എനിക്ക് വേണ്ടി പ്രാര്‍ഥിക്കുന്നവര്‍ക്ക് നന്ദി : ഫ്രാന്‍സിസ് പാപ്പ
ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യ സ്ഥിതി ആശുപത്രിയില്‍ നിന്ന് പുതിയ വിവരങ്ങള്‍ ഇങ്ങനെ

അനില്‍ ജോസഫ്
വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ്പ്പയുടെ ആരോഗ്യനില തൃപ്തികരമെന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ട് വത്തിക്കാന്‍ മാധ്യമ വിഭാഗം.
ബ്രോങ്കൈറ്റിസ് ബാധയുടെ ചികിത്സ തുടരുന്നതിനാല്‍ ആശുപത്രിയില്‍ തന്നെ തുടരണമെന്ന അധികൃതരുടെ നിര്‍ദ്ദേശം ഞാന്‍ പാലിക്കുകയാണെന്ന് ഇന്നലെ നല്‍കിയ ആഞ്ചലൂസ് സന്ദേശത്തില്‍ പാപ്പ വ്യക്തമാക്കിയിരുന്നു. ജെമെല്ലി ആശുപത്രിയില്‍ തനിക്ക് ലഭിക്കുന്ന ചികിത്സക്ക് നന്ദിപറഞ്ഞ പാപ്പ മെഡിക്കല്‍ സ്റ്റാഫിന് നന്ദി പറഞ്ഞു കൂടാതെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇരുന്ന് തന്‍റെ ആരോഗ്യത്തിനായി പ്രാര്‍ഥിക്കുന്നവര്‍ക്ക് പാപ്പ ഹൃദയത്തിന്‍റെ ഭാഷയില്‍ നന്ദി അര്‍പ്പിച്ചു.
ഇന്നലെ ആഞ്ചലുസ് സന്ദേശം നല്‍കണമെന്ന പാപ്പയുടെ അഭ്യര്‍ഥന പ്രകാരം പാപ്പയുടെ സന്ദേശം പരിശുദ്ധ സിംഹാസനം തയ്യാറാക്കി പുറത്ത് വിട്ടു.
എനിക്ക് വ്യക്തിപരമായി നിങ്ങളോടൊപ്പം ഉണ്ടാകണമെന്നാണ് ആഗ്രഹമെങ്കിലും എന്‍റെ രോഗാവസ്ഥ അതിന് അനുവധിക്കുന്നില്ല. ആഞ്ചലൂസ് സന്ദേശത്തില്‍ യുദ്ധത്തില്‍ തകര്‍ന്ന രാജ്യങ്ങള്‍ക്ക് വേണ്ടി പാപ്പ പ്രത്യേകം പ്രാര്‍ത്ഥിച്ചു. കൂടാതെ 3 ദിവസങ്ങളിലായി ജൂബിലി ആഘോഷങ്ങള്‍ക്കായെത്തിയ കലാകാരന്‍മാരെ ഓര്‍ക്കുകയും അവരുടെ പ്രവര്‍ത്തനങ്ങളെ ശ്ലാഹിക്കുകയും നന്ദി അര്‍പ്പിക്കുകയും ചെയ്യ്തു.
രോഗാവസ്ഥയിലും പാപ്പ സമാധാനത്തിന് വേണ്ടിയാണ് പ്രാര്‍ഥിച്ചത്. ഇന്നലെ വൈകിട്ട് പുറത്തിറങ്ങിയ പത്രക്കുറിപ്പില്‍ പാപ്പയുടെ ആരോഗ്യം മെച്ചപ്പെട്ടതായി പരിശുദ്ധ സിംഹാസനം വ്യക്തമാക്കിയിരുന്നു. നന്നായി ഉറങ്ങിയ പാപ്പ വൈകിട്ട് ചില പത്രങ്ങള്‍ വായിച്ചെന്നും വത്തിക്കാന്‍ മാധ്യമ വിഭാഗം കുറിച്ചിട്ടുണ്ട്.