കർത്താവിന്റെ പീഡാനുഭവത്തിന്റെ കുരുത്തോല ഞായറാഴ്ച – വിശുദ്ധവാരം
സുവിശേഷം: വി.മത്തായി 21:1-11
ഒന്നാം വായന: ഏശയ്യാ 50:4-7
രണ്ടാം വായന: ഫിലിപ്പി. 2:6-11
സുവിശേഷം: വി.മത്തായി 26:14-27:66.
വചന വിചിന്തനം
ആമുഖം
നമ്മുടെ സമൂഹമാകെ അടച്ചുപൂട്ടപ്പെട്ട് കഴിഞ്ഞു. ലോകരാജ്യങ്ങൾ ജനങ്ങളോട് കഴിയുന്നതും സ്വന്തം ഭവനത്തിൽ കഴിയാനും, സാമൂഹ്യ അകലം പാലിക്കാനും ആവശ്യപ്പെടുകയാണ്. നമ്മുടെ ഓശാന ഞായറിനും മാറ്റം സംഭവിച്ചു. ഇടവക ദേവാലയത്തിൽ ആഘോഷമായി നടത്തിവന്ന ഒത്തുചേരലും, കുരുത്തോലകൾ കൈകളിലേന്തിയുള്ള പ്രദിക്ഷിണവും, തുടർന്നുള്ള സമൂഹദിവ്യബലിയും നമുക്കീവർഷം ആചരിക്കുവാൻ സാധിക്കുന്നില്ല. ഈ അവസരത്തിൽ എന്ത് സന്ദേശമാണ് ഓശാന ഞായറിലെ തിരുവചനങ്ങൾ നൽകുന്നത്?
ഓശാന ഞായർ – എളിമയുടെ തിരുനാൾ
ഇന്നത്തെ ഒന്നാം വായനയിൽ ഏശയ്യാ പ്രവാചകന്‍റെ പുസ്തകത്തിൽ യേശുവിനെ സഹന ദാസനായി അവതരിപ്പിക്കുന്ന ഭാഗമാണുള്ളത്. “അടിച്ചവർക്ക് പുറവും, താടിമീശ പറിച്ചവർക്ക് കവിളുകളും ഞാൻ കാണിച്ചുകൊടുത്തു. നിന്ദയിൽ നിന്നും തുപ്പൽ നിന്നും ഞാൻ മുഖം തിരിച്ചില്ല” (ഏശയ്യാ 50:6). അതോടൊപ്പം ഇന്നത്തെ രണ്ടാം വായനയിൽ വിശുദ്ധ പൗലോസ് അപ്പോസ്തലൻ ഫിലിപ്പിയർക്ക് എഴുതിയ ലേഖനത്തിൽ തന്നെ തന്നെ ശൂന്യനാക്കിയ ക്രിസ്തുവിനെ കുറിച്ച് പറയുന്നു: “യേശു തന്നെ തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച്, മനുഷ്യരുടെ സാദൃശ്യത്തിൽ ആയിത്തീർന്ന്, ആകൃതിയിൽ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ – അതേ കുരിശു മരണം വരെ – അനുസരണയുള്ളവനായി തന്നെത്തന്നെ താഴ്ത്തി (ഫിലിപ്പി 2:7-8). യേശുവിന്റെ ജീവിതത്തിനും മരണത്തിനും ഉത്ഥാനത്തിനു മുൻപും പിൻപും യേശുവിന്റെ സഹനത്തെയും എളിമയെയും കുറിച്ച് ഏശയ്യാ പ്രവാചകനും, വി.പൗലോസാപ്പൊസ്തലനും പറയുന്ന കാര്യങ്ങളെ സാധൂകരിക്കുന്ന വചനമാണ് സുവിശേഷത്തിൽ നാം കാണുന്നത് – കുതിരപ്പുറത്തു വരുന്ന യുദ്ധം ജയിച്ച രാജാവിനെ അല്ല, മറിച്ച് എളിമയുടെ പ്രതീകമായ കഴുതയുടെ പുറത്തു വരുന്ന സമാധാനത്തിന്‍റെ രാജാവാണ് യേശു (വി.മത്തായി 21:1-11).
