Christmas_Year A_ അസാധാരണ ശിശുവിന്റെ അസാധാരണ കുടുംബചരിത്രം
യേശുവിന്റെ വംശാവലി യേശുവിനോട് കൂടി അവസാനിക്കുന്നതല്ല...
തിരുപ്പിറവി തിരുനാൾ
ഒന്നാം വായന : ഏശയ്യാ 62:1-5
രണ്ടാം വായന : അപ്പോ. പ്രവർത്തനങ്ങൾ 13 :16-17, 22-25
സുവിശേഷം : വി. മത്തായി 1:1-25
ദിവ്യബലിക്ക് ആമുഖം
സ്നാപകയോഹന്നാനിലൂടെ വഴിയൊരുക്കപ്പെട്ട, ഏശയ്യയിലൂടെ പ്രവചിക്കപ്പെട്ട നമ്മുടെ കർത്താവായ യേശുവിന്റെ ജന്മദിനം നാം ആഘോഷിക്കുകയാണ്. ഇതിനു വേണ്ടിയാണ് നാം ആഴ്ചകളായി ഒരുങ്ങിയത്. യേശുവിന്റെ ജന്മദിനത്തിൽ യേശു ജനിക്കേണ്ടത് ദേവാലയത്തിന്റെ അൾത്താരയിൽ മാത്രമല്ല നമ്മുടെ ഹൃദയത്തിലും, ജീവിതത്തിലും, കുടുംബത്തിലും, സൗഹൃദങ്ങളിലും, ബന്ധങ്ങളിലും അവൻ ജനിക്കണം. അതിനായി നമുക്ക് തിരുവചനം ശ്രവിക്കാം, നമ്മെത്തന്നെ ഒരുക്കാം.
ദൈവവചന പ്രഘോഷണകർമ്മം
ഇന്നത്തെ നമ്മുടെ വചന വിചിന്തനം, സുവിശേഷത്തിന്റെ ആദ്യഭാഗമായ യേശുവിന്റെ വംശാവലിയെ കുറിച്ചാണ്. യേശുവിന് മുൻപുള്ള പിതാക്കന്മാരുടെ പേരുകളുടെ സമാഹരണം മാത്രമല്ല ഈ വംശാവലി, മറിച്ച് അത്യഗാധമായ ദൈവശാസ്ത്ര വീക്ഷണവും, ആത്മീയ യാഥാർഥ്യവും ഇതിന്റെ പിന്നിലുണ്ട്.
യേശുവിൻറെ വംശാവലിയുടെ പ്രത്യേകതയെന്ത്?
വിശുദ്ധ മത്തായി സുവിശേഷകൻ യേശുവിന്റെ വംശാവലിയെ മൂന്നു ഭാഗങ്ങളായി തിരിക്കുന്നു.
1) അബ്രഹാം മുതൽ ദാവീദ് വരെ 14 തലമുറകൾ – വിശ്വാസികളുടെ പിതാവായ അബ്രഹാത്തിലൂടെ രക്ഷാകരചരിത്രം എങ്ങനെയാണ് ആരംഭിച്ചതെന്ന് ഇവിടെ വ്യക്തമാക്കുന്നു. പ്രധാനമായും ഇസ്രായേൽ ജനതയിലും, പിതാക്കന്മാരിലും മാത്രം കേന്ദ്രീകരിക്കുന്ന ഘട്ടമാണിത്.
2) ദാവീദ് മുതൽ ബാബിലോൺ പ്രവാസം വരെ 14 തലമുറകൾ – രക്ഷാകര ചരിത്രം ഇസ്രായേൽ രാജാക്കന്മാരിലൂടെ തുടരുന്നതും, ഇതേ രാജാക്കന്മാരുടെ തന്നെ പതനവും, ജനങ്ങളുടെ പ്രവാസ ജീവിതവും ഈ തലമുറകളിൽ കാണാം.
3) ബാബിലോൺ പ്രവാസം മുതൽ ക്രിസ്തു വരെ 14 തലമുറകൾ – ബാബിലോൺ-അസീറിയൻ പ്രവാസത്തിലൂടെ തുടരുന്ന രക്ഷാകര ചരിത്രത്തിൽ യഹൂദജനം പേർഷ്യക്കാരുടെയും, ഗ്രീക്കുകാരുടെയും, അവസാനം റോമാക്കാരുടെയും സ്വാധീനത്തിൽപ്പെടുന്നു അവരുമായി ബന്ധം സ്ഥാപിക്കപ്പെടുന്നു. അവസാനം റോമൻ കാലഘട്ടത്തിൽ രക്ഷാകര പദ്ധതിയുടെ പൂർത്തീകരണമായ യേശു ജനിക്കുന്നു.
