FAOയുടെ ദശവത്സര ഗാര്‍ഹിക കൃഷി പദ്ധതിയ്ക്ക് ഫ്രാൻസിസ് പാപ്പായുടെ അഭിനന്ദനം
FAOയുടെ ദശവത്സര ഗാര്‍ഹിക കൃഷി പദ്ധതിയ്ക്ക് ഫ്രാൻസിസ് പാപ്പായുടെ അഭിനന്ദനം
ഫാ.വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യസ്ഥാപനമായ റോമിലെ FAO (Food and Agricultural Organization) കേന്ദ്രം നടപ്പിലാക്കുന്ന ദശവത്സര ഗാര്‍ഹിക കൃഷി പദ്ധതിയ്ക്ക് ഫ്രാൻസിസ് പാപ്പായുടെ അഭിനന്ദനം. റോമിലെ FAO കേന്ദ്രം ഡയറക്ടര്‍ ഹൊസ്സെ ഗ്രാസ്സിയാനോ ഡിസില്‍വയ്ക്ക് അയച്ച സന്ദേശത്തിലാണ് കുടുംബങ്ങളെ കേന്ദ്രീകരിച്ചുള്ളതും, ലോകത്തെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം ലക്ഷ്യംവച്ചുകൊണ്ടുള്ളതുമായ നവമായ പദ്ധതിയെ അഭിനന്ദിച്ചുകൊണ്ട് പാപ്പാ സന്ദേശം അയച്ചത്.
2030-ല്‍ അവസാനിക്കുന്ന UN-ന്റെ സുസ്ഥിതി വികസനപദ്ധതിയുടെ (Sustainable Development Goals) രണ്ടാം ഘട്ടമായിട്ടാണ് കുടുംബങ്ങളുടെ ഈ കാര്‍ഷികപദ്ധതിയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. സുസ്ഥിതിയുളള ഒരു വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമാവണം കൃഷിയെന്നും, അതിനായി കൃഷിയെക്കുറിച്ചുള്ള നല്ല വിദ്യാഭ്യാസ രീതികളും സംവിധാനങ്ങളും സാങ്കേതികതയും സര്‍ക്കാരുകള്‍ നടപ്പില്‍ വരുത്തണമെന്നും പാപ്പാ നിർദ്ദേശിക്കുന്നു.
ഒരുമിച്ചു ജീവിച്ചും, ചുറ്റുമുള്ള പരിസ്ഥിതിയോട് ഇണങ്ങിച്ചേര്‍ന്നും മുന്നോട്ടുപോകുന്ന പരസ്പര ബന്ധങ്ങളുടെ ശ്രൃംഖലയായ കുടുംബങ്ങളെ കേന്ദ്രീകരിച്ചുള്ള ഈ കാര്‍ഷികപദ്ധതി, അതില്‍ വ്യാപൃതരാകുന്ന കുടുംബങ്ങള്‍ക്കു മാത്രമല്ല, സകല മാനവകുലത്തിനും പരിസ്ഥിതിക്കുതന്നെയും നേട്ടമാകുമെന്നും, ഇത് കുടുംബങ്ങളെയും കാര്‍ഷിക മേഖലയെയും സൃഷ്ടിയെയും കൂട്ടിയിണക്കുന്ന കണ്ണിയായി മാറുമെന്നും പാപ്പാ പ്രസ്താവിക്കുന്നു.
കുടുംബം പാരസ്പരികത മൂല്യത്തിന്റെ സ്രോതസ്സാണെന്നും, പരസ്പര സഹായമാണ് മനുഷ്യബന്ധങ്ങളെയും സാമൂഹ്യക്രമത്തെയും രൂപപ്പെടുത്തുന്നതെന്നും, അതിനാല്‍ തന്നെ പൊതുനന്മയെന്ന തള്ളിമാറ്റാതെയും, ആവശ്യത്തിലായിരിക്കുന്നവർക്ക് മുന്‍ഗണന നല്കിക്കൊണ്ടും, നവമായ ഈ കാര്‍ഷികപദ്ധതി മുന്നോട്ടു കൊണ്ടുപോകാനായാല്‍ സമൂഹത്തിന്റെ അടിസ്ഥാന തട്ടായ കുടുംബത്തില്‍നിന്നും, സമൂഹത്തിന്റെ പ്രാദേശീക തലത്തില്‍നിന്നും, രാജ്യാന്തരതലത്തേയ്ക്ക് പാരസ്പരികതയെ ഉയര്‍ത്താനാകുമെന്നും പാപ്പാ പ്രത്യാശ പ്രകടിപ്പിക്കുന്നു.
ഈ ഗാര്‍ഹിക കാര്‍ഷിക പദ്ധതിക്കു സ്ത്രീകളെ ശാക്തീകരിക്കാനും കരുപ്പിടിപ്പിക്കാനും കരുത്തുണ്ടെന്നും പാപ്പാ ചൂണ്ടിക്കാട്ടുന്നു. വികസ്വര രാജ്യങ്ങളില്‍ ധാരാളമായി കാര്‍ഷികമേഖലയില്‍ വ്യാപൃതരായിരിക്കുന്ന സ്ത്രീജനങ്ങളെ ശക്തിപ്പെടുത്തുന്നതിനും, ആ രാജ്യങ്ങളുടെ കാര്‍ഷികോല്പാദനത്തെ സമ്പന്നമാക്കുന്നതിനും പദ്ധതി സഹായിക്കുമെന്നും പാപ്പാ പറയുന്നു.
യുവജനങ്ങളെ ഈ കാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍, അവരുടെ തൊഴില്‍ രാഹിത്യം പരിഹരിക്കുന്നതിലും ഉപരി അവര്‍ക്ക് സമൂഹത്തിന്റെ വികസനമേഖലയില്‍ നവമായ ഊര്‍ജ്ജം പകരാനും, ദേശീയ താല്പര്യങ്ങളിലും മുന്നേറ്റത്തിലും തന്ത്രപരവും നവവുമായ മാറ്റങ്ങള്‍ ആര്‍ജ്ജിക്കുന്നതിനും ഈ പദ്ധതി സഹായകമാകുമെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു.