Easter_നമുക്കു മുമ്പേ നടക്കുന്നവൻ (മത്താ 28:1-10)
ശൂന്യമായ കല്ലറയല്ല യേശുവിന്റെ ഉത്ഥാനത്തെ സാധൂകരിക്കുന്നത്, അവനുമായുള്ള വ്യക്തിപരമായ കണ്ടുമുട്ടലാണ്...
ഈസ്റ്റർ ഞായർ
യേശുവിനെ അനുഗമിച്ച ചില സ്ത്രീകളുടെ കണ്ണുകളിലൂടെയും വിശ്വാസത്തിലൂടെയുമാണ് ഉത്ഥാനം നമുക്കും ഒരു അനുഭവമാകുന്നത്. അത് ആശ്ചര്യവും സന്തോഷവും ഭയവും നിറഞ്ഞ ഒരു പ്രഭാതത്തിലേക്കാണ് നമ്മെയും നയിക്കുന്നത്. സമവീക്ഷണ സുവിശേഷങ്ങളുടെ കാഴ്ചപ്പാടിൽ അവർ അങ്ങോട്ട് പോകുന്നത് സുഗന്ധദ്രവ്യങ്ങളും വാങ്ങിച്ചുകൊണ്ടാണ്. ഈ കല്ലറ സന്ദർശനം മരണാനന്തര ആചാരങ്ങളുടെ ഭാഗമാണ്. പക്ഷേ യോഹന്നാന്റെ ചിത്രീകരണത്തിൽ അങ്ങനെയുള്ള രംഗമില്ല. അവിടെ മഗ്ദലേന ഏകയാണ്. അവളുടെ കൈകൾ ശൂന്യവുമാണ്. അവൾ അവിടെ പോകുന്നത് ഏതെങ്കിലും ഒരു ആചാരം പൂർത്തിയാക്കാൻ വേണ്ടിയല്ല. തടഞ്ഞു നിർത്താൻ പറ്റാത്ത സ്നേഹത്തിന്റെ കുത്തൊഴുക്കിൽ പെട്ട് അവൾ അവിടെ അതിരാവിലെ ഇരുട്ടായിരിക്കുമ്പോൾ തന്നെ എത്തിപ്പെടുകയാണ്. ഒരു സന്ദർശനമാണത്. അവന്റെ ശരീരത്തെ ഒരു നോക്കു കൂടി കാണാൻ… ഇത്തിരി നേരം ആ കല്ലറയ്ക്കരികിൽ ഇരിക്കാൻ… എന്തെങ്കിലുമൊക്കെ ജല്പനങ്ങളായി അവനോട് പറയാൻ… അങ്ങനെ സ്നേഹം ഒരു ഉൾത്തള്ളലായപ്പോഴാണ് അവൾ അതിരാവിലെ ആ കല്ലറയിലേക്ക് പോയത്.
മത്തായിയുടെ സുവിശേഷം ഈശോയുടെ ഉത്ഥാനത്തെ ഒരു ഭൂകമ്പവുമായിട്ടാണ് ചേർത്ത് വായിക്കുന്നത് . “അപ്പോൾ വലിയൊരു ഭൂകമ്പം ഉണ്ടായി. കർത്താവിന്റെ ദൂതൻ സ്വർഗ്ഗത്തിൽ നിന്നിറങ്ങിവന്ന്, കല്ലുരുട്ടിമാറ്റി അതിന്മേൽ ഇരുന്നു” (28:2). പ്രതീകാത്മകമാണത്. സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും ഇടപെടലാണത്. അകത്തുള്ള യേശുവിനെ പുറത്തേക്കു കൊണ്ടുവരാനല്ല ദൂതന്മാർ കല്ലുരുട്ടി മാറ്റുന്നത്. മറിച്ച് അവൻ അവിടെയില്ല എന്ന് ആ സ്ത്രീകളെ ബോധ്യപ്പെടുത്താനാണ്. ദൂതന്മാർ പറയുന്നുണ്ട്; “ക്രൂശിക്കപ്പെട്ട യേശുവിനെയാണ് നിങ്ങൾ അന്വേഷിക്കുന്നതെന്ന് എനിക്കറിയാം. അവൻ ഇവിടെയില്ല… അവൻ കിടന്ന സ്ഥലം വന്നു കാണുവിൻ” (മത്താ 28:5-7). അതെ, ശൂന്യമായ കല്ലറയല്ല യേശുവിന്റെ ഉത്ഥാനത്തെ സാധൂകരിക്കുന്നത്, അവനുമായുള്ള വ്യക്തിപരമായ കണ്ടുമുട്ടലാണ്.
