വിഭൂതി ബുധനില്‍ ഫ്രാന്‍സിസ് പാപ്പ തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കില്ല
അസുഖബാധിതനായി തുടരുന്നതിന്‍റെ പശ്ചാത്തലത്തിലാണ് പാപ്പയുടെ ഈ തീരുമാനം.

സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി :ഇക്കൊല്ലത്തെ വിഭൂതി ബുധന്‍ തിരുകര്‍മ്മങ്ങള്‍ക്ക് പാപ്പ കാര്‍മ്മികത്വം വഹിക്കില്ല പകരം കര്‍ദിനാളിനെ നിയോഗിച്ച് ഫ്രാന്‍സിസ്പാപ്പ. അസുഖബാധിതനായി തുടരുന്നതിന്‍റെ പശ്ചാത്തലത്തിലാണ് പാപ്പയുടെ ഈ തീരുമാനം.
മാര്‍ച്ച് 5 ന് ആഗോള കത്തോലിക്കാ സഭ നേമ്പിലേിക്ക് പ്രവേശിക്കുന്നതിന്‍റെ മുന്നോടിയായി പരമ്പരാഗതമായി ആവെന്‍റൈന്‍ കുന്നില്‍ നടക്കുന്ന വിഭൂതി ബുധന്‍ തിരുകര്‍മ്മങ്ങള്‍ക്ക് അപ്പോസ്തലിക് പെനിറ്റന്‍ഷ്യറിയുടെ തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ ഡി ഡൊണാറ്റിസ് മുഖ്യ കാര്‍മ്മികനാവും.
സെന്‍റ് ജോണ്‍ ഇരുപത്തിമൂന്നാമന്‍റെ കാലം മുതല്‍ അനുവര്‍ത്തിക്കുന്ന പരമ്പരാഗത രീതി ഇക്കൊല്ലവും അനുവര്‍ത്തിച്ചാവും തിരുകര്‍മ്മങ്ങള്‍. പ്രാരംഭ പ്രാര്‍ഥന സാന്‍റ് അന്‍സെല്‍മോ ദേവാലയത്തില്‍ തുടങ്ങി അവ്ന്‍റൈന്‍ കുന്നിലെ സാന്താ സബീന ബസിലിക്കയിലേക്ക് പ്രദക്ഷിണമായെത്തി അവിടെ ദിവ്യബലി അര്‍പ്പിക്കുകയും തുടര്‍ന്ന് നെറ്റിയില്‍ ചാരം പൂശുകയുമാണ് ചെയ്യുക.
പൊന്തിഫിക്കല്‍ ആരാധനക്രമ ക്രത്തിന്‍റെ പ്രീഫെക്ട് ആര്‍ച്ച് ബിഷപ്പ് ജിയോവാനി ഡീഗോ റാവെല്ലിയയാണ് ഇക്കാര്യം വത്തിക്കാന്‍ മാധ്യമ വിഭാഗത്തിലൂടെ അറിയിച്ചത്.