Kerala

Palm Sunday_2025_സഹനമല്ല, സ്നേഹമാണ് രക്ഷിച്ചത് (ലൂക്കാ 22:14-23: 56)

നൊമ്പരങ്ങൾ എപ്പോഴും വൈരുദ്ധ്യങ്ങളാൽ സജീവമാണ്...

ഓശാന ഞായർ

സുവിശേഷത്തിന്റെ കാതലിൽ നമ്മൾ എത്തിയിരിക്കുന്നു: യേശുവിന്റെ പീഡാസഹനവും മരണവും. ഗലീലിയിൽ നിന്നും ആരംഭിച്ച് ജറുസലേമിൽ അവസാനിച്ച യേശുവിന്റെ ദീർഘയാത്രയുടെ പര്യാവസാനമാണിത്.

അധികം നാടകീയമാക്കാതെയാണ് ലൂക്കാ യേശുവിന്റെ പീഡാനുഭവം ചിത്രീകരിക്കുന്നത്. യേശുവിനെ അപമാനിക്കുന്ന രംഗങ്ങൾ ലൂക്കായിൽ ഇല്ല. എങ്കിലും ഇതിവൃത്തം വേദനാജനകമാണ്. യേശുവിന്റെ നൊമ്പര നിമിഷങ്ങളിൽ ശിഷ്യന്മാർ ഉറങ്ങുന്നു, എന്നിട്ട് അവർ പിന്നാമ്പുറത്തേക്ക് മറയുന്നു; ഗത്സെമനിയിൽ ഒരു ദൂതൻ അവനെ ആശ്വസിപ്പിക്കുന്നു; വിചാരണ വേളയിൽ കള്ളസാക്ഷികളെക്കുറിച്ച് പരാമർശമില്ല; അവന്റെ നിരപരാധിത്വം തിരിച്ചറിഞ്ഞുകൊണ്ട് പീലാത്തോസ് അവനെ കുറ്റവിമുക്തനാക്കാൻ ആവർത്തിച്ച് ശ്രമിക്കുന്നു; കുരിശിന്റെ വഴിയിൽ അവനെ ഓർത്ത് സ്ത്രീകൾ വിലപിക്കുന്നു; ആളുകൾ കാഴ്ചക്കാരാണെങ്കിലും അവർ വികാരാധീനരാണ്; രണ്ട് കുറ്റവാളികളിൽ ഒരാൾ അലിവുള്ളവനാണ്.

ലൂക്കാ സുവിശേഷത്തിൽ പീഡാനുഭവ വേളയിലെ യേശുവിൽ നിശ്ബദമായ നിസ്സംഗതയില്ല. അറസ്റ്റിലാകുമ്പോൾ ഒരു മുറിവേറ്റ ഭൃത്യന്റെ ചെവി അവൻ സുഖപ്പെടുത്തുന്നു; കുരിശിന്റെ വഴിയിൽ അവൻ സ്ത്രീകളെ ആശ്വസിപ്പിക്കുന്നു; കുരിശിൽ കിടന്ന് അവൻ ഒരു കള്ളനെ ശക്തിപ്പെടുത്തുന്നു; തന്നെ വേദനിപ്പിച്ചവരോട് അവൻ ക്ഷമിക്കുന്നു. ഇവയെല്ലാം കുരിശിലെ ദൃശ്യങ്ങളാണ്. കുരിശിൽ നിന്നും നോക്കുമ്പോഴുള്ള കാഴ്ചകളാണ്. അത് സ്നേഹത്തിന്റെ കാഴ്ചയാണ്. അതിൽ നിശബ്ദതയും ഭയവും വേദനയും വഞ്ചനയുമുണ്ട്. എങ്കിലും നസ്രായന്റെ കണ്ണുകളിലുള്ളത് ആർദ്രത മാത്രമാണ്. ആ ത്യാഗത്തിന്റെ അർത്ഥം ഗ്രഹിക്കാൻ നമുക്ക് കഴിയുമോ? അതോ, ദൈവപുത്രൻ ക്രൂശിക്കപ്പെട്ട അനേകരിൽ ഒരാളായി അവസാനിക്കുമോ?

“കര്‍ത്താവിന്റെ നാമത്തില്‍ വരുന്ന രാജാവ് അനുഗൃഹീതന്‍, സ്വര്‍ഗത്തില്‍ സമാധാനം, അത്യുന്നതങ്ങളില്‍ മഹത്വം” എന്ന് ആര്‍ത്തുവിളിച്ചവർ തന്നെയാണ് കുറച്ചു ദിവസങ്ങൾക്ക് ശേഷം “അവനെ ക്രൂശിക്കുക!” എന്നും വിളിച്ചുപറയുന്നത്. ഇതാണ് പീഢാനുഭവത്തിന്റെ വൈരുദ്ധ്യം. നൊമ്പരങ്ങൾ എപ്പോഴും വൈരുദ്ധ്യങ്ങളാൽ സജീവമാണ്. കർത്താവിനുവേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറാണെന്ന് പത്രോസ് പറയുന്നു, പക്ഷെ ഒരു ഭൃത്യന്റെ ലളിതമായ ചോദ്യത്തിനു മുന്നിൽ അവൻ ഇടറുന്നു. ശിഷ്യന്മാരോ? മൂന്ന് വർഷമായി അവർ അവനോടൊപ്പം രാവും പകലും ഉണ്ട്, പക്ഷേ ഗുരുവിന്റെ ഏറ്റവും വേദനാജനകമായ നിമിഷത്തിൽ അവർ ഉറങ്ങുകയോ ഓടിപ്പോകുകയോ ചെയ്യുന്നു. പന്ത്രണ്ടുപേരിൽ ഒരുവനായ യൂദാസിനെക്കുറിച്ച് പറയേണ്ട കാര്യമില്ല.

യേശുവിന്റെ പീഢാനുഭവത്തിൽ നല്ലതും ചീത്തയും ഇല്ല. അവിടെയുള്ളത് നമ്മുടെ വെളിച്ചങ്ങളും നിഴലുകളുമാണ്. അവന്റെ പക്ഷത്തായിരിക്കാൻ ആഗ്രഹിക്കുന്ന ശിഷ്യന്മാരാണ് നമ്മൾ, പക്ഷേ ചിലപ്പോൾ, ഏറ്റവും ആവശ്യമുള്ള സമയത്ത് ഓടിപ്പോകുകയും, ഒറ്റിക്കൊടുക്കുകയും, ഒരുപക്ഷേ പീലാത്തോസിനോട് യോജിച്ച് അവനെ ജറുസലേമിന് പുറത്ത് ക്രൂശിക്കുകയും ചെയ്യുന്നു. അതായത്, നാം അവനെ നമ്മുടെ അസ്തിത്വത്തിൽ നിന്ന് പുറത്താക്കുന്നു. നമ്മിലെ ഈ വൈരുദ്ധ്യാത്മകത നമ്മൾ അംഗീകരിക്കേണ്ടിയിരിക്കുന്നു. കാരണം, പീഡാനുഭവം എന്നത് വലിയൊരു വിജയമായി മാറിയ ഒരു പരാജയത്തിന്റെ ആഘോഷമാണ്. അതുകൊണ്ടാണ് യേശുവിന്റെ പീഡാനുഭവം എല്ലാ ശിഷ്യന്മാരുടെയും കൂടി കഥയാണെന്നു പറയുന്നത്.

പീഡാനുഭവം ഒരു കാഴ്ചയാണ്. മനുഷ്യനോടുള്ള ദൈവത്തിന്റെ അഭിനിവേശത്തിന്റെ കാഴ്ച. കുരിശിലെ യേശുവിന്റെ മുറിവേറ്റ ശരീരമാണ് ദൈവത്തിന്റെ മുഖത്തിന്റെ യഥാർത്ഥ പകർപ്പ്. നിരായുധനായ ഒരു ദൈവം! ഒരു പ്രശ്നവും പരിഹരിക്കാത്ത, തന്നെ ഒറ്റിക്കൊടുക്കാൻ പോകുന്നവരുടെ വൃത്തികെട്ട പാദങ്ങൾ ശ്രദ്ധാപൂർവ്വം കഴുകുന്ന, സഹനത്തിൽ നിന്നും ഒളിച്ചോടാതെ അത് പങ്കിടുന്ന, കഷ്ടപ്പാടുകളിൽ നിന്ന് നമ്മെ രക്ഷിക്കാതെ ആ കഷ്ടപ്പാടുകളിൽ നമ്മോടൊപ്പം നിൽക്കുന്ന, മരണത്തിൽ നിന്നും സ്വയം രക്ഷിക്കാതെ മരണത്തിൽ നിന്നും നമ്മെ രക്ഷിക്കുന്ന, ഏകനായി മരിക്കുന്ന ഒരു ദൈവം.

യേശു ചെയ്ത അത്ഭുതങ്ങളും രോഗശാന്തികളും ഒന്നും തന്നെ മരണശിക്ഷയിൽ നിന്നും അവനെ രക്ഷിക്കുന്നില്ല. ജറുസലേമിലെ ജനക്കൂട്ടത്തിനിടയിലൂടെ അവൻ കാൽവരിയിലേക്ക് പോകുന്നു. മുൾക്കിരീടത്തിനടിയിലൂടെ അവൻ തന്റെ പന്ത്രണ്ട് സുഹൃത്തുക്കളിൽ ഒരാളെ നോക്കാൻ ശ്രമിക്കുന്നുണ്ട്. അപ്പോഴേക്കും അവൻ കരഞ്ഞുകൊണ്ട് ഇറങ്ങി പോകുകയാണ് ചെയ്തത്. സുന്ദരമായിരുന്ന അവന്റെ മുഖം വികൃതമായി കഴിഞ്ഞിരിക്കുന്നു. ദൈവപുത്രൻ വലിയ അത്ഭുതങ്ങൾ ചെയ്യുമെന്ന് ശിഷ്യരും പ്രതീക്ഷിച്ചിരുന്നു. ഇല്ല, വെളിപ്പെടുത്തൽ ഒന്നുമില്ല. പകരം നിശബ്ദമായ സ്നേഹം മാത്രം. ദൈവം സർവ്വശക്തനാകുന്നത് സ്നേഹത്തിൽ മാത്രമാണെന്ന് അവർ മനസ്സിലാക്കിയിരുന്നില്ല.