അവൻ ജീവിക്കുന്നുണ്ട്, പക്ഷേ അത് കല്ലറയിലല്ല, പുറത്തെവിടെയോ ആണ്. ഇനി മരണത്തിന്റെ താഴ്‌വരയിൽ അവനെ അന്വേഷിക്കേണ്ട കാര്യമില്ല. ചിലപ്പോൾ അവൻ തെരുവുകളിൽ ഉണ്ടാകും. അല്ലെങ്കിൽ തിരികെ പോകുന്ന ശിഷ്യരുടെ കൂടെ ഒരു അപരിചിതനായി… മഗ്ദലേനയ്ക്ക് ഒരു തോട്ടക്കാരനായി… സംശയിച്ചവന് മുറിവേറ്റവനായി… മീൻ പിടിക്കാൻ പോയവർക്ക് തീരത്ത് നിൽക്കുന്ന അപരിചിതനായി… അങ്ങനെയങ്ങനെ… ഒരു കാര്യം ഉറപ്പാണ്, അവൻ കല്ലറയിലില്ല. കാരണം, അവൻ ജീവിക്കുന്നവനാണ്. ജീവനിലേക്ക് ചേർത്ത് നിർത്തേണ്ട ദൈവമാണവൻ.
എവിടെ ഉത്ഥിതൻ? അവൻ നിന്റെ സുന്ദരസ്വപ്നങ്ങളിലുണ്ട്. സ്നേഹത്തെ കൂടുതൽ ശക്തമാക്കാൻ എടുക്കുന്ന നിന്റെ എല്ലാ തീരുമാനങ്ങളിലും അവനുണ്ട്. ഓരോ സമാധാന പ്രവർത്തനങ്ങളിലും അവനുണ്ട്. സ്നേഹപൂർണ്ണമായ ആലിംഗനത്തിൽ അവനുണ്ട്. ജനിച്ചു വീഴുന്ന ഓരോ കുഞ്ഞിന്റെയും ആദ്യ കരച്ചിലിലും അവനുണ്ട്. നിന്റെ അവസാന ശ്വാസത്തിലും അവനുണ്ട്. ഓരോ രോഗിക്കും പകർന്നു നൽകുന്ന ആർദ്രമായ പരിചരണത്തിലും അവനുണ്ട്.
യേശുവിന്റെ കല്ലറയുടെ മുന്നിലിരുന്നുകൊണ്ട് ദൂതന്മാർ ആ സ്ത്രീകളോട് പറഞ്ഞതുപോലെ നമ്മളും പ്രഘോഷിക്കണം: അവൻ കല്ലറയിൽ ഇല്ല, അവൻ നിങ്ങൾക്കു മുമ്പേ പോയിരിക്കുകയാണ്. അതെ, അവൻ പുറത്താണ്. അവൻ നമുക്ക് മുമ്പേയാണ്. അതിനാൽ അവനെ കാണണമെങ്കിൽ നന്നായി തിരയണം. അന്വേഷിക്കാത്തവർ അവനെ കണ്ടെത്തുകയില്ല.
“അവൻ നിങ്ങൾക്കു മുമ്പേ ഗലീലിലേക്ക് പോയിരിക്കുന്നു”. ഗലീലിയിലാണ് എല്ലാം ആരംഭിച്ചത്. അവിടെ നിന്നുതന്നെ വീണ്ടും ആരംഭിക്കാം. ദൂതന്മാർ പറയുന്നു, “പോകുക”. അവന് നിന്നിൽ വിശ്വാസമുണ്ട്. അവൻ നിന്നെ കാത്തിരിക്കുന്നുണ്ട്.
അവൻ നമുക്കു മുമ്പേ പോയിരിക്കുന്നു. സുവിശേഷങ്ങൾ പുനരുത്ഥാന സംബന്ധമായ അത്ഭുതങ്ങൾ പലതും വിവരിക്കുന്നുണ്ടെങ്കിൽ തന്നെയും യേശുവിന്റെ ഉത്ഥാനം തീർത്തും വ്യത്യസ്തമാണ്. ലാസറിനെ സംബന്ധിച്ച് പുനരുത്ഥാനം പൂർവ്വ ജീവിതത്തിലേക്കുള്ള ഒരു തിരിച്ചു വരവായിരുന്നു. അത് ഏകദേശം പിന്നിലേക്കുള്ള ഒരു യാത്രയായിരുന്നു. പക്ഷേ യേശുവിന്റെ ഉത്ഥാനം മുന്നിലേക്കുള്ള ഒരു യാത്രയാണ്. അവൻ പ്രവേശിക്കുന്നത് പുതിയൊരു മാനത്തിലേക്കാണ്. ദൈവിക ജീവിതത്തിലേക്കുള്ള മനുഷ്യരാശിയുടെ കുടിയേറ്റത്തിന്റെ ആരംഭമാണത്. അതെ, അവൻ മുമ്പേ നടക്കുന്ന നമ്മുടെ നേതാവാണ്.