ഇന്നത്തെ തിരുവചനഭാഗങ്ങളെല്ലാം തന്നെ ദൈവപുത്രനായ യേശുവിന്റെ എളിമയുടെയും സഹനത്തിന്റെയും വ്യാപ്തി നമുക്ക് കാണിച്ചു തരുന്നു.
നാം ഇന്ന് നമ്മുടെ ഭവനങ്ങളിൽ അടച്ചു പൂട്ടപ്പെട്ട് ജീവിക്കുമ്പോൾ ഈ എളിമയുടെ അർത്ഥം നമുക്ക് മനസ്സിലാകും. ‘സഹന ദാസനായ’ യേശുവിനെ അനുകരിക്കുന്ന ‘സഹന സമൂഹമായി’ നാം മാറി കൊണ്ടിരിക്കുന്നു. നമ്മുടെ ദൈനംദിന ജീവിതത്തിൽ മാറ്റം വന്നു, ക്രിയാത്മകമായ നമ്മുടെ ജീവിതം നിർജ്ജീവമാകുന്ന അവസ്ഥയിലേക്ക് വരുന്നു. ഇത്രയും നാൾ സുഭിക്ഷമായി കഴിച്ചിരുന്ന നാം ആഹാരത്തിൽ അറിഞ്ഞും അറിയാതെയും നിയന്ത്രണം വരുത്തി തുടങ്ങി. ഈ പുതിയ ജീവിതത്തെക്കുറിച്ച് പരാതിപ്പെടുന്നതിന് മുൻപ്, ഇന്നത്തെ തിരുവചനത്തിൽ നിറഞ്ഞുനിൽക്കുന്ന യേശുവിന്റെ എളിമയെ നമുക്ക് നോക്കാം. യേശുവിന്റെ എളിമയുടെ അർത്ഥം മനസ്സിലാക്കി കഴിഞ്ഞാൽ ഇപ്പോഴുള്ള പ്രയാസളൊന്നും നമുക്ക് പ്രയാസളേയല്ല.
കർത്താവിന് എന്നെക്കൊണ്ട് ആവശ്യമുണ്ടോ?
യേശുവിന് സഞ്ചരിക്കാനായി യേശുവിന്റെ വാക്കനുസരിച്ച് കഴുതക്കുട്ടിയെ അഴിക്കാനായി പോകുന്ന ശിഷ്യന്മാർക്ക് യേശു നൽകുന്ന നിർദേശം ഇതാണ്: “ആരെങ്കിലും നിങ്ങളോട് എന്തെങ്കിലും ചോദിച്ചാൽ കർത്താവിന് അതിനെ കൊണ്ട് ആവശ്യമുണ്ടെന്ന് പറയുക, അവൻ ഉടനെ തന്നെ അതിനെ വിട്ടുതരും” (വി.മത്തായി 21:3). ഈ തിരുവചനം ധാരാളം ചോദ്യങ്ങൾ നമ്മോട് ചോദിക്കുന്നുണ്ട്. ദൈവത്തിന് എന്നെക്കൊണ്ട് ആവശ്യമുണ്ടോ? ഉണ്ടെങ്കിൽ എന്താണ് ആവശ്യം? യേശുവിനെ വഹിക്കുന്ന യേശുവിന്റെ കഴുതയാകാൻ എനിക്ക്/ എന്റെ കുടുംബത്തിന്/ ഞാൻ അംഗമായിരിക്കുന്ന സംഘടനയ്ക്ക് സാധിക്കുമോ? പ്രത്യേകിച്ച് പകർച്ചവ്യാധിയുടെയീസമയത്ത് ദൈവത്തിനും സമൂഹത്തിനും എന്നെക്കൊണ്ട് ആവശ്യമുണ്ടോ? മറ്റൊരുവന് സഹായം നൽകി കൊണ്ട് അവനിലേക്ക് യേശുവിനെ വഹിച്ചുകൊണ്ടു ചെല്ലുന്ന കഴുതയായി ഈ കാലഘട്ടത്തിൽ നമുക്ക് മാറാം. യേശുവിനെ വഹിച്ചുകൊണ്ട് പ്രവേശിച്ചപ്പോൾ ആഹ്ളദാരവം മുഴക്കുന്ന ജനങ്ങളെ കണ്ട് അതെല്ലാം തനിക്ക് വേണ്ടിയാണെന്നും, തന്നെയാണ് ജനങ്ങളെല്ലാം പുകഴ്ത്തുന്നതെന്നും കരുതി, പിറ്റേദിവസം യേശുവില്ലാതെ പട്ടണത്തിലേക്കു പോയി കല്ലേറും പരിഹാസവും ഏറ്റുവാങ്ങിയ കഴുതയുടെ കഥ നമുക്ക് മറക്കാതിരിക്കാം. ഒരു ക്രിസ്ത്യാനി യേശുവിനെ വഹിക്കുമ്പോഴേ അവനെ വിലയുള്ളൂ, യേശു ഇല്ലാത്ത ജീവിതം അവനെ ഒന്നുമല്ലാതാക്കി തീർക്കുന്നു.
ഹോസാന – സഹായിക്കണമേ – രക്ഷിക്കണമേ
ജറുസലേമിലേയ്ക്ക് കഴുതയുടെ പുറത്തു കയറി വന്ന യേശുവിനെ കണ്ടു ജനക്കൂട്ടം ആർത്തുവിളിച്ചു: “ദാവീദിൻ പുത്രന് ഹോസാന! കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ! ഉന്നതങ്ങളിൽ ഹോസാന” (വി.മത്തായി 23:9). ‘ഹോസാന’ എന്ന അരമായ-ഹീബ്രു വാക്കിന്റെ അർത്ഥം ‘സഹായിക്കണമേ’ അഥവാ ‘രക്ഷിക്കണമേ’ എന്നാണ്. യേശു എന്ന വാക്കിന്റെ അരമായ മൂലരൂപമായ “യേഷുവ” എന്ന വാക്കിന്റെ അർത്ഥം ‘ദൈവം രക്ഷയാണ്’ എന്നാണ്. അതായത് ജനങ്ങളുടെ സഹായിക്കണമേ – രക്ഷിക്കണമേ എന്ന ആവശ്യത്തിന് “ദൈവം രക്ഷയാണെന്ന”ർത്ഥമുള്ള യേശു തന്നെയാണ് മറുപടി. രക്ഷിക്കുന്നതും സഹായിക്കുന്നതും യേശുവാണ്. ഹോസാന – രക്ഷിക്കേണമേ, സഹായിക്കണമേ എന്ന പ്രാർത്ഥനയ്ക്ക് ഇന്ന് ഏറെ പ്രസക്തിയുണ്ട്. നമ്മെ ഗ്രസിച്ചിരിക്കുന്ന മഹാമാരിയിൽ നിന്ന് നമ്മെ രക്ഷിക്കുവാൻ യേശുവിന് മാത്രമേ സാധിക്കുകയുള്ളൂ.
ഒലിവ് മലക്കരികിൽ നിന്ന് ജെറുസലേം പട്ടണത്തിലേക്കുള്ള വഴി കടന്നു പോകുന്നത് നമ്മുടെ വീടിനകത്തുകൂടിയാണ്. അവിടെ യേശു വരുമ്പോൾ, കുടുംബാംഗങ്ങൾ ഒരുമിച്ച് പരസ്പര സ്നേഹത്തിന്റെ വസ്ത്രങ്ങൾ യേശുവിനായി വിരിക്കാം, പരസ്പര സഹകരണത്തിന്‍റെ ചില്ലകൾ മുറിച്ച് വഴിയരികിൽ നിരത്തിക്കൊണ്ട് പ്രാർത്ഥിക്കാം: “ദാവീദിന്റെ പുത്രന് ഹോസാന” യേശുവേ ഞങ്ങളെ രക്ഷിക്കേണമേ.
ആമേൻ.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…
This website uses cookies.