മതപരിവര്‍ത്തനം ആരോപിച്ച് കത്തോലിക്ക വൈദികൻ അറസ്റ്റിൽ; ക്രിസ്ത്യാനികൾ ഓണം ആഘോഷിക്കണമോ
മതപരിവര്‍ത്തനം ആരോപിച്ച് കത്തോലിക്ക വൈദികൻ അറസ്റ്റിൽ; ക്രിസ്ത്യാനികൾ ഓണം ആഘോഷിക്കണമോ
ജോസ് മാർട്ടിൻ
ജാര്‍ഖണ്ഡില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ഫാ.അരുണ്‍ വിന്‍സെന്റ്, ഫാ.ബിനോയ് ജോണ്‍ എന്നീ രണ്ടു വൈദികരെയും അല്മായ സുവിശേഷപ്രഘോഷകനെയും ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ആറിനാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഫാ.വിന്‍സെന്റിനെ പോലീസ് വിട്ടയച്ചുവെങ്കിലും തൊടുപുഴ സ്വദേശിയായ ഫാ.ബിനോയ് ജോണും അല്മായ സുവിശേഷപ്രഘോഷകനും ഇപ്പോഴും കസ്റ്റഡിയിലാണ്.
‘മത പരിവർത്തനം നടത്തുന്നു’ എന്ന “കള്ളകേസിൽ കുടുക്കി” ജാര്‍ഖണ്ഡില്‍ തടവിൽ രണ്ടു പേർ പീഡിപ്പിക്കപ്പെടുമ്പോൾ സോഷ്യൽ മീഡിയായിൽ ചില പ്രതികരണങ്ങൾ ഉണ്ടായതൊഴിച്ചാൽ, സഭയുടെ ഭാഗത്തു നിന്നോ സമുദായിക സംഘടനകളുടെ ഭാഗത്തുനിന്നോ കാര്യമായ ഇടപെടലുകൾ ഇതുവരെ ഉണ്ടായിട്ടില്ല, അതിനെവിടെയാ സമയം!!! ഓണവും ഓണആഘോഷങ്ങളുടെ ക്രിസ്തീയ കാഴ്ച്ചപ്പാടുകളുമായി കളം നിറഞ്ഞാടുകയല്ലേ നമ്മുടെ ആത്മീ-മത നേതാക്കൾ.
ഇതിനൊക്കെ സമയം കണ്ടെത്തുന്ന ബഹുമാന്യരോട് ഒരു അപേക്ഷ നിങ്ങളിൽ ഭൂരിഭാഗവും കേരളത്തിൽ വളരെ സുരക്ഷിതമായി ചുറ്റുപാടിൽ, കച്ചവടതാൽപ്പര്യത്തോടെ, ക്രിസ്ത്യാനികളോട് വചനപ്രഘോഷണം നടത്തുന്നവരാണ്. നിങ്ങളിൽ എത്രപേർ വടക്കേ ഇന്ത്യ പോലുള്ള സ്ഥലങ്ങളിൽ പോയി വചനപ്രഘോഷണം നടത്തിയിട്ടുണ്ട്? വേണമെങ്കിൽ പറയാം അത് മിഷണറിമാരുടെ പ്രവർത്തന മേഘലയാണെന്ന്. മാമോദീസയിലൂടെ ക്രിസ്തുവിന്റെ പ്രവാചക-രാജകീയ- പൗരോഹിത്യത്തിൽ അംഗമായ ഏതൊരു വ്യക്തിക്കും സുവിശേഷം പ്രഘോഷിക്കാം. അതിനെ ഒരു വിഭാഗത്തിന്റെ മാത്രം ചുമതലയായി തരംതിരിച്ചു കാണരുത് (സുവിശേഷ പ്രഘോഷണത്തിനുള്ള അവകാശം എല്ലാവർക്കും ഉണ്ട്. Can. 211).
ഇവരാകട്ടെ, ക്രിസ്തുവിനു വേണ്ടി സകലതും ത്യജിച്ച്, ജീവന് യാതൊരു സുരക്ഷയുമില്ലാതെ, അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ സേവനംനടത്തുന്നു. ഇവരുടെ മോചനത്തിന് വേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെടാനോ, തങ്ങളുടെ കഴിവുകൾ ഉപയോഗിച്ച് അവർക്ക് വേണ്ടി ശബ്ദിക്കാനോ മുതിരാതിരുന്നത് വളരെ വിചിത്രം ആയിതോന്നുന്നു.
അതോടൊപ്പം, നിങ്ങൾ “അക്രൈസ്തവീയം” എന്ന് തെറ്റിധരിപ്പിക്കുന്ന ഓണത്തെ കുറിച്ച് കൂടി പറയണം. വിളവെടുപ്പിന്റ ഉത്സവമായി ഓണത്തെ കാണാതെ, അതിന്റെ മിത്തുകൾ എന്തും ആയികൊള്ളട്ടെ അതിന്റെ അടിവേരുകൾ ചികഞ്ഞെടുത്ത്, “ബൈബിൾ വിരുദ്ധം” അല്ലങ്കിൽ ക്രിസ്തീയതക്ക് നിരക്കാത്തത് എന്നൊക്കെ കൊട്ടിഘോഷിച്ച്, വിശ്വാസികളെ തെറ്റിധരിപ്പിക്കുന്ന പ്രവണത തികച്ചും സങ്കുചിതമാണ്. ഓണാഘോഷം നമ്മുടെ വീടുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണ്. അതും വിശ്വാസവുമായി എന്താണ് ബന്ധം എന്ന് മനസിലാവുന്നില്ല.
ഓണദിവസം ഒരു വിശ്വാസിയും അമ്പലത്തിൽ പോകുന്നതായോ, മറ്റു പൂജാ കർമ്മങ്ങളിൽ പങ്കെടുക്കുന്നതായോ കേട്ട് കേൾവി പോലുമില്ല. ഓണത്തിന് സദ്യഒരുക്കി, തൂശനിലയിൽ കുടുംബത്തോടും ബന്ധുക്കളോടും ഒപ്പം ഭക്ഷണം കഴിക്കുന്നതാണോ അക്രൈസ്തവീയം? അതോ യുവജനങ്ങളുടെ “ക്രിയേറ്റിവിറ്റി പ്രോത്സാഹിപ്പിക്കാൻ” പള്ളിക്ക് പുറത്തു അത്തപൂക്കള മത്സരങ്ങൾ നടത്തുന്നതോ? ഓണാഘോഷങ്ങൾ നടത്തുന്നതോ?
ആരാധനാ ക്രമത്തിന്റെ ഭാഗമായി ദേവാലയത്തിനുള്ളിൽ /വിശുദ്ധസ്ഥലങ്ങളിൽ കഴിഞ്ഞ കാലങ്ങളിൽ നമ്മൾ കണ്ടത് പോലെ തിരു വസ്ത്രത്തിന് മുകളിൽ കോടിപുതച്ച്, ചന്ദനകുറിതൊട്ട് ഓണകുർബാന അർപ്പിക്കുന്നതിനോട് അല്ലങ്കിൽ, അൾത്താരയുടെ മുൻപിൽ പൂക്കളം ഇടുന്നതിനോടു ഒരിക്കലും യോജിക്കാൻ കഴിയില്ല. ആരോ ചിലർ ക്രിസ്തീയ പാരമ്പര്യത്തിന് വിരുദ്ധമായി ദേവാലത്തിൽ മ്ലേച്ച പ്രവർത്തികൾ കാണിച്ചാൽ സ്വന്തം വീടുകളിൽ ഓണം ആഘോഷിക്കുന്ന വിശ്വാസികളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നത് ഏതു കാനോൻ നിയമത്തിന്റെ പേരിലാണ്? ഒരാഘോഷം കൊണ്ട് നഷ്ട്ടപ്പെടുന്നതാണോ ക്രിസ്തീയ വിശ്വാസം?
ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ വാക്കുകൾ ശ്രദ്ധിക്കുക: “ക്രിസ്തീയ വിശ്വാസം ഇതിഹാസങ്ങളിലുള്ള വിശ്വാസമല്ല, വിചിത്ര കഥകളിലുള്ള വിശ്വാസമല്ല, ഐതിഹ്യങ്ങളിലുള്ള വിശ്വാസമല്ല; ചരിത്രത്തിലുള്ള വിശ്വാസമാണ്. ചരിത്രത്തില്‍ ജീവിച്ച ക്രിസ്തുവിലുള്ള വിശ്വാസമാണ്”.
അതെ ജീവിച്ച ക്രിസ്തുവിലുള്ള ഉറച്ച വിശ്വാസം.
ആഘോഷങ്ങളും ലിറ്റർജിയുമായി കൂട്ടികുഴക്കാൻ ശ്രമിക്കുന്ന ചിലരുടെ ഉദ്ദേശശുദ്ധിയിൽ സംശയിക്കേണ്ടിയിരിക്കുന്നു. ഇതിന്റെ പ്രത്യാഘാതം എന്താണെന്ന് ഇവർ ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും…