അനൂപ് ജെ. ആർ. പാലിയോട്
പെരുങ്കടവിള: ലാറ്റിൻ കാത്തോലിക് യൂത്ത് മൂവ്മെന്റ് (LCYM) പെരുങ്കടവിള ഫൊറോനയുടെ യുവജനദിനാഘോഷം “റൂഹാ 2K18” എന്ന പേരിൽ, ഞായറാഴ്ച ഉച്ചയ്ക്ക് 2:00 മണിക്ക് മാരായമുട്ടം സെന്റ് മേരീസ് ദേവാലയത്തിൽ ആഘോഷിച്ചു.
ഫൊറോനയിലെ വിവിധ യൂണിറ്റുകളിൽ നിന്നായി 178 യുവജനങ്ങൾ പങ്കെടുത്തു കൊണ്ട് യുവജനവർഷത്തിലെ യുവജനദിനം വിപുലമാക്കി. മാതാവിനോടുള്ള ഭക്തി സൂചകമായി ജപമാലയോടുകൂടിയാണ് യുവജനദിനാഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചത്.
ഫൊറോന പ്രസിഡന്റ് ശ്രീ. അനൂപ്.ജെ.ആർ പാലിയോട് പതാക ഉയർത്തി. തുടർന്ന്, ഇന്ററാക്ടിങ് സെക്ഷൻ ശ്രീ. ജോസ് അരുവിക്കരയും സംഘവും നയിച്ചു. ഈ സെക്ഷനിൽ യുവജനങ്ങൾ പാട്ടും ഡാൻസുമൊക്കെയായി “റൂഹാ2K18” അർത്ഥവത്തതാക്കി.
ഫൊറോന പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിന് ഫൊറോന ഡയറക്ടർ ഫാ. അജീഷ് ക്രിസ്തുദാസ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. ഫൊറോന പ്രസിഡന്റ് അദ്ധ്യക്ഷ പ്രസംഗവും, LCYM സംസ്ഥാനസമിതി സെക്രട്ടറി ശ്രീമതി. സരിഷ പ്രവീൺ ആശംസകളർപ്പിക്കുകയും ചെയ്തു.
തുടർന്ന്, കഴിഞ്ഞ SSLC, Plus 2 പരീക്ഷകളിൽ എല്ലാ വിഷയത്തിനും A+ നേടിയവരെയും, രൂപത മതബോധന പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവരെയും ആദരിച്ചു.
മാരായമുട്ടം യൂണിറ്റ് പ്രസിഡന്റ് കുമാരി അഞ്‌ജലി സ്വാഗതവും, ഫൊറോന ജനറൽ സെക്രട്ടറി ശ്രീ. ക്രിസ്റ്റിൻദാസ് മണ്ണൂർ കൃതജ്ഞതയുമർപ്പിച്ചു.
തുടർന്ന്, എല്ലാ യുവജനങ്ങളും കൊടിമരത്തിന്റെ ചുവട്ടിൽ ഒത്തുകൂടുകയും ഫൊറോന പ്രസിഡന്റ് പതാക താഴ്ത്തികൊണ്ട് “റൂഹാ 2K18” ഫൊറോനതല യുവജനദിനാഘോഷത്തിന് സമാപനം കുറിക്കുകയും ചെയ്തു.
മാരായമുട്ടം LCYM യൂണിറ്റ് ഒരുക്കിയ വിരുന്നുസൽകാരം “റൂഹാ 2K18”-ന്റെ മാറ്റ് വർധിപ്പിച്ചു.