഷണമാണ് യേശുവിനടുത്തേക്ക് വരാനും, അവന്റെ നുകം വഹിക്കാനും, അവന്റെ വിനീത ഹൃദയത്തിൽനിന്ന് പഠിക്കാനും അങ്ങനെ ആശ്വാസം കണ്ടെത്താനുമുള്ള ക്ഷണം. നമുക്ക് ഈ ക്ഷണം സ്വീകരിക്കാം.
ആമേൻ.