Categories: Sunday Homilies

Baptism of the Lord_Year B_യേശുവിന്റെയും നമ്മുടെയും ജ്ഞാനസ്നാനം

യേശുവിന്റെ ഈ ജ്ഞാനസ്നാനം അവസാനിക്കുന്നത് കാല്‍വരിയിലെ കുരിശിലാണ്...

കർത്താവിന്റെ ജ്ഞാനസ്നാന തിരുനാൾ

ഒന്നാം വായന : ഏശയ്യാ 55:1-11
രണ്ടാംവായന : 1യോഹ. 5:1-9
സുവിശേഷം : വി.മാർക്കോസ് 1.7-11

ദിവ്യബലിക്ക് ആമുഖം

ഈ ഞായറാഴ്ച നമ്മുടെ കര്‍ത്താവിന്റെ ജ്ഞാനസ്നാന തിരുനാളോടുകൂടി തിരുപ്പിറവിക്കാലം അവസാനിക്കുന്നു. അടുത്ത ഞായറാഴ്ച മുതല്‍ ആണ്ടുവട്ടം ആരംഭിക്കുകയാണ്. പുല്‍ക്കൂട്ടില്‍ നാം ദര്‍ശിച്ച ഉണ്ണിയായ യേശു, ജെറുസലേം ദേവാലയത്തില്‍ നാം കണ്ട ബാലനായ യേശു, ഇന്ന് യുവാവായി തന്റെ പരസ്യജീവിതത്തിന്റെ മുന്നോടിയായി സ്നാപക യോഹന്നാനില്‍ നിന്നും സ്നാനം സ്വീകരിക്കുന്നു. യേശുവിന്റെ ജ്ഞാനസ്നാനം ഓർക്കുന്ന ദിനത്തിൽ നമ്മുടെ ജ്ഞാനസ്നാനവും ധ്യാന കേന്ദ്രമാകണം. എന്നാൽ മാത്രമേ ഈ തിരുനാൾ ദിനത്തിന് ആനുകാലികത കൈവരികയുള്ളൂ. അൾത്താരയുടെ മുന്നിലായിരിക്കുമ്പോൾ നാം സ്വീകരിച്ച ജ്ഞാനസ്നാനത്തെയും ഓർക്കാം, ദിവ്യബലിയർപ്പിക്കാനും തിരുവചനം ശ്രവിക്കാനുമായി നമുക്കൊരുങ്ങാം.

ദൈവവചന പ്രഘോഷണ കര്‍മ്മം

യേശുവില്‍ സ്നേഹം നിറഞ്ഞ സഹോദരീ സഹോദരന്മാരെ,

സുവിശേഷത്തിന്റെ ആദ്യഭാഗത്തു തന്നെ ആദിമ ക്രൈസ്തവ സഭയുടെയും നമ്മുടെയും സംശയം സുവിശേഷകന്‍ ദൂരീകരിക്കുകയാണ്. സംശയമിതാണ്, മരുഭൂമിയില്‍ നിന്ന് വന്നവന്‍ ക്രിസ്തുവാണോ? അതോ സ്നാപക യോഹന്നാനാണോ? ഉത്തരമായി അവര്‍ തമ്മിലുളള വ്യത്യാസവും പ്രത്യേകിച്ച് അവരുടെ സ്നാനങ്ങള്‍ തമ്മിലുളള വ്യത്യാസവും എടുത്തു പറയുന്നു. സ്നാപക യോഹന്നാന്‍ പറയുന്നു: ‘ഞാന്‍ ജലം കൊണ്ട് സ്നാനം നല്‍കുന്നു. എന്നാല്‍ അവന്‍ പരിശുദ്ധാത്മാവിനാലും അഗ്നിയാലും നിങ്ങള്‍ക്കു സ്നാനം നല്‍കും’. സുവിശേഷത്തില്‍ നാം വീണ്ടും കാണുന്നത് അവന്‍റെ ചെരുപ്പിന്‍റെ കെട്ടഴിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ലന്ന് പറഞ്ഞ സ്നാപക യോഹന്നാനില്‍ നിന്ന് യേശു അനുതാപത്തിന്‍റെ സ്നാനം സ്വീകരിക്കുന്നതാണ്.

