Kazhchayum Ulkkazchayum

പുതുവർഷപ്പിറവി…!!!

അന്ധകാരത്തിന്റെ പ്രവർത്തികൾ ഉപേക്ഷിച്ച് പ്രകാശത്തിലേക്ക് വരാം...

പ്രിയമുള്ളവരെ 2019-നെ നാം യാത്രയാക്കുകയാണ്…
വേർപാട് വേദനാജനകമാണ്… പ്രകൃതിനിയമമാണ്.
കഴിഞ്ഞ വർഷങ്ങളിൽ നമ്മോടൊപ്പം ഉണ്ടായിരുന്നവർ…
ഈ വർഷം നമ്മോടൊപ്പമില്ല… അവർക്കായി പ്രാർത്ഥിക്കാം.
കഴിഞ്ഞവർഷം സന്താപവും സന്തോഷവും തന്ന…
സംഘർഷവും സമ്മർദ്ദവും ആത്മസംഘർഷവും തന്ന…
ചിലരുടെ വേർപാട് ആഴത്തിൽ മുറിവുണ്ടാക്കി… കാലം മുറിവുണക്കും.

നമ്മുടെ പ്രതീക്ഷകളും സ്വപ്നങ്ങളും എത്രമാത്രം പൂവണിഞ്ഞു?
നമുക്കെല്ലാവർക്കും ഒരു വയസ്സ് കൂടി…!
പക്വതയിൽ ഒരു വയസ്സ് കൂടിയോ…?
വ്യക്തിബന്ധങ്ങളിൽ, കുടുംബബന്ധങ്ങളിൽ…
സാമൂഹ്യപ്രതിബദ്ധതയിൽ നാം മുന്നേറിയോ….?
2018-ൽ നാം എടുത്ത പ്രതിജ്ഞ, തീരുമാനങ്ങൾ നിറവേറ്റിയോ?
2019-ൽ ചില കാര്യങ്ങൾ നടക്കാതെ പോയതിൽ നാമിന്ന് സന്തോഷിക്കുന്നില്ലേ?
എത്രയെത്ര മോഹങ്ങൾ കരിഞ്ഞു പോയി…!
പ്രാർത്ഥനയിൽ, പഠനത്തിൽ, പ്രവർത്തനത്തിൽ എത്രമാത്രം വിജയിച്ചു?
ജീവിതത്തിൽ മുൻഗണനാക്രമത്തിൽ സമയബന്ധിതമായി ചെയ്തുതീർക്കേണ്ട കാര്യങ്ങൾ എത്രമാത്രം പൂർത്തിയാക്കാൻ കഴിഞ്ഞു?

ജീവിതവിജയത്തിന് “ഗൃഹപാഠം” അത്യാവശ്യ ഘടകമാണ്; മറക്കരുത്.
കാലം ആർക്കുവേണ്ടിയും കാത്തുനിൽക്കുന്നില്ല… ജാഗ്രതവേണം.
അലസന്റെ മനസ്സ് പിശാചിന്റെ പണിപ്പുരയാണ്…!
കെടുകാര്യസ്ഥതയും, നിസ്സംഗതയും, ജഡത്വവും ശാപമാണ്.

2020-നെ പ്രാർത്ഥനാപൂർവ്വം സ്വാഗതം ചെയ്യാം…
പ്രത്യാശയും, പ്രതീക്ഷയും, ക്രിയാത്മക പ്രവർത്തനവും കരുതലോടും കൃത്യതയോടും സൂക്ഷ്മതയോടും കൂടെ വിനിയോഗിക്കാം.
ആരും അന്യരല്ല എന്ന തിരിച്ചറിവ് സൂക്ഷിക്കാം… സഹോദരരുടെ കാവൽക്കാരനാകാൻ പ്രതിജ്ഞയെടുക്കാം…
ബന്ധങ്ങളെ മാനിക്കാം… സനാതന മൂല്യങ്ങളെ നെഞ്ചിലേറ്റി ലാളിക്കാം…

ജീവിതത്തിന് ഒരു സമയ ബഡ്ജറ്റ് തയ്യാറാക്കാം…
ഒരു കുടുംബ ബഡ്ജറ്റും അത്യാവശ്യമാണ്.
ആർഭാടവും ധൂർത്തും ഒഴിവാക്കാം…!
നമ്മിൽ നിക്ഷിപ്തമായിരിക്കുന്ന സാമൂഹ്യപ്രതിബദ്ധത പരിപോക്ഷിപ്പിക്കാം.
മനുഷ്യ ജീവിതം ഒരു തീർത്ഥാടനമാണ്..
വൈതരിണികളെ അതിജീവിക്കാൻ ദിശാബോധമുള്ളവരാകാം… കർമ്മനിരതരാകാം…
ദൈവ ദാനമായി കിട്ടിയ സിദ്ധികളും സാധ്യതകളും സമ്പന്നമാക്കാം.
മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുന്ന ഒരു നവസംസ്കാരം രൂപപ്പെടുത്താം.
നമ്മുടെ വാക്കും, പ്രവർത്തികളും പരസ്പര പൂരകമാക്കാൻ യത്നിക്കാം.
അന്ധകാരത്തിന്റെ പ്രവർത്തികൾ ഉപേക്ഷിച്ച് പ്രകാശത്തിലേക്ക് വരാം…
ഒരു പുതിയ ചക്രവാളം… ഒരു പുത്തൻ സൂര്യോദയം ദർശിക്കാം…
ആപത്തനർത്ഥങ്ങളിൽ വീഴാതെ തമ്പുരാൻ കാത്തുപരിപാലിക്കട്ടെ…!!!

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker