Epiphany_Year_A_നിങ്ങൾ ശിശുവിനെ കണ്ടുവോ?” (മത്താ 2:1-12)
Epiphany_Year_A_നിങ്ങൾ ശിശുവിനെ കണ്ടുവോ?" (മത്താ 2:1-12)
പ്രത്യക്ഷീകരണത്തിരുന്നാൾ
ജ്ഞാനികളെ, നിങ്ങളാണ് ഞങ്ങളുടെ ഇടയിലെ യഥാർത്ഥ വിശുദ്ധർ. ഞങ്ങളെ പോലെ ഈ അനന്തയുടെ തിരമാലകളിൽ ആടിയുലഞ്ഞവരാണ് നിങ്ങൾ. എങ്കിലും നിങ്ങൾ പ്രതീക്ഷ കൈവിട്ടില്ല. നിങ്ങൾ ശ്രമിച്ചു. പലരോടു ചോദിച്ചു. നിങ്ങളുടെ ഹൃദയനേത്രങ്ങൾ തിളങ്ങുന്നതിനു വേണ്ടി ആകാശത്തിന്റെ ആഴങ്ങളിലേക്ക് വരെ നിങ്ങളുടെ നോട്ടം പതിച്ചു. അങ്ങനെ നിങ്ങളുടെ അന്വേഷണം പുൽത്തൊട്ടിയിലെ ശിശുവിൽ പൂർത്തിയായി. ഞങ്ങളൊ ഇപ്പോഴും ഈ തിരമാലയിൽ ആടിയുലയുന്നു.
അകലെ ഒരു ദൈവമുണ്ട്. അന്വേക്ഷിക്കുക, നീ കണ്ടെത്തും. നടക്കുക. തുറന്നാകാശത്തിലേക്കും അനന്തമായ മൺകൂനകളിലേക്കും നിന്റെ കണ്ണുകൾ പതിക്കട്ടെ. ദൈവം ഒരു കൈ കുഞ്ഞായി നിന്നെയും കാത്തിരിക്കുന്നു. വലിയ നഗരമായ ജറുസലേമിലല്ല. ചെറു ഗ്രാമമായ ബതലേഹമിലാണ് അവനുള്ളത്. കൊട്ടാരങ്ങളും ഹേറോദേസുമാരും നിന്റെ മുന്നിൽ തെളിഞ്ഞു വരും. അവർക്ക് ഒരിക്കലും നിന്റെ അന്വേഷണത്തെ തടസ്സപ്പെടുത്തുവാൻ സാധിക്കില്ല. ചിലപ്പോൾ അവർ നിന്റെ യാത്രയുടെ വേഗത കുറച്ചേക്കാം. അപ്പോഴും ദൈവാന്വേഷണം തീവ്രമായി നിന്നിൽ ജ്വലിക്കുന്നുണ്ടെങ്കിൽ തീർച്ചയായും നീ വിജയിക്കും. പലരുടെയും ദൈവാന്വേഷണം രാജാക്കന്മാരുടെയും കൊട്ടാരങ്ങളുടെയും മിനുസങ്ങളിലും പൊങ്ങച്ചങ്ങളിലും തകർന്നു വീഴുമ്പോൾ നീ അവനെ കണ്ടെത്തും. ആ കണ്ടെത്തൽ ബലഹീനനായ ഓരോ ശിശുവിലും അന്തിയുറങ്ങാൻ ഒരു കൂര പോലുമില്ലാത്ത ക്ഷീണിതരായവരുടെയും ഇടയിലുമായിരിക്കും എന്നു മാത്രം.
നമുക്കിനി ഈ ജ്ഞാനികളുടെ വഴിയിലൂടെ സഞ്ചരിക്കാൻ ശ്രമിക്കാം. ചിലപ്പോൾ അത് നമ്മുടെ ആത്മീയ ജീവിതത്തിന്റെയും ഒരു പുരാവൃത്തമായി ഭവിക്കാം.
യാത്രയുടെ ആദ്യ ഘട്ടം തുടങ്ങുന്നത് ഏശയ്യ പ്രവാചകനിൽ നിന്നാണ്: “ഉണർന്നു പ്രശോഭിക്കുക… കണ്ണുകളുയർത്തി ചുറ്റും നോക്കി കാണുക” (ഏശ 60:1,4). ആത്മീയ ജീവിതത്തിന്റെ ആദ്യ പടി കണ്ണുകൾ തുറക്കുക എന്നത് തന്നെയാണ്. എങ്ങനെ നിന്റെ അറയിൽ നിന്നും പുറത്തു വരാൻ സാധിക്കും എന്നറിയുവാൻ ശ്രമിക്കുക. നിന്റെ സ്വപ്നങ്ങളുടെയും ഹൃദയത്തിന്റെ അന്തർജ്ഞാനങ്ങളുടെയും പിന്നാലെ എങ്ങനെ സഞ്ചരിക്കാൻ സാധിക്കും എന്നറിയുക. മുകളിലേക്ക് നോക്കുക, ഒരു നക്ഷത്രം നിനക്കായി മാത്രം തെളിഞ്ഞു നിൽക്കുന്നുണ്ട്.
രണ്ടാമത്തെ ഘട്ടം നടക്കുക എന്നതാണ്. കർത്താവിനെ കണ്ടെത്തണമെങ്കിൽ നിന്റെ മനസ്സു കൊണ്ടും ഹൃദയം കൊണ്ടും നീ ഒരു യാത്ര നടത്തണം. അന്വേഷിക്കണം, പുസ്തകങ്ങളിലൂടെയും വ്യക്തികളിലൂടെയുമെല്ലാം. അപ്പോൾ മാത്രമേ നീ യഥാർത്ഥത്തിൽ ജീവിക്കൂ.
