‘പ്രത്യാശയുടെ പുതിയ ഭൂപടങ്ങള്‍ പരികല്പന ചെയ്യുക’: പാപ്പയുടെ പുതിയ അപ്പസ്തോലിക ലേഖനം പുറത്തിറങ്ങി.
"സെഞാരെ നോവേ മാപ്പേ ദി സ്പെരാന്‍സാ' എന്ന അപ്പസ്തോലിക ലേഖനം പ്രസിദ്ധീകരിച്ചു.

അനില്‍ ജോസഫ്
വത്തിക്കാന്‍ സിറ്റി: ‘ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള’രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ പതിനാലാമന്‍ പാപ്പായുടെ, ‘പ്രത്യാശയുടെ പുതിയ ഭൂപടങ്ങള്‍ പരികല്പന ചെയ്യുക’ എന്നര്‍ത്ഥം വരുന്ന ഡിസെഞാരെ നോവേ മാപ്പേ ദി സ്പെരാന്‍സാ എന്ന അപ്പസ്തോലിക ലേഖനം പ്രസിദ്ധീകരിച്ചു.
വിദ്യാഭ്യാസം, സുവിശേഷവത്ക്കരണത്തിന്‍റെ അവിഭാജ്യഘടകമാണെന്നു എടുത്തു പറയുന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍, ലിയോ പതിനാലാമന്‍ പാപ്പായുടെ പുതിയ അപ്പസ്തോലിക ലേഖനം പ്രസിദ്ധീകരിച്ചതെന്നത് പ്രത്യേകതയാണ്.
ദ്രുതഗതിയിലുള്ള മാറ്റങ്ങളുടെയും ദിശാബോധമില്ലാത്ത അനിശ്ചിതത്വങ്ങളുടെയും പശ്ചാത്തലത്തില്‍, വിദ്യാഭ്യാസ മേഖലകള്‍, ക്രിസ്തുവിന്‍റെ വചനത്താല്‍ നയിക്കപ്പെടാന്‍ അനുവദിക്കണമെന്നു ലേഖനത്തില്‍ അടിവരയിടുന്നു. എല്ലാറ്റിനെയും നവമാക്കുന്ന സുവിശേഷം, വിദ്യാഭ്യാസത്തില്‍ അറിവും അര്‍ത്ഥവും കൈമാറുന്നതിനുള്ള പുതിയ സാധ്യതകള്‍ തുറക്കുന്നുവെന്നും പാപ്പാ ചൂണ്ടിക്കാണിക്കുന്നു.
യുദ്ധങ്ങള്‍, കുടിയേറ്റങ്ങള്‍, അസമത്വങ്ങള്‍, വിവിധ തരത്തിലുള്ള ദാരിദ്ര്യം എന്നിവ മൂലമുണ്ടായ വിദ്യാഭ്യാസ അടിയന്തരാവസ്ഥയുടെ നാടകീയമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോള്‍, വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ പ്രതിബദ്ധതയോടെ സേവനം ചെയ്യുവാനുള്ള സഭയുടെ കടമയെയും ലേഖനം ഓര്‍മ്മിപ്പിക്കുന്നു. ഇക്കാര്യത്തില്‍ സഭ ഒരു നല്ല അമ്മയും അധ്യാപികയും ആണെന്നാണ് പാപ്പാ ചൂണ്ടിക്കാണിക്കുന്നത്. ഇത് യാഥാര്‍ഥ്യമാകുന്നത്, ആധിപത്യത്തിലൂടെയല്ല, മറിച്ച് സേവനത്തിലൂടെയാണെന്നും ലേഖനം എടുത്തുകാണിക്കുന്നു.
തുടര്‍ന്ന് വിദ്യാഭ്യാസം ഒരു കൂട്ടായ്മയുടെ പ്രവര്‍ത്തനം ആണെന്നതും പാപ്പാ ചൂണ്ടിക്കാണിക്കുന്നു. വിശുദ്ധ തോമസ് അക്വിനാസിനൊപ്പം സഭയുടെ വിദ്യാഭ്യാസ ദൗത്യത്തിന്‍റെ സഹരക്ഷാധികാരിയായി വിശുദ്ധ ജോണ്‍ ഹെന്‍റി ന്യൂമാനെ പ്രഖ്യാപിക്കുന്നതായും ലേഖനത്തില്‍ അറിയിച്ചു.
ചോദ്യങ്ങളെ നിശ്ശബ്ദമാക്കാത്ത, സംശയം പുറന്തള്ളാത്ത, ഹൃദയവുമായി സംഭാഷണം നടത്തുക എന്നതാണ് വിദ്യാഭ്യാസത്തിന്‍റെ രീതിയെന്നതും പാപ്പാ എടുത്തു പറയുന്നു. മനുഷ്യരാശിയുടെ ഭാവിയില്‍ നാം കാണുന്ന വാഗ്ദാനത്തെ പ്രകടമാക്കുന്നതാണ് വിദ്യാഭ്യാസമെന്നും, അത് തലമുറകളിലേക്ക് കൈമാറുന്ന സ്നേഹത്തിന്‍റെ ഒരു ദൗത്യമാണെന്നും പാപ്പാ പഠിപ്പിക്കുന്നു.

ഇന്നത്തെ ലോകത്തില്‍, സാങ്കേതികവിദ്യകള്‍, പഠന പ്രക്രിയയെ സമ്പന്നമാക്കണമെന്നുള്ള ആശയവും പാപ്പാ പങ്കുവയ്ക്കുന്നു. ഈ ഇടങ്ങളില്‍ വസിക്കുന്നതിന്, അജപാലന സര്‍ഗ്ഗാത്മകത ആവശ്യമാണെന്നും, ഡിജിറ്റല്‍ തലത്തില്‍ അധ്യാപകരുടെ പരിശീലനം ശക്തിപ്പെടുത്തണമെന്നും പാപ്പാ ആവശ്യപെടുന്നു. സാങ്കേതിക പുരോഗതി ദൈവത്തിന്‍റെ സൃഷ്ടി പദ്ധതിയുടെ ഭാഗമാണെന്നും, അതിനാല്‍ അവയെ ശത്രുതാപരമായ ഒന്നായി കണക്കാക്കരുതെന്നും പാപ്പാ പറഞ്ഞു.