ഇപ്രകാരം അബ്രഹാമിലും യഹൂദജനതയിലും മാത്രം കേന്ദ്രീകരിക്കപ്പെടുന്ന രക്ഷയുടെ ആരംഭം അവസാനം അനേകം ജനങ്ങളുമായി കൂടികലരുകയും, എല്ലാവരുടെയും രക്ഷകനായി യേശു ജനിക്കുന്നതും ഈ വംശാവലിയിലൂടെ വ്യക്തമാക്കുന്നു.
യേശുവിന്റെ വംശാവലിയിൽ അഞ്ച് സ്ത്രീകൾ
പുരുഷമേധാവിത്വം കൊടികുത്തി വാണിരുന്ന യഹൂദ പാരമ്പര്യത്തിൽ, വംശാവലിയിൽ ഒരിക്കലും സ്ത്രീകളുടെ പേരെഴുത്തുകയില്ല. പിതാക്കന്മാരുടെ പേരുകൾ മാത്രമാണ് ചേർക്കുന്നത്. എന്നാൽ, യേശുവിന്റെ വംശാവലിയിൽ വിശുദ്ധ മത്തായി സുവിശേഷകൻ 5 സ്ത്രീകളുടെ പേരുകൾ പരാമർശിക്കുന്നു. അവർ ആരാണെന്ന യാഥാർഥ്യം നമ്മെ അതിശയിപ്പിക്കും.
ആ സ്ത്രീകൾ ഇവരാണ്:
1] താമാർ (ഉല്പത്തി 38): താമാർ ഒരു യഹൂദ വേശ്യയെപ്പോലെ പെരുമാറിയവളാണ്. വേശ്യാവൃത്തിയിലൂടെയാണ് അവൾ ഗർഭിണിയായത്.
2] റാഹാബ് (ജോഷ്വാ 2): റാഹാബ് ജെറീക്കോയിലെ വേശ്യയായിരുന്നു. യഹൂദയല്ലാത്തവൾ. ജറീക്കോ പട്ടണം നിരീക്ഷിക്കാൻ ജോഷ്വാ അയച്ച ചാരന്മാരെ സംരക്ഷിച്ചവൾ.
3] റൂത്ത്: യഹൂദയല്ലാത്ത മൊവാബ്യക്കാരി – വിധവ – വീണ്ടും വിവാഹം കഴിച്ചവൾ.
4] ഊറിയായുടെ ഭാര്യ (2 സാമുവേൽ 11): ബത്ഷായുടെ കഥ നമുക്കെല്ലാവർക്കും അറിയാം. ഭർത്താവ് കൊല്ലപ്പെട്ടത് കൊണ്ട് ദാവീദ് രാജാവുമായി വ്യഭിചാരത്തിൽ ഏർപ്പെടേണ്ടി വന്നവൾ.
വിശുദ്ധ മത്തായി യേശുവിന്റെ വംശാവലിയിൽ സാധാരണക്കാരായ, ജീവിതത്തിൽ അത്ര മേന്മയേറിയ ഒന്നും എടുത്തു പറയാനില്ലാത്ത സ്ത്രീകളെ ഉൾപ്പെടുത്തി, അവരുടെ പേരാണ് എടുത്ത് പറയുന്നത്. സാധാരണയായി നാം നമ്മുടെ വംശാവലി തയ്യാറാക്കുമ്പോൾ (നമ്മുടെ കുടുംബ ചരിത്രം എഴുതുമ്പോൾ), നമ്മുടെ കുടുംബത്തിന് അപമാനം വരുത്തിവച്ചവരെയും, മോശമായ പ്രതിശ്ചായ ഉള്ളവരെയും ഒഴിവാക്കി, കുടുംബത്തിന് അഭിമാനം നൽകുന്നവരെയും പ്രത്യേകിച്ച് പൂർവ്വികരിലെ പ്രധാനികളെയും, അഭിമാനികളെയുമാണ് കുടുംബ ചരിത്രത്തിൽ ഉൾപ്പെടുത്തുന്നത്. എന്നാൽ വിശുദ്ധ മത്തായി വിപരീതമായാണ് ചെയ്യുന്നത്. യേശുവിന്റെ വംശാവലിയിൽ എഴുതിച്ചേർക്കപ്പെടാൻ യോഗ്യരായ സാറ, റബേക്കാ തുടങ്ങിയ മാതാമഹതികളും, യഹൂദ ചരിത്രത്തിലെ ധീരവനിതകളായ യൂദിത്ത്, എസ്ത്തേർ എന്നീ ബഹുമാന്യരായ, യഹൂദ ചരിത്രത്തിലെ യശസ്സുയർത്തിയ സ്ത്രീകളെയൊന്നും സുവിശേഷകൻ യേശുവിന്റെ വംശാവലിയിൽ എഴുതിച്ചേർക്കുന്നില്ല. എന്നാൽ, മാന്യമായ ജീവിത രീതി പോലുമില്ലാത്ത സ്ത്രീകളെ മനപ്പൂർവ്വം യേശുവിന്റെ വംശാവലിയിൽ ഉൾപ്പെടുത്തി.
എന്ത് സന്ദേശമാണ് ഇതിലൂടെ സുവിശേഷകൻ നൽകുന്നത്?
യേശു പ്രശസ്തരുടെയും, ധീരന്മാരുടെയും, അഭിമാനികളുടെയും ദൈവമല്ല മറിച്ച്, സാധാരണക്കാരുടെയും, അഗതികളുടെയും, സമൂഹത്തിൽനിന്ന് പുറന്തള്ളപ്പെട്ടവരുടെയും ദൈവമാണ്. യേശു ജനിച്ചത് ഏതെങ്കിലുമൊരു ഉന്നത കുലത്തിന് വേണ്ടി മാത്രമല്ല മറിച്ച്, എല്ലാവർക്കും വേണ്ടിയാണ്. യേശു എല്ലാവരുടെയും രക്ഷകനാണ്. യേശുവിന്റെ വംശാവലിയിലെ അഞ്ചാമത്തെ സ്ത്രീ പരിശുദ്ധ കന്യകാമറിയമാണ്. നസ്രത്തിലെ ഒരു സാധാരണ പെൺകുട്ടി. ഏകദേശം പതിനാറാം വയസ്സിൽ ദൈവേഷ്ടത്തോട് “അതെ” എന്ന് മറുപടി പറഞ്ഞവൾ. ഈ സാധാരണക്കാരിയിലൂടെയാണ് ദൈവം മനുഷ്യനായി അവതരിക്കുന്നത്.
യേശുവിന്റെ വംശാവലി യേശുവിനോട് കൂടി അവസാനിക്കുന്നതല്ല. അത് തിരുസഭയിലൂടെ തുടരുകയാണ്. ആത്മീയമായി ജ്ഞാനസ്നാനത്തിലൂടെ നാമെല്ലാവരും യേശുവിന്റെ വംശാവലിയിൽ അംഗങ്ങളാണ്. നമ്മുടെ കുറ്റങ്ങളും കുറവുകളോടും, ബലഹീനതകളോടും കൂടെ, നാം ആയിരിക്കുന്ന അവസ്ഥയിൽ യേശുവിന്റെ വംശാവലിയിൽ നമ്മുടെ പേര് എഴുതി ചേർക്കപ്പെട്ടിരിക്കുന്നു. ഈ യാഥാർത്ഥ്യമാണ് നമുക്കുള്ള ക്രിസ്മസ് സന്ദേശം.
ആമേൻ.
[വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ (മത്തായി 1:1-25) രണ്ടാമത്തെ ഭാഗം (1:18-25) കഴിഞ്ഞ ഞായറാഴ്ച വിചിന്തനത്തിന് വിധേയമാക്കിയതുകൊണ്ട്, ആദ്യഭാഗം മാത്രമേ ഈ പ്രസംഗത്തിൽ വിചിന്തനം ചെയ്യുന്നുള്ളൂ]
വി.ലൂക്ക 2:1-14 സുവിശേഷ ഭാഗത്തെ അടിസ്ഥാനമാക്കിയുള്ള വിചിന്തനത്തിന് താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക:
“ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു ഇന്നു ജനിച്ചിരിക്കുന്നു”