Meditation

Easter 3rd_Sunday_മുറിച്ചു നൽകുന്നവൻ (ലൂക്കാ 24: 19-35)

ദൈവം എല്ലായിടത്തുമുണ്ട് എന്ന് വിചാരിക്കരുത്. പ്രവേശിക്കാൻ അനുവാദമുള്ള ഭവനത്തിൽ മാത്രമാണ് അവനുള്ളത്...

പെസഹാക്കാലം മൂന്നാം ഞായർ

“യേശു അടുത്തെത്തി അവരോടൊപ്പം യാത്ര ചെയ്തു”. അടുത്തേക്ക് വരുന്ന ദൈവം. ദിനരാത്രങ്ങളുടെ അതിരുകളിലൂടെ നടക്കുന്ന വഴിപോക്കനായ ദൈവം. ചരിത്രത്തിന്റെ ചക്രക്കാലുകൾക്ക് ചലനം നൽകുന്ന ദൈവം. അവനിതാ, നമ്മോടൊപ്പം നടക്കുന്നു. നമ്മുടെ യാത്രയെ നിയന്ത്രിക്കാനോ നിർണ്ണയിക്കാനോ ഒന്നുമല്ല കൂടെയുള്ള ഈ നടപ്പ്. ഒരു വഴികാട്ടിയായി പോലും അവൻ മാറുന്നില്ല. ആരെയും നിർബന്ധിക്കുന്നുമില്ല. അവൻ കൂടെ നടക്കുക മാത്രമാണ് ചെയ്യുക. എങ്കിലും മ്ലാനവദനരായ ആ യാത്രികരോട് അവൻ ഒരു ചോദ്യം ഉന്നയിക്കുന്നുണ്ട്: “എന്തിനെക്കുറിച്ചാണ് നിങ്ങൾ സംസാരിക്കുന്നത്?” അങ്ങനെയാണ് അവർ അവരുടെ കഥ അവനോട് പറയുന്നത്. കാൽവരി മലയിലെ കുരിശിൽ തകർന്നടിഞ്ഞ അവരുടെ സ്വപ്നങ്ങളുടെ കഥയായിരുന്നു അത്. അതെ, ജറുസലെമിൽ നടന്ന സംഭവമെല്ലാം അവർ സ്വരുക്കൂട്ടിയ സ്വപ്നങ്ങളെയെല്ലാം ഒരു മായാദർശനമാക്കി മാറ്റിയിരിക്കുന്നു.

ജറുസലെമിലെ ഏതു സംഭവങ്ങൾ? നസ്രായനായ യേശു എന്ന സംഭവം. അവനെ അവർ അനുഗമിച്ചിരുന്നു… സ്നേഹിച്ചിരുന്നു… മോചകൻ അവനാണെന്ന് പ്രതീക്ഷിച്ചിരുന്നു… അധികാരികൾ അവനെ മരണവിധിക്ക് ഏൽപ്പിച്ചുകൊടുത്തിരിക്കുന്നു… അധികാരികളാണ് അവരുടെ പ്രത്യാശയെ കെടുത്തിക്കളഞ്ഞത്. അധികാരം എന്ന സങ്കൽപ്പത്തെ തകിടം മറിച്ചവനെയാണ് അവർ ഇപ്പോൾ ഇല്ലാതാക്കിയിരിക്കുന്നത്. ഇനി പ്രതീക്ഷിക്കാൻ ഒന്നുമില്ല, തിരികെ വീട്ടിലേക്ക് പോകുകയല്ലാതെ. പ്രത്യാശ നഷ്ടപ്പെടുന്ന അവസ്ഥ വരുമ്പോൾ കൂടെ നടക്കുന്നവരെയും തിരിച്ചറിയാൻ സാധിക്കാതെ വരും. അതുകൊണ്ടാണ് ആ രണ്ടുപേർക്കും യേശുവിനെ തിരിച്ചറിയാൻ സാധിക്കാതിരുന്നത്. അവനിതാ, ഗലീലിയിലെന്ന പോലെ വഴിയിലുടനീളം സംസാരിക്കുന്നു, സംവദിക്കുന്നു, ചർച്ച ചെയ്യുന്നു, പഠിപ്പിക്കുന്നു.