വി. മത്തായിയുടെ സുവിശേഷത്തില്‍ (മത്താ. 3:13-15) സ്നാപക യോഹന്നാന്‍ ‘ഞാന്‍ നിന്നില്‍ നിന്ന് സ്നാനം സ്വീകരിക്കേണ്ടിയിരിക്കെ നീ എന്‍റെ അടുത്തേക്കു വരുന്നുവോ’യെന്ന് പറഞ്ഞുകൊണ്ട് യേശുവിനെ തടയുന്നു. എന്നാല്‍, സര്‍വ്വ നീതിയും പൂര്‍ത്തീകരിക്കാന്‍ വേണ്ടി യേശു സ്നാപകനില്‍ നിന്നും അനുതാപത്തിന്‍റെ സ്നാനം സ്വീകരിക്കുന്നു. എന്താണിതിന് കാരണം? യേശുവിന്‍റെ മനുഷ്യാവതാര രഹസ്യത്തിന്റെ ആഴമേറിയ സത്യം ഇവിടെ വെളിപ്പെടുന്നു. ഈ സ്നാനത്തിലൂടെ ദൈവപുത്രനായ യേശു മനുഷ്യകുലത്തിലേക്കു മടങ്ങുകയാണ്. ത്രീത്വൈക ദൈവത്തിലെ രണ്ടാമന്‍ മനുഷ്യരൂപം സ്വീകരിച്ചു (തിരുപ്പിറവി). ഇന്നിതാ നമ്മളിലൊരുവനായി സ്നാനത്തിനു വിധേയനായി മനുഷ്യകുലത്തോടു താദാത്മ്യം പ്രാപിക്കുന്നു. പാപമില്ലാത്തവന്‍ പാപികളോടു താദാത്മ്യം പ്രാപിക്കാന്‍ പാപമോചനത്തിന്റെ സ്നാനം സ്വീകരിക്കുന്നു.

യേശുവിന്റെ ഈ ജ്ഞാനസ്നാനം അവസാനിക്കുന്നത് കാല്‍വരിയിലെ കുരിശിലാണ്. ഈ സ്നാനത്തിലൂടെ മനുഷ്യകുലത്തോടു പങ്കാളിയായവന്‍, അവന്‍റെ കുരിശ് മരണത്തിലും ഉത്ഥാനത്തിലും നമ്മെയും പങ്കാളികളാക്കുന്നു.

നീ എന്റെ പ്രിയപുത്രന്‍ നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു:

ജ്ഞാനസ്നാന വേളയില്‍ സ്വര്‍ഗ്ഗം തുറന്ന് പിതാവായ ദൈവം യേശുവിനോടു പറഞ്ഞ വാക്കുകള്‍ നീ എന്‍റെ പ്രിയപുത്രന്‍ നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു ശിശുവായിരുന്നപ്പോഴുളള നമ്മുടെ ജ്ഞാനസ്നാനവേളയിലും, പിന്നീടു ഓരോ പ്രാവശ്യം ജ്ഞാനസ്നാന വ്രതനവീകരണം നടത്തുമ്പോഴും തത്തുല്യമായ വാക്കുകള്‍ ദൈവം നമ്മോടും പറയുന്നു. ദൈവം നമ്മോടു സംസാരിച്ച് തുടങ്ങുന്നതും “നീ” എന്ന് വിളിച്ചുകൊണ്ടുതന്നെയാണ്. ഏറ്റവും അടുത്ത, പരസ്പരം അറിയാവുന്ന വ്യക്തികള്‍ വിളിക്കുന്ന വാക്കാണിത്. മറ്റലങ്കാരങ്ങളും സവിശേഷതകളുമില്ലാത്ത വാക്കാണ് “നീ”. അതായത് ദൈവം നമ്മെ വിളിക്കുന്നതും തന്റെ പ്രിയപുത്രനായി അംഗീകരിക്കുന്നതും സ്നേഹിക്കുന്നതും എന്റെ പേരിനെയലങ്കരിക്കുന്ന പദവികളിലൂടെയല്ല, എനിക്കുണ്ടന്ന് കരുതുന്ന സോഷ്യല്‍ സ്റ്റാറ്റസിന്റെയും അടിസ്ഥാനത്തിലല്ല, മറിച്ച് “ഞാനെന്ന വ്യക്തിയെ”യാണ് ദൈവം “നീ” എന്ന് വിളിച്ച് തന്റെ പ്രിയപുത്രനായി/പുത്രിയായി അംഗീകരിക്കുന്നത്.

നമ്മുടെ ജ്ഞാനസ്നാനം:

യേശുവിന്റെ ജ്ഞാനസ്നാനം നമ്മുടെ ഓരോരുത്തരുടെയും ജ്ഞാനസ്നാനത്തെ കുറിച്ച് ധ്യാനിക്കുവാന്‍ ക്ഷണിക്കുന്നു. ഫ്രാന്‍സിസ് പാപ്പാ ജ്ഞാനസ്നാനത്തെ ‘രണ്ടാമത്തെ ജന്മദിന’മെന്ന് വിശേഷിപ്പിച്ചുകൊണ്ട്, ഓരോരുത്തരും തങ്ങളുടെ ജ്ഞാനസ്നാന തീയതി അന്വേഷിച്ച് മനസിലാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തീര്‍ച്ചയായും ഇത് നാമും ചെയ്യേണ്ടതാണ്.

ജ്ഞാനസ്നാനത്തിലൂടെ നമുക്കു ലഭിച്ച ദൈവമക്കളെന്ന സ്ഥാനത്തിന് അനുയോജ്യമായ രീതിയിലാണോ നാം ജീവിക്കുന്നതെന്ന് നമുക്കു പരിശോധിക്കാം. അതോടൊപ്പം കുഞ്ഞുങ്ങളുടെ മാമോദീസയ്ക്കു മുന്‍കൈ എടുത്ത മാതാപിതാക്കളും, കുഞ്ഞുങ്ങളുടെ ആത്മീയ വളര്‍ച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത ജ്ഞാനമാതാപിതാക്കളും (തലതൊട്ടപ്പന്‍, തലതൊട്ടമ്മ) പില്‍ക്കാലത്ത് അവരുടെ ഉത്തരവാദിത്വം എത്രത്തോളം ആത്മാര്‍ത്ഥമായി നിര്‍വ്വഹിച്ചുവെന്ന് വിചിന്തന വിധേയമാക്കേണ്ടതാണ്. ഈ ആത്മപരിശോധന നമുക്കു ശക്തിയും പ്രതീക്ഷയും നല്‍കുന്നു.

ഓർക്കുക, നാം വിളിക്കപ്പെട്ടത് ദൈവം പ്രസാദിയ്ക്കുന്ന പ്രിയമക്കളായിരിക്കാനാണ്. കര്‍ത്താവിന്റെ ജ്ഞാനസ്നാന തിരുനാള്‍ ആചരണം അതിന് നമ്മെ യോഗ്യരാക്കട്ടെ.

ആമേന്‍.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

vox_editor

Recent Posts

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

3 days ago

സ്നേഹത്തിന്റെ കൂട്ടായ്മ (ലൂക്കാ 9: 10-17)

പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…

1 week ago

തീരസംരക്ഷണത്തിന് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് വൈദീകർ ഉപവാസ സമരം നടത്തി

ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…

2 weeks ago

Holy Trinity Sunday_2025_കുടുംബമാണ് ത്രിത്വം (യോഹ 16: 12-15)

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…

2 weeks ago

Pentecost Sunday_പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ (യോഹ 14: 15-16, 23-26)

പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…

4 weeks ago

നാം ലോകത്തോടുള്ള അനുകമ്പയില്‍ വളരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക!

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…

4 weeks ago