Easter_2024_സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)
ഒറ്റയ്ക്കല്ല ശിഷ്യന്മാർ ഉത്ഥിതനെ അനുഭവിച്ചത്, ഒരുമിച്ചാണ്...
ഉത്ഥാന ഞായർ
ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും കൂടി കല്ലറയിലേക്ക് ഓടുന്നു. എന്തിനാണ് എല്ലാവരും ഓടുന്നത്? ഗുരുവിന്റെ ശരീരം കാണ്മാനില്ല എന്നത് മാത്രമാണോ ഇവിടത്തെ വിഷയം? അല്ല. വിഷയം സ്നേഹമാണ്. കാരണം സ്നേഹത്തിൽ മന്ദതയില്ല. ചുറുചുറുക്കാണ് അതിന്റെ സ്വഭാവം. ഉണർവ്വാണത്. വിളംബമില്ലാത്ത ഉന്മേഷം. അതെ, ഉള്ളിൽ സ്നേഹം ഉള്ളവർക്ക് തളർന്നിരിക്കാൻ സാധിക്കില്ല. അവർ കുതിച്ചു പായും സ്നേഹത്തിന്റെ മറുവശം തേടി. ഈ തേടലിന്റെ കണ്ടെത്തലാണ് ഉത്ഥാനം.
ജീവിതത്തിലേക്കുള്ള മരിച്ചവന്റെ മടങ്ങിവരവാണോ ഉത്ഥാനം? അല്ല. നിത്യജീവിതത്തിലേക്കുള്ള ജീവിക്കുന്നവരുടെ പുറപ്പാടാണത്. ക്രൈസ്തവന് ആദ്യം പുനരുത്ഥാനമാണ്, പിന്നീടാണ് ജീവൻ (യോഹ 11:25). അത് നിത്യജീവനാണ്. അപ്പോൾ മരണമോ? ജ്ഞാനസ്നാനത്തിലൂടെ ക്രിസ്തുവിന്റെ പുനരുത്ഥാനത്തിൽ ജീവിക്കുന്നവന് മരണമില്ല. അവനുള്ളത് ഇനി ജീവനാണ്. ശാരീരിക മരണം ഒരു വാതിൽ മാത്രമാണ്. നിത്യജീവനോ? അത് നാളെ ലഭിക്കാൻ പോകുന്ന ഒരു പ്രതിഫലമല്ല. ഇന്ന് അനുഭവിക്കേണ്ട ജീവിതരീതിയാണ്. കാരണം ക്രൈസ്തവന്റെ സ്വത്വം ക്രിസ്താത്മകമാണ്. അതുകൊണ്ടാണ് പൗലോസപ്പോസ്തലൻ പറയുന്നത് ഞാനല്ല, എന്നിൽ ക്രിസ്തു ജീവിക്കുന്നു എന്ന് (ഗലാ 2:20).
എല്ലാം ആരംഭിച്ചത് ഓട്ടത്തിൽ നിന്നാണ്. കല്ലറയിൽ നിന്നും സെഹിയോൻ വരെയുള്ള ഓട്ടത്തിൽ നിന്ന്. സ്നേഹം അനിർവചനീയമായ ആകുലതയായി മഗ്ദലേനയിൽ പടർന്നുകയറിയപ്പോൾ അവൾ നേരെ ശിഷ്യരുടെ അടുത്തേക്ക് ഓടുന്നു. അവളിലെ ആകുലത ശിമയോൻ പത്രോസിൽ ഭയത്തിന്റെയും നിരാശയുടെയും പശ്ചാത്താപത്തിന്റെയും ഭാരം കുമിഞ്ഞു കൂട്ടുകയാണ് ചെയ്തത്. അതുകൊണ്ടാണ് കല്ലറയിലേക്കുള്ള അവന്റെ ഓട്ടത്തിന് വേഗത കുറഞ്ഞത്. യേശുവിന്റെ സ്നേഹം അനുഭവിച്ചിരുന്ന മറ്റേ ശിഷ്യനെ ആ സ്നേഹമാധുര്യം കാറ്റുപോലെ പറത്തിക്കൊണ്ടുപോകുന്നു. അങ്ങനെ അവൻ കല്ലറയിൽ ആദ്യമെത്തി. എന്നിട്ടും ഒറ്റയ്ക്കല്ല, പത്രോസുമായിട്ടാണ് അവൻ അതിൽ പ്രവേശിച്ചത്. ഒറ്റയ്ക്കല്ല ശിഷ്യന്മാർ ഉത്ഥിതനെ അനുഭവിച്ചത്, ഒരുമിച്ചാണ്. ഒരാൾ ഓടി ആദ്യം എത്തിയെങ്കിലും, കൂടെയുള്ളവരെ കാത്തിരിക്കാനുള്ള ക്ഷമയും അവനുണ്ടായിരുന്നു. ഇതാണ് സഭയുടെ ഏറ്റവും ലാവണ്യമാർന്ന ചിത്രം. ദൈവാന്വേഷണം ഒറ്റയ്ക്കായാലും ദൈവാനുഭവം സഭയിൽ എപ്പോഴും ഒന്നിച്ചായിരിക്കും.
ജ്ഞാനികൾ നടക്കുന്നു, നീതിമാന്മാർ ഓടുന്നു, പ്രണയികൾ പറക്കുന്നു. അതെ, യേശു സ്നേഹിച്ചിരുന്നവൻ പറക്കുകയായിരുന്നു. എന്നിട്ടും അവൻ ഓടിവരുന്നവനായി കാത്തുനിൽക്കുന്നു. സ്നേഹം അധികാരത്തെ കാത്തുനിൽക്കുന്നു! അകത്തുകടന്ന പത്രോസ് വിശ്വസിച്ചോ? സുവിശേഷകൻ ഒന്നും പറയുന്നില്ല. പക്ഷേ യേശു സ്നേഹിച്ചിരുന്ന ശിഷ്യൻ അവിടെ കിടന്നിരുന്ന തൂവാലയും കച്ചയും കണ്ടു വിശ്വസിച്ചുവെന്ന് പറയുന്നുണ്ട്. അടയാളങ്ങളാണവ. സ്നേഹം ത്യാഗമായി മാറിയതിന്റെ അടയാളം. സ്നേഹിക്കുന്നവർക്കു മാത്രമേ അടയാളങ്ങൾ കണ്ടു വിശ്വസിക്കാൻ സാധിക്കു. അവിടെ ജ്ഞാനികളുടെ വിശകലനത്തിനോ നീതിയുടെ തുലാസിനോ സ്ഥാനമില്ല. സ്നേഹത്തിൽ കൂട്ടലും കിഴിക്കലും ഇല്ല. അവിടെയുള്ളത് വിശ്വാസം മാത്രമാണ്. അതുകൊണ്ടാണ് “കണക്കിൽ കളവെഴുതാത്തോൻ ദൈവം” എന്ന് കവി പാടുന്നത് (കെ ജി എസ്, “പത്തനാപുരം”).
സ്നേഹവും വിശ്വാസവും കുരിശുപോലെയോ മുറിവുകൾ പോലെയോ ബാഹ്യമല്ല, ആന്തരികമാണ്. ഉത്ഥാനം ആ ആന്തരികതയുടെ കാര്യമാണ്. അപ്പോഴും അവ ഒരു യുക്തിവിചാരമല്ല. നമ്മുടെ മുന്നിലെ കാഴ്ചയിൽ നിന്നുതന്നെയാണ് അവ ജനിക്കുന്നത്. ഒരുവിധത്തിൽ പറഞ്ഞാൽ ശ്രദ്ധയുള്ള കാഴ്ചയാണവ. സ്നേഹിക്കുക എന്നാൽ ശ്രദ്ധിക്കുക എന്നതാണ്. ശ്രദ്ധ വിശ്വാസത്തിൻ്റെ പര്യായമാണ്. വിശ്വസിക്കുക എന്നാൽ എല്ലാം മനസ്സിലാക്കുക എന്നതുമല്ല, മനസ്സിലാകാത്തതിൽ പോലും അർത്ഥമുണ്ടെന്ന തിരിച്ചറിവാണത്.
ഉത്ഥാനത്തിന്റെ ആദ്യ അടയാളം കാണ്മാനില്ലാത്ത ഒരു ശരീരവും ശൂന്യമായ കല്ലറയുമാണ്. ഇതാ, മനുഷ്യ ചരിത്രത്തിൽ കൊല്ലപ്പെട്ടവരുടെ പട്ടികയിൽ നിന്ന് ഒരു ശരീരം നഷ്ടപ്പെട്ടിരിക്കുന്നു. ഇവിടെയാണ് കല്ലറയുടെ മുന്നിലിരുന്ന ദൈവദൂതന്മാരുടെ ചോദ്യത്തിന്റെ പ്രസക്തി: “ജീവിച്ചിരിക്കുന്നവനെ നിങ്ങൾ മരിച്ചവരുടെയിടയിൽ അന്വേഷിക്കുന്നത് എന്തിന്? അവൻ ഇവിടെയില്ല, ഉയിർപ്പിക്കപ്പെട്ടു” (ലൂക്കാ 24:5). എന്തിനാണ് യേശു ഉയിർത്തെഴുന്നേറ്റത്? ഉത്തരം ഒന്നേയുള്ളൂ: സ്നേഹം. അത് മരണത്തെക്കാൾ ശക്തമാണ്. കുരിശോളം സ്നേഹിച്ചവന് കല്ലറയിൽ ഒതുങ്ങി നിൽക്കാൻ സാധിക്കുകയില്ല. ശരീരത്തിലെ ഓരോ അണുവിലും സ്നേഹം കൊണ്ട് നിറച്ചവനെ മരണം പോലും ഭയപ്പെടും. കാരണം മരണത്തിൻ്റെ ശത്രു ജീവനല്ല, സ്നേഹമാണ്. അതുകൊണ്ടാണ് ഉത്തമഗീതത്തിലെ മണവാളൻ പാടുന്നത് “സ്നേഹം മരണത്തെപ്പോലെ ശക്തമാണ്… അതിന്റെ ജ്വാലകൾ തീജ്ജ്വാലകളാണ്, അതിശക്തമായ തീജ്ജ്വാല” (8:6).
ഉള്ളിൽ സ്നേഹം ഉള്ളവർക്ക് മാത്രമേ ഉത്ഥാനത്തെ മനസ്സിലാക്കാൻ സാധിക്കു. ഈ ദിനത്തിലെ കഥാപാത്രങ്ങളെ നോക്കുക; മഗ്ദലേന മറിയം, പത്രോസ്, യേശു സ്നേഹിച്ചിരുന്ന ശിഷ്യൻ. യേശുവിനോടുള്ള സ്നേഹത്തെപ്രതി സ്വയം ഉരുകിയവരാണവർ. അവരും, ഇതാ, ഉത്ഥിതനോടൊപ്പം ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു. ഇനി മുന്നിലുള്ളത് ആനന്ദദിനങ്ങളാണ്. നൊമ്പരങ്ങൾ ചുറ്റിലും കുമിഞ്ഞു കൂടിയാലും ഉത്ഥിതനിൽ ആനന്ദിക്കാൻ അവർക്ക് സാധിക്കും. ഈയൊരു ആനന്ദമാണ് സഭയുടെ അടിത്തറ. പക്ഷേ പലപ്രാവശ്യവും ഈ ആനന്ദത്തെ പങ്കുവയ്ക്കാൻ നമുക്ക് സാധിക്കുന്നില്ല. കുരിശിനെ ചൂണ്ടിക്കാട്ടി കാൽവരിയിലേക്കുള്ള യാത്രയാണ് ജീവിതമെന്ന് പഠിപ്പിക്കുമ്പോഴും, മറക്കരുത് നമ്മൾ, നമ്മുടെ കൂടെയുള്ളത് ഉത്ഥിതനായ യേശുവാണെന്ന കാര്യം. ആ സാന്നിധ്യം നമ്മെ ഒരിക്കലും നിരാശരാക്കില്ല. അത് അനുപമമായ ആനന്ദമാണ്. ആ ആനന്ദമാണ് നമ്മുടെ എല്ലാ നൊമ്പരങ്ങൾക്കും പിന്നിലെ മാധുര്യം.