പരദേശിയായ ഒരു ദൈവമാണ് കൂടെ നടക്കുന്നത്. എല്ലാവരും എല്ലായിടവും അവന്റെ സ്വന്തമാണ്. എമ്മാവൂസിൽ എത്തിക്കഴിഞ്ഞപ്പോൾ യേശു ആകട്ടെ ഭവനരഹിതനായ ഒരാളെപ്പോലെ യാത്ര തുടരുകയാണെന്ന് ഭാവിച്ചു. അപ്പോഴാണ് ഏറ്റവും സുന്ദരമായ ഒരു പ്രാർത്ഥന അവരിൽ നിന്നും ഉണ്ടാകുന്നത്: “ഞങ്ങളോടുകൂടെ താമസിക്കുക. നേരം വൈകുന്നു; പകൽ അസ്തമിക്കാറായി”. അതെ, അവന്റെ വാക്കുകളും, അവന്റെ കൂട്ടും, അവന്റെ സാന്നിധ്യവും അവർക്ക് വേണം. എങ്ങോട്ടാണ് അവർ അവനെ സ്വീകരിച്ചത്? ഭവനത്തിലാണോ, സത്രത്തിലാണോ? ഭവനത്തിലാണത്. ആ ഭവനം എല്ലാവരുടെയും ഭവനമാണ്. ദൈവം എല്ലായിടത്തുമുണ്ട് എന്ന് വിചാരിക്കരുത്. പ്രവേശിക്കാൻ അനുവാദമുള്ള ഭവനത്തിൽ മാത്രമാണ് അവനുള്ളത്. അവിടെ അവൻ താമസിക്കും. കാരണം, വഴിത്താരയാണ് അവന്റെ ഇടം. അവൻ യാത്രികനാണ്. അവിടെ എല്ലാവരും സ്വതന്ത്രരാണ്. ഭവനത്തിലും അവൻ താമസിക്കും അവിടെ സത്യസന്ധതയുണ്ടെങ്കിൽ.

ഒരു മേശയ്ക്ക് ചുറ്റുമാണ് ഇപ്പോൾ ആഖ്യാനം. അവിടെ അപ്പത്തിന്റെ പരിമളമുണ്ട്. വിശപ്പിന്റെ നിശബ്ദമായ തേങ്ങലുണ്ട്. അപരിചിതരായ യാത്രികരുടെ പാരസ്പര്യവും ആതിഥേയത്വവുമുണ്ട്. പരസ്പരം തിരിച്ചറിയാൻ ശ്രമിക്കുന്ന കണ്ണുകളും പോഷിപ്പിക്കാനുള്ള മനസ്സുമുണ്ട്. “അവൻ അപ്പം എടുത്ത് ആശിർവദിച്ചു മുറിച്ച് അവർക്കുകൊടുത്തു. അപ്പോൾ അവരുടെ കണ്ണു തുറക്കപ്പെട്ടു, അവർ അവനെ തിരിച്ചറിഞ്ഞു”. എത്രയോ പ്രാവശ്യം ആ മുറിയിൽ ഇരുന്നുകൊണ്ട് അവർ അപ്പം മുറിച്ചു ഭക്ഷിച്ചിട്ടുണ്ട്! ഒരു പിതാവ് മക്കൾക്ക് അപ്പം മുറിച്ചു കൊടുക്കുക എന്നത് യഹൂദ ഭക്ഷണമേശയിലെ ഒരു സാധാരണ സംഭവം മാത്രമാണ്.

പക്ഷേ ഇപ്പോൾ ഈ അപ്പം മുറിക്കലിൽ എന്തോ അസാധാരണമായ കാര്യങ്ങൾ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. അതെ, മൂന്നുദിവസം മുൻപ്, ആ പെസഹാ വ്യാഴത്തിലെ അത്താഴ നേരത്ത് യേശുവും അപ്പവും മുറിച്ചിരുന്നു. അന്നവൻ പറഞ്ഞത് എടുത്തു കഴിക്കൂ ഇതെന്റെ ശരീരമാണ് എന്നാണ്. ഇപ്പോഴിതാ, എമ്മാവൂസിലെ അത്താഴമേശയിൽ അതേ കർമ്മം സംഭവിച്ചിരിക്കുന്നു. അപ്പം മുറിക്കപ്പെട്ടപ്പോൾ അവർ അവനെ തിരിച്ചറിയുന്നു. ഓരോ മുറിക്കപ്പെടലിലും നൽകലിലുമാണ് സുവിശേഷത്തിന്റെ രഹസ്യം അടങ്ങിയിരിക്കുന്നത്. ദൈവം അപ്പമാണ്. മനുഷ്യന്റെ വിശപ്പ് ശമിക്കാൻ സ്വയം മുറിച്ചു നൽകുന്ന അപ്പം. ആ ദൈവം സ്വയം നൽകുകയും പോഷിപ്പിക്കുകയും അപ്രത്യക്ഷമാകുകയും ചെയ്യും. അവൻ സ്വയം മുറിച്ചു നൽകിയിട്ട് പറയും; എടുത്തു കഴിക്കൂ, ഇത് നിനക്കുള്ളതാണ്. ഇതാണ് മഹത്തായ അത്ഭുതം. നമ്മൾ ദൈവത്തിനു വേണ്ടി ജീവിക്കുന്നു എന്നതല്ല ഇവിടുത്തെ വിഷയം, ദൈവം നമുക്ക് വേണ്ടി ജീവിക്കുന്നു എന്നതാണ്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker