പിറവിത്തിരുനാൾ
ഒന്നാം വായന: ഏശയ്യാ 9, 2-7
രണ്ടാം വായന: തീത്തോസ് 2, 11-14
സുവിശേഷം: വി.ലൂക്കാ 2, 1-14
ദിവ്യബലിയ്ക്ക് ആമുഖം
കൊറോണാ മഹാമാരിക്കിടയിലും ആഴ്ചകളായുള്ള ഒരുക്കങ്ങൾക്ക് ശേഷം നമ്മുടെ രക്ഷകനായ മിശിഹായുടെ തിരുപ്പിറവി ആഘോഷിക്കുവാൻ ആഹ്ളാദഭരിതരായി ബലിയർപ്പിക്കുവാൻ ഒരുമിച്ചുകൂടിയിരിക്കുകയാണ് നാം. ദൈവം ഇന്നും എന്നും ഈ ലോകത്തെ സ്നേഹിക്കുന്നു. അവനിൽ വിശ്വസിക്കുന്ന ഒരുവനും നശിച്ചുപോകാതെ നിത്യരക്ഷപ്രാപിക്കണമെന്നാണ് ദൈവത്തിന്റെ ആഗ്രഹം. നമുക്ക് കാണുവാനും, സ്പർശിക്കുവാനും, സ്വീകരിക്കുവാനും, വിശ്വസിക്കുവാനുമായി ദൈവപുത്രൻ ഭൂമിയിൽ മനുഷ്യനായി അവതരിച്ചു. മനുഷ്യനെ അറിയുന്ന, മനുഷ്യന്റെ ജീവിതം മനസിലാക്കുന്ന ദൈവപുത്രൻ തീർച്ചയായും നമ്മുടെ ജീവിതത്തിന് ആശ്വാസവും പ്രതീക്ഷയും പകരുന്നു എന്നതിൽ സംശയമില്ല. ക്രിസ്മസ് പ്രത്യാശയുടെ തിരുനാളാണ്. ആ പ്രത്യാശ നമ്മുടെ മനസ്സിലും നിറച്ചുകൊണ്ട് ബലിയർപ്പിക്കുവാനായി നമുക്കൊരുങ്ങാം.
വചനപ്രഘോഷണ കർമ്മം
യേശുവിൽ സ്നേഹം നിറഞ്ഞ സഹോദരീ സഹോദരന്മാരേ,
വി.ലൂക്കാ എഴുതിയ സുവിശേഷമാണ് നാമിന്ന് ശ്രവിച്ചത്. സുവിശേഷകന്റെ മുഖ്യലക്ഷ്യം ലോകരക്ഷകനായ ക്രിസ്തു സകലരുടെയും രക്ഷക്കായി ജനിച്ചിരിക്കുന്നു എന്നറിയിക്കുകയാണ്. വി.ലൂക്കാ അത് ഭംഗിയായി നിർവ്വഹിക്കുന്നു.
രണ്ട് വ്യത്യസ്ഥ ചക്രവർത്തിമാർ
സുവിശേഷത്തിന്റെ ആദ്യഭാഗത്ത് കാണുന്ന ഒരു പേരാണ് അഗസ്റ്റസ് സീസർ – റോമാ ചക്രവർത്തി. യേശുവിന്റെ കാലത്തെ റോമാ സാമ്രാജ്യം അക്കാലത്തെ ലോകശക്തിയായിരുന്നു. അതിന്റെ സർവ്വാധിപനായ ചക്രവർത്തിയുടെ കാലത്ത് ഈ പ്രപഞ്ചത്തിന്റെ മുഴുവൻ നാഥനും ചക്രവർത്തിയുമായ യേശു ഒരു കാലിതൊഴുത്തിൽ ജനിക്കുന്നു. രണ്ട് വ്യത്യസ്ത ചക്രവർത്തിമാരെ സമാന്തരമായി സുവിശേഷത്തിൽ അവതരിപ്പിക്കുകയാണ്. എന്നാൽ, രാഷ്ട്രങ്ങളുടെ അധികാരം കൈയ്യാളുന്ന ലൗകിക ചക്രവർത്തിയുടെ കൊട്ടാരത്തിലല്ല ആത്മീയ ചക്രവർത്തിയായ, സകലത്തിന്റെയും പ്രപഞ്ചത്തിന്റേയും ഉടയവനായ ക്രിസ്തുവിന്റെ ജനനം. യേശു ഈ ലോകത്തിന്റെ രാജാവല്ലെന്നും, അവന്റെ രക്ഷ ആത്മീയരക്ഷയാണെന്നും സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു. യേശുവിന്റെ രക്ഷ യഥാർത്ഥത്തിൽ ഈ ലോകശക്തികളെയും കീഴ്പ്പെടുത്തുന്നതാണ്. ചരിത്രം അത് തെളിയിക്കുന്നു. പുൽക്കൂട്ടിൽ പിറന്നവന്റെ സുവിശേഷം പിൽക്കാലത്ത് സീസറിന്റെ റോമാ സാമ്രാജ്യത്തിൽ പ്രഘോഷിക്കപ്പെടുകയും ആ സാമ്രാജ്യത്തെ ഒരു ആത്മീയ സാമ്രാജ്യമാക്കി മാറ്റുകയും ചെയ്തു. ചരിത്രം അതിന് സാക്ഷ്യം നൽകുന്നു. ശക്തിയുടെയും സമ്പത്തിന്റെയും അടിസ്ഥാനത്തിലല്ല, മറിച്ച് എളിമയുടെയും ത്യാഗത്തിന്റയും അടിസ്ഥാനത്തിലാണ് ജീവിത സാമ്രാജ്യം കെട്ടിപ്പടുക്കേണ്ടതെന്ന് വചനം നമ്മെ പഠിപ്പിക്കുന്നു.
ദൈവം മനുഷ്യനായി ജനിക്കുന്നു
സുവിശേഷത്തിലെ ഏറ്റവും കാതലായ ഭാഗം യേശുവിന്റെ ജനനമാണ്. ദൈവം മനുഷ്യനായി ജനിക്കുമ്പോൾ മനുഷ്യരായ നമുക്ക് ഈ ജനനത്തിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാനുണ്ട്. ദൈവം മനുഷ്യനായത് എല്ലാ മനുഷ്യരിലും നാം ദൈവത്തെ കാണുവാനാണ്. വചനം മാംസമായത് നമ്മുടെ മാംസത്തിന്റെ അഥവാ ശരീരത്തിന്റെ പ്രാധാന്യത്തെ വിളിച്ചോതുന്നു. പൗലോസപ്പസ്തലോൻ പറയുന്നത് നമ്മുടെ ശരീരം പരിശുദ്ധാത്മാവിന്റെ ആലയമെന്നാണ്. പലപ്പോഴും തിന്മ ചിന്തയിൽ തുടങ്ങുമെങ്കിലും അത് പ്രാവർത്തികമാക്കപ്പെടുന്നത് ശരീരത്തിലൂടെയാണ്. മാംസമായ വചനം ശരീരത്തിന് പുതിയ നിർവചനം നൽകി, പരിശുദ്ധമായ ജീവിതത്തിലേയ്ക്ക് നമ്മെ ക്ഷണിക്കുകയാണ്. യേശുവിന്റെ ജനനം നമ്മുടെ ഓരോരുത്തരുടെയും ജനനത്തെക്കുറിച്ച് ചിന്തിക്കുവാനുള്ള ഒരവസരം കൂടിയാണ്. നമ്മുടെ ജീവിതവും ജീവനും തന്നത് ദൈവമാണെന്നും, നമ്മുടെ മാതാപിതാക്കളെയും, നമ്മെ വളർത്തിയവരേയും, നാം കുഞ്ഞായിരുന്നപ്പോൾ നമ്മെ നെഞ്ചിലേറ്റിയ ബന്ധുക്കളെയുമൊക്കെ ഓർക്കുവാനും നന്ദി പറയുവാനും, അവർക്ക് വേണ്ടി പ്രാർത്ഥിക്കുവാനുമുള്ള ഒരവസരം കൂടിയാണ് ഈ ക്രിസ്മസ്.
ആദ്യത്തെ ക്രിസ്മസ് പ്രസംഗത്തിന്റെ ശ്രോതാക്കൾ
ആദ്യത്തെ ക്രിസ്മസ് പ്രസംഗത്തിന്റെ ശ്രോതാക്കൾ ആട്ടിടയന്മാരായിരുന്നു. അവർ കേട്ടവചനം “ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു ഇന്നു ജനിച്ചിരിക്കുന്നു”. ‘ഇന്ന് ജനിച്ചിരിക്കുന്നു’ എന്നു പറയുന്നത് ഇന്ന് ജീവിക്കുന്ന നമ്മളോടാണ്. ഈ ഇടയന്മാർ നമ്മളാണ്. ജീവിത ഭാരത്താൽ തളർന്നുറങ്ങുന്ന അവസ്ഥയിലേയ്ക്ക് എത്തിയവർ, അല്ലെങ്കിൽ അമിതമായ ഉത്കണ്ഠയാൽ രാത്രിയിലും ജീവിതത്തിന് കാവലിരിക്കുന്നവർ. കൊറോണാ മഹാമാരിയുടെ മാറാത്ത ഭീതിയിൽ കഴിയുന്നവർ. ആ നമ്മളോട് രക്ഷയുടെ സുവിശേഷം പ്രഘോഷിക്കപ്പെടുകയാണ്. തുടർന്നുള്ള സുവിശേഷഭാഗം വായിച്ചാൽ നമുക്ക് മനസ്സിലാകും (വി. ലൂക്കാ 2;15-20) സദ്‌വാർത്ത കേട്ടയുടനെ ഇടയന്മാർ ഉദാസീനരായി നമുക്ക് നാളെ രാവിലെ പോയി രക്ഷകനെ കാണാം എന്നല്ല പറയുന്നത്, മറിച്ച് അവർ ഉടനെപോയി രക്ഷകനായ കർത്താവിനെ കാണുന്നു. സദ്‌വാർത്തയോടുള്ള ഇടയന്മാരുടെ പ്രതികരണം നമുക്കും അനുകരണീയമാണ്.
ഈ ക്രിസ്തുമസ് നൽകുന്ന സദ്‌വാർത്ത
ഈ ക്രിസ്മസ് നമ്മെ ഒരു സദ്‌വാർത്തയുമായി തട്ടിവിളിക്കുകയാണ് – ഉദാസീനരാകാതെ യേശുവിനെ കാണാനുവാനുള്ള സദ്‌വാർത്ത. യേശുവിനെ കാണുവാൻ വന്ന ഇടയന്മാർ ഒരു സമ്മാനവും കൊണ്ടു വരുന്നില്ല, അവർ തന്നെയായിരുന്നു അവരുടെ സമ്മാനം. അവരുടെ ചിന്തയും, ആശങ്കയും, ആഗ്രഹങ്ങളുമായി അവർ ഉണ്ണിയേശുവിന്റെ മുൻപിൽ നിൽക്കുകയാണ്. പിന്നീട് അവർ സന്തോഷത്തോടുകൂടി തിരിച്ച് പോകുന്നു. ഈ മഹാദിനത്തിൽ നമുക്കും പുൽക്കൂട്ടിൽ നമ്മുടെ ജീവിതം സമർപ്പിച്ച് രക്ഷകനായ യേശുവിനെ കണ്ട്, അനുഭവിച്ച്, സന്തോഷത്തോടുകൂടി മടങ്ങാം.
ആമേൻ
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില് ഈ സിക്കമിന് വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില് 19 മുതല് 21 വരെ നടന്ന ഐസിപിഎ ജനറല് അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില് നിന്നു കരകയറ്റി പുരോഗതിയുടെ പാതയില് എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില് നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.