മൂന്നാമത്തെ ഘട്ടം ഒന്നിച്ചന്വേഷിക്കുക എന്നതാണ്. ജ്ഞാനികൾ ഒറ്റയ്ക്കല്ലായിരുന്നു. അവർ ഒരു കൂട്ടമായിരുന്നു. അവർ മൂന്നു പേരായിരുന്നുവെന്ന് സുവിശേഷത്തിൽ ഒരു സ്ഥലത്തും പറയുന്നുമില്ല. അവർ ഒരേ ദിശയിൽ സഞ്ചരിച്ചു. കണ്ണുകൾ ആകാശത്തിലെ നക്ഷത്രത്തിലായിരുന്നുവെങ്കിലും പരസ്പരം അവർ ചേർന്നു നടന്നു. ഓർക്കുക, സഹജരെ അവഗണിച്ചുകൊണ്ട് ആർക്കും ദൈവത്തെ കണ്ടെത്തുവാൻ സാധിക്കില്ല.
നാലാമത്തെ ഘട്ടം: തെറ്റുകളെയും അബദ്ധങ്ങളെയും ഭയപ്പെടരുത്. ജ്ഞാനികളുടെ യാത്രയിൽ ഒത്തിരി തെറ്റുകൾ സംഭവിക്കുന്നുണ്ട്. അവർ ആദ്യം എത്തിയത് വലിയൊരു കൊട്ടാരത്തിലാണ്. ശിശുവിനെ കുറിച്ച് കൊലപാതകികളോടാണ് അവർ സംസാരിച്ചത്. അവരുടെ വഴികാട്ടിയായ നക്ഷത്രം പോലും നഷ്ടപ്പെട്ട അവസ്ഥ അവർക്കുണ്ടായി. അവർ അന്വേഷിച്ചത് ഒരു രാജാവിനെയാണ്, പക്ഷേ കണ്ടെത്തിയത് ഒരു കുഞ്ഞിനെയും. അവർ അവരുടെ തെറ്റുകളുടെ മുൻപിൽ അവരെ തന്നെ അടിയറവ് വച്ചില്ല. മറിച്ച് അനന്തമായ ക്ഷമയോടെ അവർ നടന്നു. അങ്ങനെ നക്ഷത്രം അവർക്ക് വലിയൊരു സന്തോഷം നൽകി. ഓർക്കുക, സന്തോഷത്തിന്റെ ഭാഷ സംസാരിക്കുന്നവനാണ് ദൈവം. അതുകൊണ്ടാണ് ഓരോ അന്വേഷിയുടെയും ഹൃദയം അവനിലേക്ക് വശീകരിക്കപ്പെടുന്നത്.
അന്വേഷണത്തിന്റെ അവസാനഘട്ടം ശിശുവിൻറെ ഭവനമാണ്. “അവർ ഭവനത്തിൽ പ്രവേശിച്ചു ശിശുവിനെ അമ്മയായ മറിയത്തോട് കൂടി കണ്ടു” (v.11). അവർ പ്രതീക്ഷിച്ച അതിശക്തനായ ഒരു ദൈവത്തെയല്ല. മറിച്ച് അവരെ പോലെ തന്നെ ബലഹീനനായ ഒരു ദൈവത്തെ.
അന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ ഹേറോദേസ് പറയുന്നുണ്ട്. ശിശുവിനെപ്പറ്റി സൂക്ഷ്മമായി അന്വേഷിക്കുക; അവനെ കണ്ടു കഴിയുമ്പോൾ ഞാനും ചെന്ന് ആരാധിക്കേണ്ടതിന് എന്നെയും അറിയിക്കുകയെന്ന്. ഒരു ഹേറോദേസ് നമ്മുടെ ഉള്ളിലുമുണ്ട്. പിള്ളക്കച്ചയിൽ പൊതിഞ്ഞു കിടക്കുന്ന നമ്മുടെ സ്വപ്നങ്ങളെ പോലും കൊല്ലുന്നവനാണത്. അത് നമ്മിലുള്ള ദോഷദർശന സ്വഭാവമാണ്. ‘എന്നെ കൊണ്ട് ഇതു പറ്റില്ല’ എന്ന് പറയുന്ന നമ്മുടെ അധമ വാസനയാണത്. ഹൃദയത്തിന്റെ സ്വപ്നത്തിനോടു പോലും അവജ്ഞയോടെ പെരുമാറുന്ന നമ്മുടെ തന്നെ സ്വഭാവമാണത്. നക്ഷത്രത്തിൽ നിന്നും കണ്ണുകൾ തെറ്റുമ്പോഴാണ് ഇങ്ങനെയെല്ലാം നമ്മിൽ സംഭവിക്കുന്നത്. ഓർക്കുക, ഹെറോദേസിന്റെ മുൻപിൽ പതറേണ്ടവരല്ല നമ്മൾ. നമ്മുടെ അന്വേഷണവും യാത്രയും ശിശുവിന്റെ ഭവനത്തിലേക്ക് മാത്രമാണ്. നമുക്കൊന്ന് വിചിന്തനം ചെയ്യാം. എല്ലാവരും ഒത്തിരി അന്വേഷണത്തിലാണല്ലോ; ജ്ഞാനത്തിനും ധനത്തിനും ബന്ധങ്ങൾക്കും കായിക ബലത്തിനും വേണ്ടിയെല്ലാം. ഒരേ ഒരു ചോദ്യമേ നിങ്ങളോടുള്ളൂ: “നിങ്ങൾ ശിശുവിനെ കണ്ടുവോ?”