ഒരു സഹക്രൂശിതന്റെ രൂപത്തിലാണ് അവസാനം പ്രലോഭകൻ എത്തുന്നത്: “നീ ക്രിസ്തുവല്ലേ? നിന്നെയും ഞങ്ങളെയും രക്ഷിക്കൂ!” ഇല്ല, ഒരത്ഭുതവും അവൻ തനിക്കുവേണ്ടി ചെയ്യുന്നില്ല. സ്നേഹം അങ്ങനെയാണ്. ഒരു വെല്ലുവിളിക്കും അതിനെ പ്രകോപിപ്പിക്കാൻ സാധിക്കില്ല. അപരനു വേണ്ടി മാത്രമേ അത് അത്ഭുതം പ്രവർത്തിക്കു. സ്നേഹം എങ്ങനെ പ്രവർത്തിക്കുന്നു, എങ്ങനെ പെരുമാറുന്നു എന്നത് ലോകത്തിന് വ്യക്തമായി വെളിപ്പെടുത്തികൊടുത്തത് കുരിശ് മാത്രമാണ്.

ദൈവം തിന്മയിൽ ഇടപെടുന്നത് തന്നെത്തന്നെ അതിന്റെ പൂർണ്ണതയിലേക്ക് ആഴ്ത്തി, അത് സ്വയം ഏറ്റെടുത്തു, എല്ലാ അനന്തരഫലങ്ങളും വഹിച്ചു കൊണ്ടാണ്. കുരിശ് ഒരു ഓർമ്മപ്പെടുത്തലാണ്. തിന്മയുടെമേൽ ദൈവം എങ്ങനെ ഇടപെടുന്നു എന്നതിന്റെ ഓർമ്മപ്പെടുത്തൽ. അവിടെയാണ് മനുഷ്യപുത്രന്റെ പിതാവിനോടുള്ള അവസാന വാക്ക്: “പിതാവേ, അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു”. തുടർന്ന് മൗനം. ആ മൗനമാണ് നമ്മുടെ പ്രാർത്ഥനകൾ.

ശക്തൻ ജയിക്കുന്നു, ദുർബലൻ തോൽക്കുന്നു. കല്ലറയിൽ യേശുവിനെ അടച്ചതോടെ ശിഷ്യരുടെ ഹൃദയങ്ങളിൽ ജ്വലിച്ച പ്രതീക്ഷകളും മണ്ണിനടിയിലായി. അവർക്കറിയില്ല അത് സന്തോഷത്തിനു മുമ്പുള്ള മൗനമാണെന്ന്. കാരണം, സ്നേഹത്തിന് ഒരു ശവകുടീരത്തിൽ അഴുകാൻ കഴിയില്ല.

യേശുവിന്റെ സഹനങ്ങളല്ല നമ്മെ തിന്മയിൽ നിന്ന് മോചിപ്പിച്ചത്, അവന്റെ സ്നേഹമാണ്. ജീവൻ നൽകുന്ന സ്നേഹമാണത്. ആ സ്നേഹമാണ് നമ്മെ വീണ്ടെടുത്തത്. നമ്മൾ ധ്യാന വിഷയമാക്കേണ്ടത് കുരിശുമരണത്തിനുമുമ്പ് അവൻ എത്രമാത്രം സഹിച്ചു എന്നല്ല, അവൻ നമ്മെ എത്രമാത്രം സ്നേഹിച്ചു എന്നാണ്. വിശുദ്ധ പൗലോസ് ഗലാത്തിയർക്ക് എഴുതുന്നതുപോലെ, ക്രിസ്തു “എന്നെ സ്നേഹിക്കുകയും എനിക്കുവേണ്ടി തന്നെത്തന്നെ ബലിയർപ്പിക്കുകയും ചെയ്തു” (ഗലാ 2:20). കുരിശ് ദൈവത്തിന്റെ സഹനത്തിന്റെ അടയാളമല്ല, അവന്റെ സ്നേഹത്തിന്റെ അടയാളമാണ്.

അത് അഭിനിവേശത്തിന്റെ അടയാളമാണ്, നമ്മോടുള്ള അവന്റെ അഭിനിവേശത്തിന്റെ അടയാളം.

Show More

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker