മദര്‍ തെരേസക്കെതിരെയുളള സൈബര്‍ ആക്രമണങ്ങള്‍ പ്രതിഷേധാര്‍ഹം; ഐ.ബി.സതീഷ്
മദര്‍ തെരേസ നല്‍കുന്നത് സ്നേഹത്തിന്‍റെ സന്ദേശമാണ്, ആ സ്നേഹം ഉള്‍ക്കൊളളാന്‍ കഴിയാത്തവരാണ് പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍
അനിൽ ജോസഫ്
മാറനല്ലൂര്‍: കരുണയുടെ സന്ദേശവുമായി ഭാരതമണ്ണില്‍ നന്‍മപ്രവര്‍ത്തികള്‍ ചെയ്ത് ലോകത്തിന്‍റെ അമ്മയായി മാറിയ മദര്‍ തേരേസക്കെതിരെയുളള സൈബര്‍ ആക്രമണങ്ങള്‍ പ്രതിഷേധാര്‍ഹമെന്ന് ഐ ബി സതീഷ് എംഎല്‍എ. മേലാരിയോട് വിശുദ്ധ മദര്‍ തെരേസാ ദേവാലയത്തില്‍ മദര്‍തെരേസ ഭാരതമണ്ണില്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സാംസ്കാരിക സന്ധ്യ ഉദ്ഘാടനംചെയ്യുകയായിരുന്നു അദേഹം.
മദര്‍ തെരേസ നല്‍കുന്നത് സ്നേഹത്തിന്‍റെ സന്ദേശമാണ്, ആ സ്നേഹം ഉള്‍ക്കൊളളാന്‍ കഴിയാത്തവരാണ് പ്രതിഷേധങ്ങള്‍ക്ക് പിന്നിലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ഇടവക വികാരി ഫാ.ജോണി കെ. ലോറന്‍സ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ കുന്നുകുഴി മിഷണറീസ് ഓഫ് ചാരിറ്റി സന്യാസ സഭാംഗവും മദര്‍ തെരേസക്കൊപ്പം പ്രവര്‍ത്തിച്ച സന്യാസിനിയുമായ സിസ്റ്റര്‍ ജെയിന്‍ മുഖ്യ സന്ദേശം നല്‍കി. കേന്ദ്ര സര്‍ക്കാരിന്‍റെ തെറ്റായ നടപടികള്‍ കാരണം മിഷണറീസ് ഓഫ് ചാരിറ്റി സന്യാസ സഭക്ക് ഭാരതത്തില്‍ പ്രവര്‍ത്തിക്കാന്‍ കിഴിയാത്ത സാഹചര്യത്തിലാണെന്ന് മുന്നോട്ട് പോകുന്നതെന്ന് അവര്‍ പറഞ്ഞു.
നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ അനുഗ്രഹ സന്ദേശം നല്‍കി, ഇടവക സഹ വികാരി ഫാ.അലക്സ് സൈമണ്‍, വാര്‍ഡ് മെമ്പര്‍ നക്കോട് അരുണ്‍, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി സജിജോസ്, അകൗണ്ടന്‍റ് എ.ക്രിസ്തുദാസ്, ജോസ് പ്രകാശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.